മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കുടുംബ വീടായ മാതോശ്രീയിൽ വന്ന് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയ അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണെയെയും ഭർത്താവും എംഎൽഎയുമായ രവി റാണെയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
വൈകീട്ടോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 153 (എ), മുംബൈ പൊലീസ് ആക്ടിലെ സെക്ഷൻ 135 (നിരോധനാജ്ഞ ലംഘിക്കൽ) എന്നിവ ചുമത്തിയാണ് അറസ്റ്റ്. ഉദ്ധവ് താക്കറെ ഹിന്ദുത്വത്തെ അടിയറവ് വച്ചെന്ന് ആരോപിച്ച് ഇന്ന് മാതോശ്രീക്ക് മുന്നിലെത്തുമെന്നായിരുന്നു ഇരുവരുടേയും ഭീഷണി. ബാലാസാഹെബ് താക്കറെയെന്ന ബാൽ താക്കറെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും തങ്ങളുടെ ഈ ആവശ്യം അംഗീകരിച്ചേനെ എന്നും ഉദ്ധവ് രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടി ‘ഹിന്ദുത്വമൂല്യങ്ങൾ’ മറക്കുകയാണെന്നും അവർ ആരോപിച്ചു.
എന്നാൽ രാവിലെ തന്നെ ഇവരുടെ വസതിക്ക് മുന്നിലേക്ക് ശിവസേനാ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥിതി സംഘർഷ സമാനമായി. മാതോശ്രീക്ക് മുന്നിലും ശിവസേനാ പ്രവർത്തകർ തമ്പടിച്ചതോടെ ശ്രമത്തിൽ നിന്ന് ഇരുവരും പിന്മാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ലതാ മങ്കേഷ്കറുടെ പേരിലുള്ള പുരസ്കാരങ്ങൾ സ്വീകരിക്കാൻ എത്തുന്നതിനാൽ സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കില്ലെന്ന് പറഞ്ഞാണ് ഇരുവരും പ്രതിഷേധത്തിൽ നിന്ന് പിൻമാറിയത്. എന്തിനാണ് വിദർഭ മേഖലയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ രവി റാണയും ഭാര്യയും അമരാവതി എംപിയുമായ നവനീത് റാണയും ‘ഹനുമാൻ ചാലിസ’ ചൊല്ലി ഉദ്ധവ് താക്കറെയുടെ ‘മാതോശ്രീ’ വീടിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചത്?
ഈ മാസം ആദ്യവാരം ഹനുമാൻ ജയന്തി ദിവസം പരസ്യമായി ‘ഹനുമാൻ ചാലിസ’ ചൊല്ലി, മഹാരാഷ്ട്രയെ ദുരിതത്തിൽ നിന്ന് കര കയറ്റാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തയ്യാറാകണമെന്ന് രവി റാണ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ, സംസ്ഥാനത്തെ എല്ലാ പള്ളികളിലെയും ലൗഡ് സ്പീക്കറുകൾ നീക്കണമെന്ന് സംസ്ഥാനസർക്കാരിന് ‘അന്ത്യശാസനം’ നൽകിയതിന് പിന്നാലെയായിരുന്നു രവി റാണെയുടെ ആവശ്യം. പള്ളികളിലെ ഉച്ചഭാഷിണി നീക്കിയില്ലെങ്കിൽ പുലർച്ചെ എല്ലാ പള്ളികൾക്കും മുന്നിൽപോയി’ഹനുമാൻ ചാലിസ’ ലൗഡ് സ്പീക്കറിൽ വയ്ക്കുമെന്നായിരുന്നു എംഎൻഎസ്സിന്‍റെ ഭീഷണി.
എന്നാലീ ഭീഷണികളെയൊന്നും വക വയ്ക്കുന്നില്ല എന്നാണ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദിലിപ് വൽസെ പാട്ടീൽ വ്യക്തമാക്കിയത്. ‘മാതോശ്രീ’യ്ക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലാനുള്ള പ്രഖ്യാപനം സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ വേണ്ടിയുള്ളതാണെന്നും പാട്ടീൽ ആരോപിച്ചു.
”പ്രാർത്ഥിക്കാനാണെങ്കിൽ രവി റാണയ്ക്കും നവനീത് റാണയ്ക്കും അത് സ്വന്തം വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽപ്പോരേ, എന്തിനാണ് മാതോശ്രീയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നത്? ഇത് ക്രമസമാധാനനില തകർക്കാനും സംസ്ഥാനസർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനുമുള്ള ശ്രമമാണ്. വിലക്കയറ്റവും കൊവിഡ് പ്രതിസന്ധിയും കാരണം ജനം നട്ടം തിരിയുമ്പോൾ അതിൽ നിന്ന് അനാവശ്യവിവാദങ്ങളുണ്ടാക്കി ശ്രദ്ധ മാറ്റാനാണ് രവി, നവനീത് റാണെമാരുടെ ശ്രമം”, പാട്ടീൽ ആരോപിച്ചു.
രവി, നവനീത് റാണെമാരുടെ പ്രഖ്യാപനത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവിന്‍റെ അടുത്ത അനുയായികളാണ് രവി റാണെയും നവനീത് റാണെയും. നവനീത് റാണെ രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് ചില ചിത്രങ്ങളിൽ മുഖം കാണിച്ചിട്ടുണ്ട്. രവി റാണെയുടെയും നവനീത് റാണെയുടെയും വിവാഹത്തിന് കാർമികത്വം വഹിച്ചത് ബാബാ രാംദേവാണെന്നാണ് ഇരുവരും പറയുന്നത്.