ന്യൂയോർക്ക്: കഴിഞ്ഞ വർഷമായിരുന്നു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിപ്പിച്ചത്. വാഷിങ്ടൺ കിങ് കൗണ്ടിയിലെ ജഡ്ജി അവസാന വിധി പ്രഖ്യാപിക്കുകയും, കരാർ പ്രകാരം ഇരുവരും സ്വത്തുക്കൾ പങ്കുവയ്ക്കാനും തീരുമാനിച്ചായിരുന്നു പിരിയൽ. എന്നാൽ ഇപ്പോഴിതാ മെലിൻഡ ഗേറ്റ്‌സിനെ തന്നെ വീണ്ടും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിൽ ഗേറ്റ്സ്.
നാടകായീയമായിരുന്നു കഴിഞ്ഞ വർഷങ്ങളെന്നും, മക്കൾ വളർന്ന് വീട് വിടുന്നതോടെ എല്ലാ വിവാഹബന്ധവും വലിയ പരിവർത്തനത്തിന് വഴിമാറുമെന്നും അദ്ദേഹം സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെലിൻഡയെ പുനർവിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന്, എനിക്കങ്ങനെ ഒരു ചിന്ത ഇതുവരെയുമില്ല. എങ്കിലും അവസരമുണ്ടായാൽ അവരെ തന്നെയാകും വിവാഹം ചെയ്യാൻ തയ്യാറാവുക, മറ്റാരേയും ഞാൻ വിവാഹം ചെയ്യില്ല. ‘ഞാൻ മെലിൻഡയെ വീണ്ടും വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്റെ ഭാവിയെ കുറിച്ച് എനിക്ക് പദ്ധതികളൊന്നുമില്ല, പക്ഷേ ഞാൻ വിവാഹം മുന്നിൽ കാണുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.
വേർപിരിയലുമായി ചേർന്നു വരികയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുൻ ഭാര്യയുമായി ഇപ്പോഴും ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും, വളരെ പ്രധാനപ്പെട്ടതും സങ്കീർണ്ണവും അടുപ്പമേറിയതുമായ ബന്ധമാണ് മെലിൻഡയുമായി തനിക്കുണ്ടായിരുന്നതെന്നും കൂട്ടിച്ചേർത്തു. വിവാഹം വളരെ സങ്കീർണമാ കാര്യമാണ്. എങ്ങനെ വിവാഹ മോചനമുണ്ടായി എന്ന് ചോദിച്ചാൽ കൃത്യമായ ഒരുത്തരം പറയാൻ കഴിഞ്ഞേക്കില്ല. വേർപിരിയലിന്റെ വേദനയിൽ നിന്ന് മുക്തമായി വരികയാണ് ഇരുവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ചാരിറ്റിയായ പ്രസ്ഥാനമായ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ കോ-ചെയർ കൂടിയാണ് മെലിൻഡ. മെയ് മാസത്തിലാണ് വിവാഹമോചനം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. 2021 മെയ് തുടക്കത്തിൽ ബിൽ ഗേറ്റ്സ് മൂന്ന് ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരി വിഹിതം മെലിൻഡയ്ക്ക് കൈമാറിയിരുന്നു. മൂന്ന് മക്കളിൽ ഏറ്റവും ഇളയവൾക്ക് 18 വയസ്സ് തികഞ്ഞതിന് പിന്നാലെയാണ് ഇരുവരും വിവാഹ മോചന തീരുമാനം വെളിപ്പെടുത്തിയത്. വേർപിരിയുമെങ്കിലും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് മാറ്റിവയ്ക്കപ്പെടുന്നത്.