CrimeNEWS

കുറുകേയിട്ട പോലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമം; ലോറിയിലിടിച്ച് ഇറങ്ങിയോടി മറ്റൊരു കാറില്‍ കടന്ന കഞ്ചാവുകടത്ത് സംഘത്തെ പോലീസ് സാഹസികമായി പിടികൂടി

തൃശൂര്‍: അപകടത്തില്‍പ്പെട്ട കാര്‍ ഉപേക്ഷിച്ച് അകമ്പടിവാഹനത്തില്‍ രക്ഷപ്പെട്ട കഞ്ചാവുകടത്ത് സംഘത്തെ പോലീസ് സിനിമാ സ്‌റ്റൈലില്‍ പിടികൂടി. വെങ്ങിണിശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്നു വടിവാള്‍ കണ്ടെത്തിയതിനേത്തുടര്‍ന്നു നടത്തിയ തെരച്ചിലിലാണു കോട്ടയം സ്വദേശികളായ നിഖില്‍, അലക്‌സ്, അതിരമ്പുഴ സ്വദേശി ലിബിന്‍, കൂട്ടാളികളായ ബിബിന്‍, നിക്കോളാസ് എന്നിവര്‍ പിടിയിലായത്. പാലക്കാട്ടെ കൊലപാതകങ്ങളില്‍ പങ്കെടുത്തവരാണു രക്ഷപ്പെട്ടതെന്ന അഭ്യൂഹവുമുണ്ടായതോടെ ജാഗരൂകരായ പോലീസ്, സംസ്ഥാനപാതയില്‍ ചൊവ്വൂര്‍ ഇറക്കത്തിനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.45-നു വാഹനം കുറുകേയിട്ടാണു പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞത്.

വാഹനത്തില്‍നിന്നു മാരകായുധങ്ങളും സ്വര്‍ണവും പണവും കഞ്ചാവും കണ്ടെടുത്തു. അഞ്ച് പോലീസ് സംഘങ്ങളാണു തെരച്ചില്‍ നടത്തിയത്. ഇന്നലെ രാവിലെ മിനിലോറിയിലിടിച്ച് കേടായ കാറാണു വഴിയരികില്‍ ഉപേക്ഷിച്ച് യാത്രികര്‍ മുങ്ങിയത്. കാര്‍ പരിശോധിച്ചപ്പോള്‍ വടിവാള്‍ കണ്ടെത്തി. നാട്ടുകാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ രക്ഷപ്പെട്ട കെ.എല്‍. 27 എഫ് 7646 വെള്ള ഇക്കോ സ്‌പോര്‍ട്ട് കാര്‍ ചേര്‍പ്പ് മേഖലയില്‍ കറങ്ങുന്നതായി വിവരം ലഭിച്ചു. തെരച്ചിലിന്റെ ഭാഗമായി പോലീസ് സംഘം പാലയ്ക്കലേക്കു പോകുന്നതിനിടെ ചൊവ്വൂര്‍ ഭാഗത്തുകൂടി വാഹനം വരുന്നതുകണ്ടു. തുടര്‍ന്ന് ചൊവ്വൂര്‍ ഇറക്കത്തില്‍ ജീപ്പ് കുറുകേയിട്ട് തടഞ്ഞു.

Signature-ad

പോലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചാണു പ്രതികളുടെ വാഹനം നിന്നത്. രണ്ട് വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. വാഹനം പാഞ്ഞുവരുന്നതുകണ്ട് ഒഴിഞ്ഞുമാറിയതിനാല്‍ പോലീസുകാര്‍ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടെങ്കിലും നിഖില്‍, അലക്‌സ്, ലിബിന്‍ എന്നിവരെ പരുക്കുകളോടെ പിടികൂടി. ഓടിരക്ഷപ്പെട്ട ബിബിനെയും നിക്കോളാസിനെയും തിരുവള്ളക്കാവ് കുളത്തിനു സമീപം നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പരുക്കേറ്റ പ്രതികളെയും എസ്.ഐ. ജെയ്‌സണ്‍, ജൂനിയര്‍ എസ്.ഐ. അരുണ്‍, സി.പി.ഒ. ഷാനി എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം കഞ്ചാവ് ലഹരിയിലായിരുന്നെന്നുപോലീസ് പറഞ്ഞു. കാര്‍ ചേര്‍പ്പ് സ്വദേശിയുടേതാണെന്നാണു സൂചന. സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് എ.സി.പി. സുമേഷ്, ഡിവൈ. എസ്.പി. ബാബു തോമസ്, ചേര്‍പ്പ് സി.ഐ: ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.

 

Back to top button
error: