ന്യൂഡല്‍ഹി: ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയ്ക്ക് വന്‍ തിരിച്ചടി. സമീപകാലത്തുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ പുറത്തിറക്കരുതെന്ന് ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംഭവങ്ങളുടെ അന്വേഷണം പുരോഗമിക്കവെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചത്.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തീപിടിക്കുന്ന സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം തിങ്കളാഴ്ച വിളിച്ച യോഗത്തിലാണ് നിര്‍മ്മാതാക്കളെ ഇക്കാര്യം അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും അവ തടയാന്‍ ആവശ്യമായ നടപടികളെക്കുറിച്ചും വ്യക്തത ലഭിക്കുന്നതുവരെ പുതിയ വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ നിന്ന് ഇവി നിര്‍മ്മാതാക്കളെ പിന്തിരിപ്പിച്ചിരിക്കുന്നതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
എല്ലാ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളോടും ഏതെങ്കിലും ബാച്ചിലെ ഒരു വാഹനമെങ്കിലും തീപിടുത്തത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മുഴുവന്‍ വാഹനങ്ങളും സ്വമേധയാ തിരിച്ചുവിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മിക്കവരും ഇതിനകം തന്നെ ഈ പ്രക്രിയ ആരംഭിച്ചിട്ടുള്ളതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹനാപകടങ്ങളില്‍ ചിലരുടെ ജീവന് പൊലിഞ്ഞതിനെത്തുടര്‍ന്ന് തകരാര്‍ സംഭവിച്ച ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കാന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞയാഴ്ച ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒല, ഒകിനാവ, പ്യുവര്‍ ഇവി എന്നിവ വിറ്റഴിച്ച ഏകദേശം 7,000 ഇ-ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ച ഇവി നിര്‍മ്മാതാക്കളും റോഡ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ആശയവിനിമയത്തിലാണ് വാഹനം തിരിച്ചുവിളിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ചത്. തെറ്റായ നിര്‍മ്മാതാക്കളില്‍ നിന്ന് പിഴ ഈടാക്കാനും വാഹനങ്ങള്‍ നിര്‍ബന്ധിതമായി തിരിച്ചുവിളിക്കാനും കേന്ദ്രത്തെ അനുവദിക്കുന്ന മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചും നിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ചു. സുരക്ഷാ നിരക്ക് ഈടാക്കുന്നതിനെക്കുറിച്ചും തീപിടിത്തം എങ്ങനെ തടയാമെന്നതിനെക്കുറിച്ചും ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ റോഡ് മന്ത്രാലയം ഇവി നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.