സൗദിയില്‍ പ്രധാനപ്പെട്ട പല തസ്തികകളിലുമുള്ള സ്വദേശിവത്ക്കരണം ഞായറാഴ്ച പ്രാബല്യത്തില്‍ വരും. സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള ജോലികളും ഇവയില്‍പ്പെടും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളുടെ ജോലി ഇതോടെ ഭീഷണിയിലാണ്.സെക്രട്ടറി, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ എന്നീ മേഖലകളിലാണ് ഞായറാഴ്ച മുതല്‍ നൂറുശതമാനം സൗദിവത്ക്കരണം നടക്കുന്നത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. ആറുമാസത്തെ സാവകാശം നല്‍കിയ ശേഷമാണ ഈ മേഖലകളില്‍ സൗദിവത്ക്കരണത്തിനൊരുങ്ങുന്നത്. ഇതുവഴി 20,000ത്തോളം സൗദി യുവതി, യുവാക്കള്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
ട്രാന്‍സ്‌ലേറ്റര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 5000 റിയാല്‍ ശമ്പളം നല്‍കണമെന്നും നിര്‍ദേശമുണ്ട്. പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ശമ്പള സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. ആയിരക്കണക്കിന് മലയാളികള്‍ സൗദിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ ഇവരുടെ ജോലി നഷ്ടപ്പെടുകയോ ജോലിയില്‍ മാറ്റമുണ്ടാകുകയോ ചെയ്യും.