NEWS

മലയാള സിനിമയിലെ മധ്യപ്രദേശുകാരൻ

നായകന്മാരെപോലെ തന്നെ പ്രേക്ഷകരെ അതിശയിപ്പിച്ച പ്രകടനം കാഴ്ചവെച്ച വില്ലന്മാരുമുണ്ട്. ശക്തനായ ഒരു വില്ലന്‍ എതിരെ നില്‍ക്കുമ്പോഴാണ് ഏതൊരു നായകനും കൂടുതല്‍ കരുത്തനാകുന്നത്.മലയാള സിനിമയിലും അത്തരത്തില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്.വിയറ്റ്നാം കോളനിയിലെ റാവുത്തറെപ്പോലെ നായക കഥാപാത്രങ്ങളോടൊപ്പം തന്നെ വില്ലന്‍ കഥാപാത്രങ്ങളേയും പ്രേക്ഷകർ ഓര്‍ത്തിരിക്കുകയും ചെയ്യുന്നു. നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളായി പ്രേക്ഷകരെ ഭയത്തിലാഴ്ത്തിയ ഒരു മധ്യപ്രദേശുകാരനുണ്ട്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം നാടുവിട്ട് സിനിമയില്‍ അഭിനയിക്കുവാന്‍ മുംബൈയിലേക്ക് പുറപ്പെട്ട ഒരാള്‍.തന്റെ കരുത്തുറ്റ ശരീരവും ആരെയും ഭയപ്പെടുത്തുന്ന മുഖഭാവവും കൊണ്ട് കരിയറിന്റെ തുടക്കത്തില്‍ തന്നെ ധാരാളം വില്ലന്‍ വേഷങ്ങള്‍ ലഭിച്ച ഒരാൾ.
സിനിമ കമ്പം മൂത്ത് മധ്യപ്രദേശില്‍ നിന്ന് മുംബൈയിലെത്തിയ ആ നടന്റെ പേര് ശരത് സക്‌സേന എന്നാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കിലുക്കം സിനിമയിലെ സമര്‍ഖാനായും തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ മല്ലിക്കെട്ടായുമൊക്കെ പ്രേക്ഷകരെ ഭയപ്പെടുത്തിയ നടന്‍. ബേനാം എന്ന അമിതാഭ്ബച്ചന്‍ സിനിമയില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു ശരത് സക്‌സേനയുടെ തുടക്കം. ആയിരത്തിതൊള്ളായിരത്തി എഴുപത്തിനാലില്‍ ആയിരുന്നു അത്. ജാനേമന്‍, ഏജന്റ് വിനോദ്, കാല പത്തര്‍, ശക്തി, പുകാര്‍ തുടങ്ങി നിരവധി സിനിമകളില്‍ പിന്നീട് നടന്‍ അഭിനയിച്ചു.ആസ്മാന്‍ സിനിമയിലെ മേജര്‍ കഥാപാത്രമാണ് നടന് ആദ്യമായി പ്രേക്ഷക ശ്രദ്ധ നേടികൊടുക്കുന്നത്. ബോക്‌സര്‍, മാ കസം തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ശരത് സക്‌സേന എന്ന നടനെ കൂടുതല്‍ ജനപ്രിയനാക്കി.
ജെ വില്യംസ് സംവിധാനം ചെയ്ത ജീവന്റെ ജീവന്‍ എന്ന സിനിമയിലൂടെയാണ് നടന്‍ മലയാളത്തിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമയില്‍ ബോക്‌സര്‍ കഥാപാത്രമായിട്ടാണ് ശരത് സക്‌സേന അഭിനയിച്ചത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ സിനിമയിലെ ശക്തനായ വില്ലന്‍ കഥാപാത്രത്തിലൂടെ നടന്‍ വീണ്ടും മലയാളത്തിലെത്തി. മോഹന്‍ലാല്‍ തന്നെയായിരുന്നു അതിലും നായകന്‍. മുംബൈയിലെ അണ്ടര്‍വേള്‍ഡ് ഡോണ്‍ മജീദ് ഖാന്‍ എന്ന കഥാപാത്രത്തെയാണ് ശരത് സക്‌സേന അവതരിപ്പിച്ചത്. ഇതേ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രമായ കിലുക്കത്തിലും വില്ലന്‍ വേഷത്തിലെത്തിയത് ശരത് സക്‌സേന തന്നെയായിരുന്നു. ഒരു പക്ഷെ മലയാളികള്‍ എല്ലാക്കാലവും ഓര്‍ത്തിരിക്കുന്ന ഒരു വില്ലന്‍ കഥാപാത്രമായി അത് മാറുകയും ചെയ്തു.
തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ മല്ലിക്കെട്ട് എന്ന വില്ലന്‍ കഥാപാത്രവും ശരത് സക്‌സേന മനോഹരമാക്കി. തക്ഷശില സിനിമയിലെ ചൗധരി, നിര്‍ണ്ണയം സിനിമയിലെ ഒറ്റകൈയനായ വില്ലന്‍ ഇഫ്തി തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സിഐഡി മൂസ എന്ന സിനിമയിലും നടന്‍ അഭിനയിച്ചു. വില്ലന്‍ കഥാപാത്രമായ ഖാലിദ് മുഹമ്മദ് ബാബയായിട്ടാണ് നടന്‍ തിളങ്ങിയത്. കിലുക്കത്തിന്റെ തുടര്‍ച്ചയായി എത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയില്‍ സമര്‍ഖാനായി വീണ്ടും നടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ശൃംഗാരവേലന്‍ എന്ന സിനിമയിലും നടന്‍ അഭിനയിച്ചു. എഴുപത്തിയൊന്ന് വയസ്സുകാരനായ ശരത് സക്‌സേന ഇപ്പോഴും സിനിമയില്‍ സജീവമാണ്.

Back to top button
error: