CrimeNEWS

നടി കേസിലെ മെമ്മറി കാർഡ് ചോർത്തിയ സംഭവം, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനയ്ക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാ‌ഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

കോടതിയിൽ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാർഡിൽ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയെന്ന ക്രൈംബ്രാ‌ഞ്ച് പരാതി ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇക്കാര്യത്തിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയ്യതി ക്രൈംബ്രാ‌ഞ്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ അപേക്ഷയിൽ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തിൽ ഇതുവരെ തീരുമാനമായില്ല.

Signature-ad

2017 ഫിബ്രവരി 18 നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാൽ 2018 ഡിസംബർ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറൻസിക് സംഘം മനസ്സിലാക്കിയിട്ടുള്ളത്. മെമ്മറി കാർഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ് ഹാഷ് വാല്യു. കോടതി ആവശ്യത്തിന് ഈ ഫയൽ ഓപ്പൺ ആക്കിയാൽ ഹാഷ് വാല്യു മാറുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ അവസാനമായി ഹാഷ് വാല്യു രേഖപ്പെടുത്തിയത് 2017 ഫിബ്രവരിയിലാണ്. ഇതാണ് ഒരു വ‌ർഷത്തിന് ശേഷം വീണ്ടും മാറിയതായി കണ്ടെത്തിയത്.

കോടതി ആവശ്യത്തിനല്ലാതെ തൊണ്ടി മുതലിന്‍റെ ഹാഷ് വാല്യു മാറിയതിൽ കോടതി ജീവനക്കാരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. ദൃശ്യം മറ്റാർക്കെങ്കിലും ചോർത്തിയതാണോ എന്ന് വ്യക്തമാകാൻ ചോദ്യം ചെയ്യൽ അനിവാര്യമാണ്. വിചാരണ കോടതിയിൽ നിന്ന് അനുകൂല നടപടിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ 37 ദിവസം മാത്രമാണ് തുടർ അന്വേഷണം പൂർത്തിയാക്കാൻ ബാക്കിയുള്ളത്.

Back to top button
error: