ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാക്കി ഇന്ത്യ. ബാരലിന് 70 ഡോളര്‍ നിരക്കില്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല.
റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന് ശേഷം ഇന്ത്യയിലെ പൊതുമേഖല, സ്വകാര്യമേഖല കമ്പനികള്‍ 40 മില്യണ്‍ ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും വാങ്ങിയത്. 2021ല്‍ ഇന്ത്യ വാങ്ങിയ ആകെ എണ്ണയേക്കാളും 20 ശതമാനം അധികമാണിത്.
രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. യുക്രെയ്ന് അധിനിവേശത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് കുറഞ്ഞ വിലക്ക് എണ്ണ ലഭ്യമായി തുടങ്ങിയത്. നിലവില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് വിലക്കില്ലെങ്കിലും ഇടപാടിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ്.