കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങൾ ഒന്നാണ് മലയാളിയുടെ മദ്യപാനശീലം.കള്ളും ചാരായവും വാറ്റുചാരായവും കടന്ന് ഒടുവിൽ വിദേശ മദ്യത്തിൽ എത്തി നിൽക്കുന്നു മലയാളിയുടെ മദ്യശീലം.അതേപോലെ മദ്യനിരോധനവും മദ്യവർജ്ജനവും മദ്യവ്യാപനവും മദ്യാസക്തിയും എന്ന് ചർച്ചയിൽ വന്നാലും പറയുന്ന ഒന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ കുടിയൻമാർ മലയാളികളാണ് എന്നുള്ളത്.പറയുന്നത് മറ്റാരുമല്ല,നമ്മൾ തന്നെയാണെന്നതുമാണ് ഏറെ രസകരം.ആര് ? ഇന്നേവരെ ഒരു തുള്ളി മദ്യം പോലും (പറച്ചിലിൽ) നുണഞ്ഞിറങ്ങാത്ത നമ്മുടെ ഇടയിലുള്ള ആളുകൾ.
തെറ്റാണ്.ആന്ധ്രയും തെലങ്കാനയും അരുണാചൽ പ്രദേശുമൊക്കെയാണ് ഇക്കാര്യത്തിൽ കേരളത്തേക്കാൾ മുന്നിൽ.അയൽ സംസ്ഥാനമായ കർണാടകയോടൊപ്പം ഏഴാം സ്ഥാനത്താണ് കണക്കിൽ കേരളം.ഇനി സംസ്ഥാനങ്ങളുടെ വലിപ്പമാണ് പ്രശ്നമെങ്കിൽ ഗോവയും സിക്കിമും പുതുച്ചേരിയും കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാമൻ ആൻഡ് ദിയു,ദാദ്ര ആൻഡ് നാഗർ ഹാവേലി എല്ലാം കേരളത്തെക്കാൾ മുന്നിലാണ്.കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ സാംപിൾ സർവ്വേ ഓർഗനൈസേഷൻ (NSSO) ഓരോ വർഷവും ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിടാറുണ്ട്.മറ്റ് മിക്ക കാര്യങ്ങളിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം ഇക്കാര്യത്തിൽ ഇതുവരെ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുമില്ല.
കേരളത്തിലെ തൊഴിൽ മേഖലയിലേക്ക് ഉത്തരേന്ത്യൻ തൊഴിലാളികൾ കൂട്ടത്തോടെ വരാൻ തുടങ്ങിയിട്ട് കുറഞ്ഞത് പത്തുവർഷമായിട്ടുണ്ടാവും.ഈ കാലയളവിലാണ് കേരളം ഏഴാം സ്ഥാനത്തേക്ക് ഉയർന്നതും എന്നോർക്കണം.ഇത് സാധൂകരിക്കുന്ന കണക്കുകൾ ലഭ്യമാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കുന്ന ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ചാലക്കുടി, പെരുമ്പാവൂർ, മൂവാറ്റുപുഴ,വർക്കല എന്നീ ഔട്ട്‌ലെറ്റുകളാണ് എന്നും മുന്നിൽ നിൽക്കുന്നത്.ഇതെല്ലാം തന്നെ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്.
മദ്യവും ഭാഗ്യക്കുറിയും കേരളത്തിൽ നിരോധിക്കുമോ?
മദ്യവും ഭാഗ്യക്കുറിയും കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ ഒരിക്കലും നിരോധിക്കാൻ സാധിക്കില്ല.മദ്യം, ഭാഗ്യക്കുറി, മോട്ടോർ വാഹനങ്ങൾ, പെട്രോൾ, ടൂറിസം എന്നീ അഞ്ചിനങ്ങളാണ് കേരളം സമാഹരിക്കുന്ന പൊതുവിഭവത്തിൽ എഴുപത് ശതമാനത്തോളവും സംഭാവന ചെയ്യുന്നത്.ഈ ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഭാഗ്യക്കുറിയും മദ്യവുമാണ്.അതുകൊണ്ട് തന്നെ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മദ്യനിരോധനം ഒരിക്കലും നടപ്പാക്കാൻ പറ്റുന്ന സംഗതിയല്ല.ഉമ്മൻചാണ്ടിയുടെ കാലത്ത് നമ്മൾ ഇത് കണ്ടതാണ്.മതസംഘടനകളുടെയും മറ്റും ഭീക്ഷണിക്ക് മുന്നിൽ വോട്ട് ബാങ്ക് ലക്ഷ്യം വെച്ച്
നിലവിലുള്ള ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും ഒറ്റയടിക്ക് ഉണ്ടായിരുന്ന 740 ബാറുകൾ ഒരു സുപ്രഭാതത്തിൽ അടച്ചുപൂട്ടുകയും ചെയ്തു.യഥാർത്ഥത്തിൽ മദ്യനിരോധനമല്ല യുഡിഎഫിലെ മൂപ്പിളിമ തർക്കമായിരുന്നു ഇതിന് പിന്നിൽ.മദ്യനയം യുഡിഎഫിന്റെ വോട്ട് ബാങ്കിൽ ഒരു ഗുണവും ഉണ്ടാക്കിയതുമില്ല.അതേസമയം കേരളത്തിലെ ടൂറിസം വ്യവസായത്തെ മദ്യനിരോധനം ശരിക്കും ബാധിക്കുകയും ചെയ്തു.ഉമ്മൻചാണ്ടിയുടെ കാലത്ത് പ്ലാനിംഗ് ബോർഡ് നിയമിച്ച കമ്മറ്റിയും പിണറായി സർക്കാരിന്റെ ആദ്യ ടേമിൽ ടൂറിസം വകുപ്പ് നടത്തിയ പഠനത്തിലും ഇത് ശരിവച്ചിട്ടുണ്ട്.
ചാരായ നിരോധനം ഏർപ്പെടുത്തിയ എ കെ ആന്റണിയുടെ കാലത്ത് ഡൽഹിക്ക് പോകാൻ ടിക്കറ്റെടുക്കാൻ പോലും കാശില്ലാതെ സർക്കാർ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു തൽക്കാല ആശ്വാസം കണ്ടെത്തിയതും ഇവിടെ ഓർക്കണം.ജനങ്ങൾ നികുതി -നികുതിയേതര രൂപത്തിൽ സംഭാവന ചെയ്യുന്ന പൊതുവിഭവങ്ങൾ കൊണ്ട് പുലർന്നു പോകുന്ന ഒരു സംസ്ഥാനം മാത്രമാണ് കേരളം.അതിനി ആരും ഭരിച്ചാലും ഇതൊക്കെ തന്നെയാണ് ഇവിടെ നടക്കാൻ പോകുന്നതും. പെട്രോളിന്റെയും ഗ്യാസിന്റെയും വില കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ ഏറിയ ബിജെപിയുടെ കാലത്ത് ഇന്ത്യയിലെ പെട്രോളിന്റെയും ഗ്യാസിന്റെയും വില എത്രയാണ്?!! അതുതന്നെയാണ് ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ഏറ്റവും മികച്ച ഉദാഹരണവും.
ഇതും കൂടി വായിക്കാം
കേരള മദ്യനിരോധന സമിതിയുടെ 44-ാം സംസ്ഥാന സമ്മേളനം ശനിയാഴ്ച(മെയ് 14) കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ ഡോ.എം.പി. അബ്ദുള്‍സമദ് സമദാനി എം.പി.ഉദ്ഘാടനം ചെയ്യും.സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായ കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനത്തില്‍ അന്തിമ രൂപം നല്‍കും.മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രൊഫ.എം.പി. മന്മഥന്‍ സ്മാരക പുരസ്‌കാരം അഡ്വ. ചാര്‍ളി പോളിന് നല്‍കും.സ്വാതന്ത്ര്യ സമര പോരാളിയും ഗാന്ധിയനുമായ തായാട്ട് ബാലനെയും കോഴിക്കോട് സര്‍വകലാശാല ഗാന്ധി ചെയര്‍ വിസിറ്റിംഗ് പ്രൊഫ. ഡോ.ആര്‍സുവിനെയും സ്വാതന്ത്യ സമര സേനാനി സോഷ്യാ വാസുവിനെയും ചടങ്ങിൽ ആദരിക്കും.
സംഘടനാ പ്രസിഡന്റ് സിദ്ദിക് മൗലവി അയിലക്കാട്ട്, വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. ടി.എം. രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഇ.എ. ജോസഫ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം