കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി എന്താണെന്നോ, ‘ക്രെഡിറ്റ് കാര്‍ഡ്’ കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളുണ്ട് എന്നോ പലര്‍ക്കും അറിയില്ല. അതു കൊണ്ടു തന്നെ ഈ പദ്ധതി വേണ്ട നിലയിൽ പ്രയോജനപ്പെടുത്താൻ കർഷകരോ, ഇത് ഗുണഭോക്കാക്കളിൽ എത്തിക്കാൻ സർക്കാർ സംവിധാനങ്ങളോ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
നബാര്‍ഡിന്റെ (National Bank for Agriculture and Rural Development) നേതൃത്വത്തില്‍ തയ്യാറാക്കി, ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകള്‍ വഴി 1998 -ല്‍ അവതരിപ്പിക്കപ്പെട്ട ഒരു കാര്‍ഷിക വായ്പയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. കര്‍ഷകരുടെ സമഗ്രമായ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് തുണയാവുക എന്നതാണ് ഈ വായ്പയുടെ പരമ പ്രധാനമായ ലക്ഷ്യം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ കൃഷിഭവനില്‍ നിന്നും ലഭ്യമല്ല, മറിച്ച് ബാങ്കുകള്‍ മുഖാന്തരം മാത്രം നടത്തപ്പെടുന്ന പദ്ധതിയാണിത്.
എന്തുകൊണ്ടാണ് ഇതിന് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന് പറയുന്നത്…? കാരണം ഇത് കര്‍ഷകര്‍ക്കുള്ള ഒരു ‘ക്രെഡിറ്റ് കാര്‍ഡ്’ വായ്പാ സംവിധാനം തന്നെയാണ്. അതായത് ഈ വായ്പ്പയോടൊപ്പം കര്‍ഷകന് ഒരു ഇലക്‌ട്രോണിക് ക്രെഡിറ്റ് കാര്‍ഡും ലഭിക്കുന്നു. ഈ കാര്‍ഡ് ഉപയോഗിച്ച് കര്‍ഷകന് സ്വന്തം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി പണം എ.ടി.എം വഴി പിന്‍വലിക്കാന്‍ സാധിക്കും.
മറ്റ് വായ്പ്പകളെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത, വായ്പാ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും പണം (അനുവദിച്ചിട്ടുള്ള പരമാവധി പരിധിക്കുള്ളില്‍ നിന്ന് കൊണ്ട്) വായ്പാ അക്കൗണ്ടില്‍ ഇടുകയും എടുക്കുകയും ചെയ്യാം എന്നതാണ്. ഏതൊരു സമയത്തും എടുക്കപ്പെട്ടിട്ടുള്ള പണത്തിന് മാത്രമേ പലിശ ഈടാക്കപ്പെടുകയുള്ളു. ഉദാഹരണത്തിന് ഒരു പച്ചക്കറി കര്‍ഷകന് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചു എന്ന് കരുതുക. അദ്ദേഹത്തിന് വിത്തും വളവും മറ്റും വാങ്ങുന്നതിനും മറ്റ് ചിലവുകള്‍ക്കും കൂടി ആദ്യ മാസം 10000 രൂപ മാത്രമേ ആവശ്യമുള്ളൂ എങ്കില്‍ അദ്ദേഹത്തിന് എ.ടി.എം വഴി 10000 രൂപ മാത്രം പിന്‍വലിക്കാം.
ഈ പതിനായിരം രൂപയ്ക്ക് മാത്രമേ പലിശ ഈടാക്കുകയുള്ളു. എന്നാല്‍ ആദ്യമേ തന്നെ ഒരു ലക്ഷം രൂപയും വായ്പാ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് സേവിങ്‌സ് അക്കൗണ്ടില്‍ ഇട്ടാല്‍, നിങ്ങള്‍ അതില്‍ നിന്ന് 10000 രൂപയെ എടുക്കുന്നുള്ളു എങ്കില്‍ കൂടിയും ഒരു ലക്ഷം രൂപയ്ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കും. അത് കൊണ്ട് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ, ആ അക്കൗണ്ടില്‍ നിന്ന് തന്നെ എടുക്കുവാനും അതില്‍ തന്നെ തിരിച്ചടയ്ക്കുവാനും കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കുക.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പ്രകാരമുള്ള ഇലക്‌ട്രോണിക് ക്രെഡിറ്റ് കാര്‍ഡ് ബാങ്കുകളില്‍ നിന്നും ചോദിച്ച് വാങ്ങുക.
സ്വന്തമായി കൃഷിഭൂമിയുള്ള ഏതൊരു കര്‍ഷകനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. പാട്ടകൃഷിയുള്ള കര്‍ഷകര്‍ക്കും, കര്‍ഷകസംഘങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ച രസീതും ഹാജരാക്കി വായ്പയ്ക്ക് അപേക്ഷിക്കാം. ഓരോ വിളയ്ക്കും നിജപ്പെടുത്തിയ ഉല്‍പ്പാദന വായ്പ്പാതോത് (Scale of finance) അടിസ്ഥാനപ്പെടുത്തിയാണ് വായ്പ ലഭിക്കുക.