KeralaNEWS

‘എനിക്ക് ഈ ജീവിതം മടുത്തു ഞാന്‍ പോകുകയാണ്…’ കത്തെഴുതി വച്ചിട്ട് സഭാ വസ്ത്രവും കത്തിച്ച് കളഞ്ഞ് കാമുകനൊപ്പം കന്യാസ്ത്രീ നാടുവിട്ടു. കണ്ണൂരിൽ നിന്നും മുങ്ങിയ കന്യാസ്ത്രീയും കാമുകനും കൊല്ലം കുണ്ടറയിൽ പൊലീസ് വലയിൽ കുടുങ്ങി

കൊല്ലം: സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം കാമുകനൊപ്പം കന്യാസ്ത്രീ നാടുവിട്ടു. കണ്ണൂർ തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായ കന്യാസ്ത്രീയാണ് തിരുവസ്ത്രം ഉപേക്ഷിച്ച്‌ കൊല്ലം സ്വദേശി തോമസിനൊപ്പം നാടു വിട്ടത്. കൂടെ താമസിക്കുന്ന ആറു കന്യാസ്ത്രീകളുടെ കണ്ണുവെട്ടിച്ചാണ് കോണ്‍വെന്റില്‍ നിന്നും കഴിഞ്ഞ ദിവസം കഥാനായിക കാമുകൻ തോമസിനൊപ്പം മുങ്ങിയത്.

മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം പ്രാർത്ഥനയ്ക്ക് പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ ഒറ്റക്ക് തിരികെ കോണ്‍വെന്റിലെത്തി. പിന്നീടാണ് ഒളിച്ചോടിയത്. കന്യാസ്ത്രീയെ കാണാതായതോടെ മറ്റുള്ളവർ മുറിയിൽ തെരച്ചിൽ നടത്തി. അപ്പോഴാണ്, ‘എനിക്ക് ഈ ജീവിതം മടുത്തു. ഞാന്‍ പോകുകയാണ്’ എന്ന കത്ത് ലഭിച്ചത്. മാത്രമല്ല  കോണ്‍വെന്റിനുള്ളില്‍ നടത്തിയ പരിശോധനയിൽ കന്യാസ്ത്രീ ധരിച്ചിരുന്ന തിരുവസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞതായും കണ്ടെത്തി. വര്‍ഷങ്ങളായി തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായിരുന്ന കന്യാസ്ത്രീ അദ്ധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു.

ഇതിനിടയില്‍ സ്വന്തം സഹോദരനും മദര്‍ സുപ്പീരിയറിനും ‘ഇനി അന്വേഷിക്കേണ്ട, പോകുകയാണ്’ എന്ന സന്ദേശവും അയച്ചിരുന്നു. പരിഭ്രാന്തരായ ബന്ധുക്കളും മഠം അധികൃതരും കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ കന്യാസ്ത്രീ സ്ഥിരമായി വിളിച്ചിരുന്ന ഒരു മൊബൈല്‍ ഫോണ്‍ നമ്പർ കണ്ടെത്തി. കോണ്‍വെന്റില്‍ ഫോണ്‍ സംഭാഷണം അനുവദനീയമല്ലാത്ത രാത്രി 10 മണിക്ക് ശേഷം ഇതേ നമ്പരിലേയ്ക്ക് മണിക്കൂറുകളോളം വിളിച്ച്‌ സംസാരിച്ചിരുന്നതായി വ്യക്തമായി.

തുടര്‍ന്ന് കോണ്‍വെന്റിലെ മറ്റ് കന്യാ സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. സ്ഥിരമായി ഫോണ്‍ വിളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അമ്മയോട് സംസാരിക്കുകയാണെന്നാണ് പറഞ്ഞിരുന്നതെന്നും അവർ മൊഴി നൽകി.

ഈ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ കൊല്ലം കുണ്ടറ സ്വദേശി തോമസിനൊപ്പമാണ് കന്യാസ്ത്രീ മുങ്ങിതെന്ന് വ്യക്തമായി. കണ്ണൂര്‍ പൊലീസ് കുണ്ടറ പൊലീസുമായി ബന്ധപ്പെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇപ്പോൾ കണ്ണൂരിലേക്ക് ഇന്ന് എത്തിച്ചു കൊണ്ടിരിക്കുകയുമാണ്. നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കന്യാസ്ത്രീയ്ക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം പോകാമെന്ന് പൊലീസ് പറഞ്ഞു.

നാലുവര്‍ഷം മുന്‍പ് ഇവരുടെ പിതാവ് സുഖമില്ലാതെ കിടന്നപ്പോള്‍ പരിചരിക്കാനായെത്തിയ മെയില്‍ നഴ്സാണ് തോമസ്. അയാളുമായി പ്രണയത്തിലായ ഇവര്‍ പിന്നീട് ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തിരുവസ്ത്രം ഊരി കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തിരു വസ്ത്രം ഊരല്‍ അത്ര എളുപ്പമല്ല എന്നു മനസിലായി. അതിന്റെ പേരില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്നും ബോധ്യമായതോടെയാണ് കോണ്‍വെന്റില്‍ നിന്നും ഒളിച്ചോടിയത്.

Back to top button
error: