ശ്രീകണ്ഠന്‍ നായരുടെ ഷോ ആയ ഫ്ലവേഴ്സ് ഒരുകോടിയില്‍ പങ്കെടുക്കാനെത്തിയ ജംഷീന സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.പക്വതയില്ലാത്ത പ്രായത്തില്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടിയാണ് ജംഷീന.മൂന്ന് മക്കളാണ് ജംഷീനയ്‌ക്കുള്ളത്.
‘എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് കല്യാണം.എനിക്ക് ഇഷ്ടമായിരുന്നില്ല. ബാലവിവാഹം നിയമവിരുദ്ധമാണെങ്കിലും ഇപ്പോഴും നടക്കുന്നുണ്ടെന്നതാണ് സത്യം. വലിയ തറവാട്ടിലെ മൂത്ത പേരക്കുട്ടിയായി വളരെ കൊഞ്ചിച്ച് ആഗ്രഹങ്ങളൊക്കെ സാധിച്ച് തന്നാണ് വളര്‍ത്തിയത്. അങ്ങനെയിരിക്കെ മൂത്തുപ്പായ്ക്ക് വയ്യാതെ വന്നതോടെ കാര്യങ്ങള്‍ മാറി. കൊച്ചുമകളെ കല്യാണം കഴിപ്പിക്കണമെന്നായി. ആലോചനകളൊക്കെ വന്നുതുടങ്ങി. ഞാന്‍ എതിര്‍ത്തു. പക്ഷേ, തീരുമാനങ്ങളെടുത്തിരുന്നത് വല്യുപ്പയായിരുന്നു.എന്റെ കല്യാണത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു.അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ വിവാഹം പെട്ടെന്ന് ചെയ്യിച്ചത്.
അദ്ദേഹം ഗള്‍ഫിലായിരുന്നു. എനിക്ക് 13 ഉം അദ്ദേഹത്തിന് 28 ഉം ആയിരുന്നു അന്ന് പ്രായം. വിവാഹവുമായി ബന്ധപ്പെട്ട് ഒരു സങ്കല്‍പ്പവും ഉണ്ടായിരുന്നില്ല.ഭര്‍ത്താവിന്റെ മുഖം ആദ്യം കണ്ടത് കല്യാണത്തിന്റെ അന്നാണ്. 15 വയസ് വ്യത്യാസമുണ്ടായിരുന്നു. അവരെന്ത് പറയുന്നതും അനുസരിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയി.പിന്നീട് ജീവിതം കൈവിട്ട് പോകുകയാണെന്ന തോന്നലിൽ എനിക്ക് പഠിക്കണമെന്ന് പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിച്ചു.പക്ഷെ എന്റെ ഇഷ്ടത്തിനനുസരിച്ച് അല്ല അവര്‍ പഠിപ്പിച്ചത്. വീടിനടുത്ത് ഉള്ള സ്‌കൂളിലും കോളജിലും പോയാല്‍ മതിയെന്നായി.
രണ്ടാളുടെയും ചിന്താഗതികള്‍ വ്യത്യാസമുള്ളതായിരുന്നു. വസ്ത്രധാരണത്തിലൊക്കെ നിയന്ത്രണമുണ്ടായിരുന്നു. തട്ടമിടാതെയും ഞാന്‍ സ്‌കൂളില്‍ ഒക്കെ പോകാറുണ്ട്. ഭര്‍ത്താവിന് അതൊന്നും ഇഷ്ടമായിരുന്നില്ല. എന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് വസ്ത്രം ധരിക്കുമെന്ന് ഞാന്‍ പറഞ്ഞ് തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. കുട്ടികള്‍ ഉണ്ടായ ശേഷവും വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.ഞങ്ങള്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്.’, ജംഷീന പറയുന്നു.