NEWS

തൃക്കാക്കര സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ വീണ്ടും അടി

തൃക്കാക്കര: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ടും തൃക്കാക്കര സീറ്റിനെ ചൊല്ലിയുള്ള അടി നിർത്താതെ കോൺഗ്രസ്സ്.പ്രധാനമായും ഡൊമിനിക് പ്രസന്റേഷനും കെ വി തോമസുമാണ് വിമർശനങ്ങളുമായി രംഗത്തുള്ളത്.
എന്നാല്‍ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയമുറപ്പിച്ചെന്നാണ് കെ മുരളീധരന്‍ എംപി പറയുന്നത്. പി ടിയുടെ പേരില്‍ സഹതാപതരംഗം കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ഉമ 20,000 വോട്ടുകള്‍ക്ക് ജയിക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. പി ടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പണ്ട് ഹൈക്കമാന്‍ഡിന് കത്തയച്ചവരാണ് ഇപ്പോള്‍ ഉമയ്ക്കെതിരെ നിലപാടെടുക്കുന്നതെന്നും ഇവരെ ആര് വകവയ്ക്കുന്നു എന്നും മുരളീധരന്‍  ചോദിക്കുന്നു.
അതേസമയം പാർട്ടിയിൽ അർഹതയുള്ളത് മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും അർഹത ഇല്ലാത്തത് ചോദിച്ചിട്ടില്ലെന്നും കെ വി. തോമസ് പറഞ്ഞു.തൃക്കാക്കരയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതാണ്. ഏഴ്പ്രവാശ്യം ജയിച്ചത് തെറ്റാണോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ 77, 78 വയസുള്ളവർക്ക് വരെ സീറ്റ് കൊടുത്തു.തനിക്കെതിരെ ഭീഷണിയുടെ സ്വരം ഉയർത്തിയവർ സുഹൃത്തുക്കളാണ്. ഞാൻ ജനിച്ചത് കോൺഗ്രസ് കുടുംബത്തിലാണ്. വളർന്നത് കോൺഗ്രസ് ഗ്രാമത്തിലും.കോൺഗ്രസുകാരനായിരിക്കാൻ മെമ്പർഷിപ്പിന്റെ ആവശ്യമില്ലെന്നും കെ വി തോമസ് പറഞ്ഞു.
സാമൂഹിക സാഹചര്യം പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലം ഉണ്ടാകുമെന്നായിരുന്നു ഡൊമിനിക് പ്രസന്‍റേഷന്റെ മുന്നറിയിപ്പ്.
സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കേണ്ടത്. ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി വരണം.നൂലിൽ കെട്ടി ഇറക്കിയ സ്ഥാനാർഥി വിജയിക്കില്ല.സാമൂഹിക സാഹചര്യം പരിഗണിച്ചായിരിക്കണം എപ്പോഴും സ്ഥാനാർഥി നിർണയമെന്നും ഡൊമനിക് പറഞ്ഞു.

Back to top button
error: