ലോകത്തെ പ്രമുഖ ബ്രാന്‍ഡായ ആപ്പിൾ തങ്ങളുടെ ഐ ഫോണിനൊപ്പം ചാര്‍ജർ, ഹെഡ്സെറ്റ് എന്നിവ നൽകുന്നത് ഏകപക്ഷീയമായ അവസാനിപ്പിച്ചിരുന്നു. ഉപഭോക്താവിൻ്റെ അവകാശങ്ങളെ വെല്ലുവിളിച്ച ഐ ഫോണ്‍ (IPhone) കമ്പനിക്ക് കട്ടപണികൊടുത്ത് ബ്രസീലിയന്‍ കോടതി.
ചാര്‍ജറില്ലാതെ ഐഫോണ്‍ വില്‍ക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. ഇങ്ങനെ വില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയന്‍ ജഡ്ജി വിധിച്ചു. ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയില്‍ ജഡ്ജി വിശേഷിപ്പിച്ചത്.
കനത്ത വില നൽകി ആപ്പിൾ ഐഫോണ്‍ വാങ്ങുന്ന ഉപഭോക്താവ് പിന്നീട് വൻ വില നൽകി ചാര്‍ജറും വാങ്ങുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പകൽക്കൊള്ളയാണ് കോടതി വിധിയിലൂടെ പരിഹരിക്കപ്പെട്ടത്.
പരാതി നല്കിയ ഉപഭോക്താവിന് 1080 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ബ്രസീലിയന്‍ കോടതി ആപ്പിളിനോട് വിധിയില്‍ നിര്‍ദ്ദേശിച്ചു. മധ്യ ബ്രസീലിലെ ഗോയാസില്‍ നിന്നുള്ള റീജിയണല്‍ ജഡ്ജി വാന്ഡര്ലീ കെയേഴ്സ് പിന്‍ഹീറോ ആണ് വിധി പറഞ്ഞത്.
ഐ ഫോണിന്റെ സാധാരണ പ്രവര്‍ത്തനത്തിന് അഡാപ്റ്റര്‍ അത്യന്താപേക്ഷിതമാണെന്നും നിര്‍മാതാവ് പാക്കേജില്‍ നിന്ന് ചാര്‍ജര്‍ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ കൂടുതല്‍ ഉപഭോക്താക്കള്‍ പരാതിപ്പെടുകയോ അല്ലെങ്കില്‍ വീണ്ടും ആക്സസറികള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുകയോ ചെയ്താല്‍ ഈ നീക്കം കൂടുതല്‍ ചെലവേറിയതായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
2020-ല്‍ iPhone 12-ല്‍ ആരംഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ചാര്‍ജിംഗ് ബ്രിക്ക്, ഹെഡ്സെറ്റ് എന്നിവ ഉള്‍പ്പെടുത്തുന്നത് ആപ്പിള്‍ അവസാനിപ്പിച്ചിരുന്നു. ഇ-മാലിന്യം കുറയ്ക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതിക്ക് മികച്ച ഒരു നീക്കമാണ് ഇതെന്നുമാണ് ആപ്പിൾ അവകാശവാദം ഉന്നയിച്ചത്.
എന്നാല്‍ ഈ വാദം കോടതി തള്ളിക്കളഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങളുടെ ആഘാതം കുറയ്ക്കാന്‍ ഇത്തരമൊരു നടപടി ശ്രമിക്കുന്നുവെന്ന അവകാശവാദം അര്‍ത്ഥശൂന്യമാണെന്നും ജഡ്ജി പിന്‍ഹീറോ വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടി.