തിരുവനന്തപുരം: പണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ പ്രതികാര നടപടിയിലേക്ക് നീങ്ങുമെന്ന സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു. പത്താം തീയതി ശമ്പളം നൽകാമെന്ന ഉറപ്പ് അംഗീകരിക്കാതെ സമരം നടത്തിയതുകൊണ്ട്, ശമ്പളം അന്നുതന്നെ നൽകണമോയെന്ന് മാനേജ്‌മെന്റ് തീരുമാനിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു.
സർക്കാർ സഹായമായി 30 കോടി രൂപ നൽകിയശേഷം മാനേജ്‌മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് ചോദിച്ചത്. 24 മണിക്കൂർ പണിമുടക്ക് എന്ന പേരിൽ നടത്തിയ പ്രതിഷേധത്തിൽ കെഎസ്ആർടിസിക്ക് മൂന്നു ദിവസത്തെ നഷ്ടം ഉണ്ടായി. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നൽകാനായിരുന്നു തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ, ശമ്പളം ലഭിച്ചില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഇടത് അനുകൂല സംഘടനയായ എഐടിയുസിയുടെ തീരുമാനം. മേയ് അഞ്ചിന് ശമ്പളം നൽകുമെന്ന വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെയാണ് പണിമുടക്ക് നടത്തിയത്. ഇങ്ങനെ ആര് പണിമുടക്ക് നടത്തിയാലും അവരോട് സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.
അതേസമയം, യാഥാർഥ്യം മനസിലാക്കി സിഐടിയു സമരത്തിൽനിന്ന് പിന്മാറിയെന്നു മന്ത്രി പറഞ്ഞത് എഐടിയുസി തള്ളി. 24 മണിക്കൂർ പണിമുടക്ക് അവസാനിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാലും പത്താം തീയതിക്കുള്ളിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് എഐടിയുസി അറിയിച്ചു.