ഇന്ധനവിലയിലെ കൊള്ള കൂടാതെയാണ് വഴിയോരങ്ങളിൽ എല്ലാം ക്യാമറകൾ സ്ഥാപിച്ചുകൊണ്ടുള്ള മറ്റൊരു കൊള്ള.ഇപ്പോൾ ഇതാ പത്തു രൂപയുടെ മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയാൽ അഞ്ഞൂറ് രൂപ വേറെയും കൊടുക്കേണ്ടി വരും.(എല്ലാവരും മാസ്ക് ധരിക്കണം, മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുത്)അല്ല ഇതിനു മാത്രം പൈസ എവിടുന്നാണ് സർ നാട്ടുകാരുടെ കൈയ്യിൽ.കോവിഡ് വന്നതിനു ശേഷം ആരും ഇതുവരെ ശരിക്കൊന്ന് നടുവ് നിവർത്തിയിട്ടില്ല.എങ്ങനെയെങ്കി ലും അതിജീവനത്തിന് ശ്രമിക്കുന്നവരെ കൂടുതൽ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടികൾ സർക്കാർ ഭാഗത്തുനിന്നും ഉണ്ടാകരുത്.കോവിഡ് കാരണം ജോലിയും കൂലിയും നഷ്ടപ്പെട്ട പലരും കഴിഞ്ഞ രണ്ട് വർഷമായി തങ്ങളുടെ വാഹനങ്ങളുടെ പേപ്പറുകൾ ശരിയാക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടാവാം.സൗജന്യമാ യോ സർക്കാർ സഹായത്തോടെയോ ഇതൊക്കെ ചെയ്തു കൊടുത്തിട്ടാകാമായിരുന്നു വഴിനീളെയുള്ള ആർട്ടിഫിഷ്യൽ ക്യാമറകൾ.
മുകളിൽ പറഞ്ഞതിന് കാട്ടുന്ന ശുഷ്കാന്തി ഒന്നും ജനങ്ങൾക്ക് തൊഴില് കൊടുക്കുന്നതിൽ എന്തേ ഇല്ലാത്തത്? എത്ര പേർ ഈ ഭൂമി മലയാളത്തിൽ ജോലി ഇല്ലാതെ കഴിയുന്നു എന്നതിന്റെ കണക്ക് വല്ലതും നിങ്ങളുടെ കൈയ്യിൽ ഉണ്ടോ.ഇതിന്റെ കണക്കെടുക്കാൻ ഏത് തരം ക്യാമറകൾ സ്ഥാപിച്ചാൽ പറ്റും?
ട്രാഫിക് ലംഘനങ്ങളെല്ലാം ക്യാമറകൾ കൃത്യമായി കണ്ടുപിടിക്കുമെങ്കിൽ മോട്ടോർ വാഹന വകുപ്പിന് എന്തിനാണ് സർ ഇത്രയേറെ ഉദ്യോഗസ്ഥർ.അല്ല, അവർ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ക്യാമറ വേണ്ടെ?
റേഷൻ കടകളിൽ എല്ലാം കൃത്യമായി നടക്കുന്നുണ്ടോ സർ ? കുത്തരി വാങ്ങാൻ ചെന്നാൽ അടുത്ത മാസം.ഗോതമ്പിനോ മണ്ണെണ്ണയ്ക്കോ ചെന്നാൽ അടുത്ത മാസം… ഏത് മാസമാണ് സർ റേഷൻ കടകളിൽ എല്ലാം കൃത്യമായി കിട്ടുന്നത്?
നമ്മുടെ സാമ്പത്തിക-സാമൂഹിക അസ്തിവാരങ്ങളെ മുമ്പില്ലാത്തവണ്ണം തകർത്തെറിഞ്ഞതായിരുന്നു കോവിഡ് ലോക്ഡൗൺ കാലം.കോവിഡ് മഹാമാരിയെത്തുടർന്നുള്ള അടച്ചുപൂട്ടലിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നതും കേരളത്തിലായിരുന്നു.ആ കാലത്തേക്കാൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്നതാണ് വാസ്തവം.റോഡ് നികുതി അടച്ച് കുഴികളിൽ കൂടി വണ്ടിയോടിക്കാൻ വിധിക്കപ്പെട്ടവരെ ഇതിൽ കൂടുതൽ പിഴിയരുത് സർ…ഒരപേക്ഷയാണ്.