
ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ WCCയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു. രാജിക്കത്ത് അമ്മയ്ക്ക് മെയില്‍ ചെയ്തു. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് രാജി നല്‍കിയത്. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമര്‍ഷം ഉയര്‍ന്നത്.
അമ്മ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിയോജിപ്പ് ഉണ്ടെന്ന് മാല പാര്‍വതി പറഞ്ഞു. കേവലം ഒരു പരാതി പരിഹാര സമിതി മാത്രമല്ല WCCയെന്നും പീഡനങ്ങള്‍ തടയുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും മാല പാര്‍വതി പറഞ്ഞു. അംഗങ്ങളെല്ലാം ഉചിതമായി പെരുമാറേണ്ടത് ഉറപ്പു വരുത്തേണ്ടതുമുണ്ട്. അതിനാല്‍ കമ്മിറ്റി എന്നത് വലിയ ഉത്തരവാദിത്തമാണ്. പക്ഷേ, ഈ സാഹചര്യത്തില്‍ എന്റെ മനസ്സാക്ഷിക്കനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും കൂടുതല്‍ വിശദീകരണം പിന്നീട് നല്‍കാമെന്നും മാല പാര്‍വതി പറഞ്ഞു.
പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിരപരാധിത്വം തെളിയും വരെ മാറ്റി നിര്‍ത്തണമെന്ന് വിജയ്ബാബു തന്നെ അമ്മയ്ക്ക് മെയില്‍ അയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നു ചേര്‍ന്ന അമ്മ നിര്‍വാഹക സമിതി യോഗം തീരുമാനമെടുത്തത്. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോന്‍ ചെയര്‍പേഴ്‌സനായ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം.






