NEWS

മെയ് 12: അന്താരാഷ്ട്ര നഴ്സസ് ദിനം

 വിളക്കേന്തിയ വനിത-എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി ലോകമെങ്ങും ആചരിക്കുന്നത്.ആതുരസേവനരംഗത്ത് ഇന്ന് ലോകമെങ്ങും മലയാളികളുടെ സാന്നിധ്യമുണ്ട്.അതിനാൽതന്നെ അന്താരാഷ്ട്ര നഴ്സസ് ദിനം കേരളത്തിന്റെ ആതുരശുശ്രൂഷാ മികവിനുള്ള അംഗീകാരം കൂടിയാണെന്നുള്ളത് കൂടുതൽ സന്തോഷം പകരുന്നു.
 കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൻ്റെ മികവ് അന്താരാഷ്ട്ര തലത്തിൽപ്പോലും ചർച്ച ചെയ്യപ്പെടുന്ന ഒരു സമയംകൂടിയാണല്ലോ ഇത്.ആരോഗ്യസംവിധാനം എന്നു പറയുമ്പോൾ തന്നെ അതിൽ ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.ആരോഗ്യ മന്ത്രാലയം,ആരോഗ്യ മന്ത്രി,സെക്രട്ടറി,ജില്ലാ മെഡിക്കൽ ഓഫീസർമാർ,ഡോക്ടർമാർ, നഴ്സുമാർ,പാരാമെഡിക്കൽ ജീവനക്കാർ.. അങ്ങനെ തുടങ്ങി ഹൗസ്കീപ്പർമാരും ആംബുലൻസ് ഡ്രൈവറുമാരും വരെ ഇതിൽ ഉൾപ്പെടും.
എങ്കിലും ഇവിടെ എടുത്തു പറയേണ്ട ഒരു കൂട്ടർ നഴ്സുമാർ തന്നെയാണ്.ഡോക്ടർമാരൊടൊപ്പം നഴ്സുമാരുടെ സേവനവും ആശുപത്രികൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. പലപ്പോഴും അവരുടെ ഡ്യൂട്ടിക്ക് സമയപരിധിയും ഉണ്ടാകാറില്ല.എന്നിട്ടും ഡോക്ടർമാർക്ക് കൊടുക്കുന്ന ബഹുമാനമോ ആദരവോ ഒന്നും നാമിവിടെ നഴ്സുമാർക്ക് കൊടുക്കാറില്ല.അല്ലെങ്കിൽ അവരെ ഒരു രണ്ടാംകിട പൗരന്മാരായി മാത്രം  കണ്ടുവരുന്നു.രോഗം പകരാനും പടരാനുമുള്ള സാഹചര്യങ്ങൾ തീർത്തും ഇല്ലാതാക്കുന്നതിൽ ഒരു ഡോക്ടറോളം പങ്ക് നഴ്സിനുണ്ടെന്ന കാര്യവും നാമിവിടെ വിസ്മരിക്കുന്നു.ഒരു രോഗിയെ സുഖപ്പെടുത്തി വീട്ടിലേക്ക് അയക്കുന്നതിൽ ഡോക്ടറെക്കാൾ പങ്കുള്ളതും ഒരു കണക്കിന് നഴ്സിനുതന്നെയാണ്.എന്നിട്ടും ആ നഴ്സുമാരെ തല്ലിച്ചതച്ച,ഏതെല്ലാം രീതിയിൽ ഉപദ്രവിക്കാൻ പറ്റുമോ ആ രീതികളിലെല്ലാം ഉപദ്രവിച്ച ഒരു പാരമ്പര്യമാണ് നമുക്കുള്ളതും.സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ശമ്പള പരിഷ്കരണം നടപ്പിലാക്കുവാൻ ഗവൺമെന്റ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ വിവിധ നഴ്സിംഗ് സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സമരം നടന്നപ്പോഴായിരുന്നു അത്.
ന്യായമായ ആവശ്യത്തിനു വേണ്ടി സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന നഴ്സുമാരെ ചേർത്തല കെവിഎം ആശുപത്രിക്ക് മുന്നിലെ സമരപ്പന്തലിൽ കയറിയാണ് അന്ന് പൊലീസ് തല്ലിച്ചതച്ചത്.സമരം നടത്തിയ നഴ്സുമാരെ പിരിച്ചുവിട്ടുകൊണ്ടുള്ള പകപോക്കലും കേരളത്തിൽ പലയിടത്തും നടന്നു.നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച സർക്കാർ വിജ്ഞാപനത്തിനെതിരെ സ്റ്റേ വാങ്ങിയ ഹീനകരമായ നടപടി പോലും അന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ ഭാഗത്തുനിന്നും ഉണ്ടായി.കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഉണ്ടായി.ചേർത്തല എസ്‌.എച്ച്‌ നഴ്‌സിംഗ് കോളേജിലായിരുന്നു അത്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനെക്കുറിച്ച്‌ അധിക്ഷേപ പ്രസംഗം നടത്തിയത് ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റർ ദുര്‍ഗാദാസ് ശിശുപാലനായിരുന്നു.ഇതും കഴിഞ്ഞ ദിവസമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ വിവാദ പ്രസ്താവന.
 ലോകരാജ്യങ്ങൾക്കു മുന്നിൽ കേരളത്തിനൊരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത് ഇവിടുത്തെ നഴ്സുമാരാണ്.ഒരുകണക്കിന് രാജ്യത്തിന്റെ തന്നെ അംബാസഡർമാരായിരുന്നു അവർ.കേരളത്തിന്റെ ദുർബലമായ സമ്പത്ത് വ്യവസ്ഥയെ പലപ്പോഴും താങ്ങിനിർത്തിയതും ഇവർ വിദേശത്തുനിന്ന് അയക്കുന്ന പണമായിരുന്നു.ഇവരായിരുന്നു തങ്ങളുടെ തൊഴിലിനോടുള്ള ആത്മാർത്ഥതയും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യക്ക് വിദേശരാജ്യങ്ങളിൽ ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തുകൊണ്ടിരുന്ന മാനവവിഭവശേഷിയും ഇതുതന്നെയായിരുന്നു.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഏതെല്ലാം തരത്തിലുള്ള വിപത്തുകൾ കേരളത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്.അല്ലെങ്കിൽ പകർച്ചവ്യാധികൾ..! അന്നെല്ലാം ഒരു ഭയവുമില്ലാതെ, അല്ലെങ്കിൽ തങ്ങളുടെ
ഡ്യൂട്ടിയുടെ ഭാഗമായി രാവും പകലുമെന്നില്ലാതെ രോഗികൾക്ക് കാവൽ ഇരുന്നവരും മറ്റാരുമായിരുന്നില്ല,ഇതേ നഴ്സുമാർ തന്നെയായിരുന്നു.
ഇങ്ങനെ അന്യരുടെ ജീവന് കാവലാളാകുന്നതിനിടയിൽ സ്വന്തം ജീവൻ ഹോമിക്കേണ്ടി വന്ന എത്രയെത്ര നഴ്സുമാർ നമ്മുടെ ഇടയിൽ തന്നെയുണ്ട്..
നിപ രോഗികളെ പരിചരിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ഹോമിക്കേണ്ടി വന്ന കോഴിക്കോട്ടുകാരിയായ സിസ്റ്റർ ലിനി…
2011-ൽ കൊൽക്കത്തയിലെ എഎംആർഐ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച അവിടുത്തെ തന്നെ നഴ്സുമാരായിരുന്ന കോട്ടയം ഉഴവൂർ സ്വദേശിനി രമ്യ, കോട്ടയം കോതനല്ലൂർ സ്വദേശിനി വിനീത..
 തങ്ങളുടെ വാർഡിൽ അഡ്മിറ്റായിരുന്ന ആ ഒമ്പതു രോഗികളെയും ആളിപ്പടരുന്ന അഗ്നിനാളങ്ങൾക്കിടയിൽ നിന്ന് സുരക്ഷിതമായി ഷിഫ്റ്റ് ചെയ്തതിനുശേഷമാണ് ഇരുവരും മരണത്തിന് കീഴടങ്ങുന്നതെന്ന് ഓർക്കണം..ഇങ്ങനെ എത്രയെത്ര പേർ വേറെ!
 മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയയിൽ ഡോക്ടർമാർക്കൊപ്പം അചഞ്ചലശ്രദ്ധയോടെ നിൽക്കുന്നവരാണ് നഴ്സുമാർ.അതുപോലെ രാപകൽ ഭേദമില്ലാതെയും സമയക്രമം തെറ്റാതെയും മരുന്നും ശുശ്രൂഷയും നൽകി,കൃത്യനിർവഹണവ്യഗ്രതയാൽ പലപ്പോഴും ഉണ്ണാതെയും ഉറങ്ങാതെയും രോഗികൾക്ക് കാവലിരിക്കുന്നവരും.ഇതിൽ പലരും ഇന്നും വളരെ തുച്ഛമായ ശമ്പളത്തിലാണ് ജോലിയെടുക്കുന്നത്.അതും പത്തും പന്ത്രണ്ടും മണിക്കൂർ നീളുന്ന സേവനത്തിനു ശേഷവും!
പിറന്നു വീഴുമ്പോഴും…..
പിടഞ്ഞു വീഴുമ്പോഴും..
പിടിച്ചുയർന്നഴുന്നെൽപ്പിച്ച്
പ്രകാശമേകുന്ന വെളുത്ത
മെഴുകുതിരികളാണ് നഴ്സുമാർ ..
മറക്കരുത്,അവർ ഭൂമിയിലെ മാലാഖമാർ തന്നെയാണ് ..
അല്ല,കേരളത്തിന്റെ സ്വന്തം കാവൽമാലാഖമാർ !!

Back to top button
error: