കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിന് രണ്ടു മലയാളികൾ അർഹരായി.കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിലെ കമ്മ്യൂണിറ്റി നഴ്സായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് വൺ ആയ സൂസൻ ചാക്കോയുമാണ് ദേശീയതലത്തിൽ ഏറ്റവും മികച്ച നഴ്സുമാർക്കുള്ള അവാർഡ് നേടി മലയാളി നഴ്സുമാരുടെ യശസ്സ് വാനോളം ഉയർത്തിയത്.
ചരിത്രത്തിൽത്തന്നെ ആദ്യമായാണ് ഒരു പ്രൈമറി പാലിയേറ്റീവ് കെയർ നഴ്സിന് ( കമ്മ്യൂണിറ്റി നഴ്സ് ) ഇന്ത്യയിലെ ഏറ്റവും മികച്ച കമ്മ്യൂണിറ്റി നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിക്കുന്നത്.കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിലെ കമ്മ്യൂണിറ്റി നഴ്സായ ഷീലാ റാണിയാണ് ഈ അവാർഡിന് അർഹയായത്.
കോട്ടയം ജില്ലയിൽ അറിയപ്പെടുന്ന വാസ്തു – ജ്യോതിഷപണ്ഡിതനായ വൈക്കത്തുശ്ശേരിയിൽ ജയചന്ദ്രൻ ആണ് ഷീലാറാണിയുടെ ഭർത്താവ്. മക്കൾ അക്ഷയ്, അർച്ചന, ജഗന്നാഥൻ.
പാലിയേറ്റീവ് കെയർ രംഗത്ത് വളരെ മാതൃകപരമായ പ്രവർത്തനമാണ് കോട്ടയം കിടങ്ങൂർ ഗ്രാമപ്പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.ഇതിന് ചുക്കാൻ പിടിക്കുന്നത് ഷീലാറാണിയാണ്.മുൻപും ഈ രംഗത്തെ പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ ഷീലാറാണിയെ തേടിയെത്തിയിട്ടുണ്ട്.
കൊല്ലം ജില്ലാ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിംഗ് ഓഫീസറായ സൂസൻ ചാക്കോയാണ് അംഗീകാരം ലഭിച്ച മറ്റൊരാൾ.ദേശീയതലത്തിൽ ഏറ്റവും മികച്ച നഴ്സിനുള്ള അവാർഡാണ് സൂസൻ നേടിയത്.
അന്താരാഷ്ട്ര നഴ്സസ് ദിനമായ ഇന്ന് (മെയ് 12) ഡൽഹിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ ഇരുവരും ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.