ബംഗളൂരു: തന്റെ കണ്‍മുന്നില്‍ വച്ച് ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ ശേഷം അതുവഴി വന്ന ഒരു ബൈക്കില്‍ യാത്ര തുടര്‍ന്ന് വനിതാ കേന്ദ്ര മന്ത്രി.കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് (Shobha Karandlaje) തന്‍റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വിട്ടു നല്‍കിയത്.
കര്‍ണാടകയിലാണ് സംഭവം.സ്‌കോഡ കുഷാക്കും ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം കേന്ദ്ര മന്ത്രി തന്‍റെ വാഹനത്തില്‍ ഇതേ റോഡിലൂടെ പോകുകയായിരുന്നു. വിജയനഗര്‍ ജില്ലയിലെ ഹൊസപേട്ടയില്‍ നടന്ന ബിജെപി സംസ്ഥാന പ്രവര്‍ത്തന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു മന്ത്രി. അപകടത്തില്‍പ്പെട്ടവരെ കണ്ട മന്ത്രി വാഹനം നിര്‍ത്തി അവരെ സഹായിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ ഔദ്യോഗിക കാര്‍ തന്നെ വിട്ടു നല്‍കി. തന്‍റെ ഡ്രൈവറോട് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാനും നിർദ്ദേശിച്ചു.
ഔദ്യോഗിക വാഹനമായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടയാളെ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോകുമ്ബോള്‍ എംപി അതേ റോഡിലൂടെ കടന്നുപോവുകയായിരുന്ന മോട്ടോര്‍ സൈക്കിളിൽ ലിഫ്റ്റ് ചോദിച്ച് യാത്ര തുടർന്നു.അപകടസ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു മന്ത്രിക്ക് എത്തേണ്ടിയരുന്ന യോഗസ്ഥലം.