മതവിദ്വേഷ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി. ജോർജ്. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ, അതിലെല്ലാം ഉറച്ചുനിൽക്കും. കള്ളക്കേസ് ഉണ്ടാക്കിയാണ് പിണറായി പോലീസ് പുലർച്ചെ തന്നെ വീട്ടിൽനിന്നും കസ്റ്റഡിയിൽ എടുത്തതെന്നും ജോർജ് ആരോപിച്ചു.
എൽഡിഎഫും യുഡിഎഫും ചില മാധ്യമപ്രവർത്തകരും ഇസ്ലാമിക തീവ്രവാദികൾക്ക് കൂട്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. ജോർജ് അരുതാത്ത എന്തോ ചെയ്തു എന്നു വരുത്താനാണ് ഇവരുടെ ശ്രമം. എന്നാൽ ഇത്തരം നീക്കങ്ങളിലൊന്നും താൻ വീഴില്ലെന്നും ജോർജ് പറഞ്ഞു.
കടംകയറി മുടഞ്ഞുനിൽക്കുന്ന സർക്കാരാണ് തന്നെ കസ്റ്റഡിയിലെടുക്കാൻ വൻ പോലീസ് സംഘവുമായി വീട്ടിലെത്തിയത്. എന്നിട്ട് എന്തായി തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും തനിക്ക് ജാമ്യം ലഭിച്ചു. എല്ലാം പിണറായി പോലീസിന്‍റെ നാടകമാണെന്നും ജോർജ് കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാവിലെ പതിവായി കൂടുന്ന കുർബാനയാണ് പിണറായി പോലീസ് മുടക്കിയതെന്നും ജോർജ് പറഞ്ഞു. കോടതി വളരെ മാന്യമായി ഇടപെട്ടു. നീതി പീഠത്തിൽ നീതി കിട്ടിയില്ലെങ്കിൽ തർക്കമുണ്ടായേനേ. സുന്ദരമായ നീതി കിട്ടി. രണ്ടോ മൂന്നോ ചോദ്യമേ ചോദിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.