കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത.ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി.
ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിര്‍ദ്ദേശിച്ചു എന്നത് കൊണ്ട് അതിരൂപതയുടെ പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആര്‍ക്ക് വോട്ട് എന്നതില്‍ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവര്‍ക്ക് മാത്രം പിന്തുണയെന്നും ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ പറഞ്ഞു.
സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയില്‍ ജോ ജോസഫിലെത്തിയത്. എന്നാല്‍ ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളില്‍, വിശിഷ്യ കത്തോലിക്ക വോട്ടര്‍മാരില്‍ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണര്‍ത്താനാകുമെന്നാണ് സിപിഎം കരുതുന്നത്.ഇതിനെ ഞങ്ങൾ അനുകൂലിക്കില്ല.-ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ വ്യക്തമാക്കി.
അതേസമയം തൃക്കാക്കരയിലെ സി.പി.എം സ്ഥാനാര്‍ഥിനിര്‍ണയം ജനങ്ങളെ ആ പാര്‍ട്ടി എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരൻ പറഞ്ഞു.നിയമസഭയില്‍ നൂറ് തികക്കാന്‍ മത്സരിക്കുന്നവര്‍ക്ക് ഒരാളെ മത്സരത്തിനിറക്കാന്‍ പ്രയാസം നേരിടുന്നത് എന്തുകൊണ്ടാണ്. ജനരോഷം ഭയന്നാണോ പലതരം വഴികള്‍ തേടിയത്. മതേതരത്വം പറയുന്ന പാര്‍ട്ടി ഇങ്ങനെയൊരു സ്ഥാനാര്‍ഥിയെ കൊണ്ടുവരുമ്ബോള്‍ എങ്ങനെയാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചും പുരോഹിതനെ അടുത്തിരുത്തിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനം കൂടിയാണ്.എല്‍.ഡി.എഫ് വോട്ട് തേടുന്നത് കെ-റെയില്‍ ട്രെയിനിന്റെ ചിത്രം കാണിച്ചാണെന്നുംഅദ്ദേഹം പറഞ്ഞു.