കാസര്‍കോട് : ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയില്‍ ആവുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍.
പത്തു വര്‍ഷം തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐ. പി. സി 272 – (ഭക്ഷണത്തില്‍ ബോധപൂര്‍വം മായം കലര്‍ത്തല്‍), 308 ( കുറ്റകരമായ നരഹത്യ ശ്രമം ), 304 ( കുറ്റകരമായ നരഹത്യ ) എന്നീ വകുപ്പുകളാണ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
അതേസമയം പരിയാരം മെഡിക്കല്‍ കോളേജില്‍ ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമാക്കിയത്.അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാവുകയുള്ളൂ.