ഒരു വർഷം കൊണ്ട് സംസ്ഥാനത്തിലെ മികച്ച ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടായി മാറ്റുമെന്ന് വീമ്പിളക്കി അധികാരത്തിലേറിയ ഭരണ സമിതി ആറ് മാസം കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടുന്ന അവസ്ഥയിലാക്കുന്നു . ജീവനക്കാർക്കും ഫാക്കൽറ്റിക്കും നാലു മാസമായി ശബളമോ ഓണറേറിയമോ നൽകുന്നില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കാര്യവും ചെയ്യുന്നില്ല.
എഡിറ്റ് സ്യൂട്ട് , ക്യാമറ കമ്പ്യൂട്ടർ, സ്മാർട്ട് ക്ലാസ് റൂം എന്നിവ വേണമെന്ന ആവശ്യം പോലും നടപ്പിലാക്കുന്നില്ല. ഇത്തരം സംവിധാങ്ങളില്ലാത്ത ഏക ഇൻസ്റ്റിറ്റ്യൂട്ട് ആയി മാറി നമ്മുടേത്. ഈ ഭരണ സമിതി അധികാരത്തിൽ വന്ന ഒക്ടോബറിന് ശേഷം ഫീസ് കുടിശികയും ഈ വർഷത്തെ ഫീസും ഉൾപ്പെടെ 35 ലക്ഷത്തിലധികം രൂപ പ്രസ് ക്ലബിന് കിട്ടി. ഈ തുക എന്ത് ചെയ്തു?. മൂന്ന് വർഷമായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചിട്ട്. ഫാക്കൽറ്റിക്ക് ഓണറേറിയവും ജീവനക്കാർക്ക് ശമ്പളവുമായി നൽകാൻ വേണ്ടത് പ്രതിമാസം 1.30 ലക്ഷം മാത്രം. എന്നാൽ 35 ലക്ഷം രൂപ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ചിട്ടും ശമ്പളവും ഹോണറേറിയയും നൽകാതെ ജീവനക്കാരെ ഇറക്കി വിട്ട് ഇത് പൂട്ടാനുള്ള ശ്രമത്തിലാണോ ഭാരവാഹികൾ?
ഇത്തവണത്തെ ഭരണ സമിതി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശ്രീ ജോൺ മേരി നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് അധികാരത്തിലേക്ക് വന്നത്. ഇതിനായി മാത്രം പ്രത്യേകം പ്രചരണ നോട്ടീസിറക്കി.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കേരളത്തിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടാക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ വരുമാനം ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമായി ചെലവാക്കുമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിനാണ് അംഗങ്ങൾ വോട്ട് ചെയ്തത്. കേരളത്തിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടാക്കിയിലെങ്കിലും സെക്രട്ടറിയേറ്റ് വാർഡിൽ മാധ്യമ പ്രവർത്തകരുടെ പേരിൽ ഒരു മാധ്യമ ഇൻസ്റ്റിറ്റ്യൂട്ടായി എങ്കിലും നിലനിർത്തണമെന്നാണ് അപേക്ഷ. കുട്ടികൾ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്ന പണം അവരുടെ നന്മക്കായി ദയവായി ഉപയോഗിക്കുക. സ്വയം മേനി നടിക്കാനും ബാധ്യത തീർക്കാനും ദയവായി ഈ പണം ഉപയോഗിക്കരുത്.
ഇൻസ്റ്റിറ്റ്യൂട്ട് നന്നാക്കാമെന്ന് പറഞ്ഞു കൂടിയാണ് അധികാരത്തിലേറിയതെന്ന് മറക്കരുത്.