ഇന്നത്തെ നിലയിൽ കെഎസ്ആർടിസിക്ക് രക്ഷപ്പെടാൻ ഒറ്റവഴിയേയുള്ളൂ.ലോട്ടറി തുടങ്ങുക.കേട്ടിട്ട് ചിരിക്കാൻ വരട്ടെ.
കർണ്ണാടകയിലെ ബാംഗ്ലൂർ നഗരത്തിലെ BTS (Bangalore Transport Service – ഇന്നത്തെ BMTC) 1970-80 കാലങ്ങളിൽ ഒരു ലോട്ടറി നടത്തിയിരുന്നു.ഒരോ ദിവസവും ഒരു ബസ്സ് ടിക്കറ്റ് നമ്പറിനായിരുന്നു സമ്മാനം.സമ്മാനം അടിച്ച വ്യക്തി ടിക്കറ്റുമായി BTS ആപ്പീസിൽ ചെന്നാൽ സമ്മാനത്തുക കൈയ്യോടെ കൈപ്പറ്റാമായിരുന്നു.
ഇതിന് പിന്നിൽ നാട്ടുകാരെ കാശുകാർ ആക്കുക എന്ന ലക്ഷ്യം ഒന്നും BTS-നു ഉണ്ടായിരുന്നില്ല.അക്കാലത്ത് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന പരിപാടി സർവ്വസാധാരണമായിരുന്നു. കണ്ടക്ടർമാരും തുക വാങ്ങി, ടിക്കറ്റ് കൊടുക്കാതെ ആ വരുമാനം കീശയിൽ ആക്കിയിരുന്ന സംഭവങ്ങളും നിരവധി.ടിക്കറ്റ് എടുത്താൽ സമ്മാനം അടിക്കാനുള്ള സാധ്യത ഉണ്ട് എന്ന് കണ്ട് എല്ലാവരും പിന്നീട് ടിക്കറ്റ് എടുത്തു തുടങ്ങി.ഇതോടെ ബിറ്റിഎസിന്റെ ശുക്രൻ തെളിഞ്ഞു.കണ്ടക്ടർമാരുടെ അഭ്യാസവും നിന്നു.സംസ്ഥാനത്ത് ലോട്ടറി നിരോധിക്കുന്നതു വരെ ബിറ്റിഎസ് ഇത് തുടർന്നു.
ഇതിന്റെ ഗുണം കൂടുതൽ പേരും യാത്രയ്ക്ക് കോർപ്പറേഷന്റെ വാഹനങ്ങൾ തിരഞ്ഞെടുക്കും എന്നതാണ്.തന്നെയുമല്ല ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ആരും ശ്രമിക്കില്ല.കണ്ടക്ടർമാറുടെ അഭ്യാസവും നടക്കില്ല. ഇതിനായി ഒരു രൂപ വല്ലതും (സർ ചാർജ്) ടിക്കറ്റിനൊപ്പം അധികമായി വാങ്ങിയാൽ മതി.ചെറിയ തുകകൾ -5000,2000,1000 എന്നിങ്ങനെ സമ്മാനം കൊടുത്താലും കോർപ്പറേഷന് ഇതുകൊണ്ട് ലാഭമേ ഉണ്ടാകുകയുള്ളൂ.