ഡല്‍ഹി: രാജ്യത്തെങ്ങും ശക്തമായ ചൂടാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഉത്തർപ്രദേശിലെ ബദ്ദയിലാണ് ഏപ്രിലിലെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്, 47.4 ഡിഗ്രി സെൽഷ്യസ്. കൂടാതെ മറ്റ് പല സ്ഥലങ്ങളും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ അലഹബാദ്, ഝാൻസി, ലഖ്‌നൗ എന്നിവിടങ്ങളിൽ ഏപ്രിലിൽ യഥാക്രമം 46.8 ഡിഗ്രി സെൽഷ്യസ്, 46.2 ഡിഗ്രി സെൽഷ്യസ്, 45.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി.
ഹരിയാനയിലെ ഗുരുഗ്രാമും മധ്യപ്രദേശിലെ സത്‌നയും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയായ 45.9 ഡിഗ്രി സെൽഷ്യസും 45.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മറ്റ് സ്ഥലങ്ങളിൽ, ദില്ലിയിലെ സ്‌പോർട്‌സ് കോംപ്ലക്‌സ് ഒബ്സർവേറ്ററിയിൽ 46.4 ഡിഗ്രി സെൽഷ്യസും രാജസ്ഥാനിലെ ഗംഗാനഗറിൽ 46.4 ഡിഗ്രി സെൽഷ്യസും മധ്യപ്രദേശിലെ നൗഗോംഗിൽ 46.2 ഡിഗ്രി സെൽഷ്യസും മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിൽ 46.4 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി.
ദേശീയ തലസ്ഥാനത്തിന്റെ ബേസ് സ്റ്റേഷനായ ദില്ലിയിലെ സഫ്ദർജംഗ് ഒബ്സർവേറ്ററിയിൽ രണ്ടാം ദിവസവും കൂടിയ താപനില 43.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. നഗരത്തിൽ 12 വർഷത്തിനിടെ, ഏപ്രിലിൽ ഒരു ദിവസം അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്. 2010 ഏപ്രിൽ 18 ന് ദില്ലിയിൽ 43.7 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
തീവ്രമായ ഉഷ്ണ തരംഗത്തിനിടയിൽ, വ്യാഴാഴ്ച ഇന്ത്യയിലെ വൈദ്യുതി ആവശ്യകത എക്കാലത്തെയും ഉയർന്ന നിരക്കായ 204.65 ജിഗാവാട്ടിലെത്തി. വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിൽ മെയ് 2 വരെയും കിഴക്കൻ ഇന്ത്യയിൽ ഏപ്രിൽ 30 വരെയും ഉഷ്ണതരംഗം നിലനിൽക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
ഹരിയാന, പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിൽ ശനിയാഴ്ച ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മെയ് 2 നും മെയ് 4 നും ഇടയിൽ ചെറിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് മുതിർന്ന ശാസ്ത്രജ്ഞൻ ആർ കെ ജെനാമണി പറഞ്ഞു.