നീണ്ട 53 വർഷങ്ങൾക്കു ശേഷം മംഗളം വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചു
ഒന്നുമില്ലായ്മയിൽ നിന്ന് ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ ഒരു സാധാരണ മനുഷ്യന് കഴിയണമെങ്കിൽ തീർച്ചയായും അയാൾ അസാമാന്യമായ വ്യക്തിത്വത്തിന് ഉടമയായ ഒരാളായിരിക്കണം. അടിയുറച്ച ഇച്ഛാശക്തിയും കാലിടറാത്ത കർമ്മശേഷിയും ആ വ്യക്തിത്വത്തിൽ ഉൾച്ചേർന്നിരിക്കണം. നല്ലൊരു ശുഭാപ്തിവിശ്വാസിയും വ്യക്തമായ ദിശാബോധം ഉള്ളയാളും ആവണം അയാൾ. നിശ്ചയദാർഢ്യം, നയചാതുരി തുടങ്ങിയ ഗുണങ്ങൾ ആ വ്യക്തിത്വത്തിന്റെ സഹജഭാവങ്ങളാവണം. പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ചഞ്ചലചിത്തനാകാതെ താൻ തിരഞ്ഞെടുത്ത പാതയിലൂടെ ഉറച്ച കാൽവെപ്പോടെ മുന്നേറാൻ അസാമാന്യമായ മനക്കരുത്തും തികഞ്ഞ ലക്ഷ്യബോധവും അയാൾക്കുണ്ടാവുകയും വേണം. മംഗലപ്പള്ളി ചാക്കോ വർഗീസ് എന്ന എം. സി. വർഗീസിൽ ഇങ്ങനെയെല്ലാമുള്ള വ്യക്തിവൈശിഷ്ട്യങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും.
ഏറെ ദരിദ്രമായ സാഹചര്യങ്ങളിൽ ജീവിച്ചുപോന്ന ഒരു കുടുംബത്തിലെ അംഗമായി 1933 ജൂൺ 29ന് ജനിച്ച എം. സി. വർഗീസിന്റെ ബാല്യവും കൗമാരവുമൊക്കെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. വീട്ടിലെ പ്രതികൂലമായ സാമ്പത്തിക ചുറ്റുപാടുകൾ കാരണം നാലാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു അദ്ദേഹത്തിന്. പക്ഷേ അക്ഷരങ്ങളോടുള്ള അടങ്ങാത്ത സ്നേഹവും അടുപ്പവും അദ്ദേഹത്തിന്റെ മനസ്സിൽ എന്നും നിറഞ്ഞു നിന്നിരുന്നു. വായനയോടും എഴുത്തുകാരോടുമുള്ള ഇഷ്ടം എന്നും എം. സി. വർഗീസിന്റെ വലിയ ഇഷ്ടങ്ങളിൽ പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിൽ ഏറെയും അക്ഷരസ്നേഹികളായിരുന്നു.
ദീപിക പത്രത്തിലെ ഒരു ജീവനക്കാരനായിക്കൊണ്ട് പത്രലോകവുമായി തൊട്ടുരുമ്മിയുള്ള ഒരു ജീവിതത്തിന് വർഗീസ് തുടക്കമിട്ടത് അദ്ദേഹത്തിന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. 15 രൂപയായിരുന്നു ശമ്പളം. ഏഴ് വര്‍ഷം ദീപികയിൽ ജോലി ചെയ്തശേഷം അവിടെ നിന്ന് പിരിഞ്ഞ അദ്ദേഹം സ്വന്തം നിലയിൽ വല്ലതും തുടങ്ങണമെന്ന മോഹവുമായി നടന്നു. അക്ഷരങ്ങൾ അന്നം തരുന്ന ഒരു മാർഗ്ഗമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ദീപികയുടെ പ്രസ്സിനു സമീപത്തുതന്നെ ഒരു ചെറിയ വാടകമുറിയിൽ കാലുകൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കുന്ന ചെറിയൊരു ലെറ്റർ പ്രസ്സ് സ്വന്തമായി അദ്ദേഹം തുടങ്ങിയത് ആ ഉദ്ദേശ്യത്തിലാണ്. പിതാവിന്റെ ഓർമ്മയ്ക്കായി അതിന് മംഗലപ്പള്ളി ചാക്കോ മെമ്മോറിയൽ പ്രസ്സ് (MCM Press) എന്ന് പേരിട്ടു.
ദീപിക പ്രസ്സിൽ നിന്ന് വേസ്റ്റായി പുറന്തളളിയ ന്യൂസ്പ്രിന്റ് കട്ടിങുകൾ ഉപയോഗപ്പെടുത്തി ബസ്സ് ടിക്കറ്റുകൾ അച്ചടിച്ചു നല്കിക്കൊണ്ടാണ് എം സി എം പ്രസ്സിന്റെ ഉടമ എന്ന നിലയിലുള്ള തന്റെ അതിജീവനത്തിന് വർഗീസ് തുടക്കമിട്ടത്. അധികം വൈകാതെ ഒരു പുസ്തകപ്രസാധന സംരംഭത്തിന് അദ്ദേഹം ആരംഭം കുറിച്ചു. പ്രതിഭാധനരായ കുറേ എഴുത്തുകാരെ കണ്ടെത്തി ഒരു കൂട്ടായ്മയ്ക്ക് രൂപം നല്കി – മംഗളം കലാസാഹിത്യ വേദി. ഒട്ടേറെ യുവ എഴുത്തുകാരുടെ സൃഷ്ടികൾ എം സി എം പ്രസ്സിലൂടെ അച്ചടിമഷി പുരണ്ട് ചെറുപുസ്തകങ്ങളായി ഇറങ്ങാൻ തുടങ്ങി. ആ സംരംഭം വിജയം കണ്ടപ്പോൾ ഒരു ആനുകാലിക പ്രസിദ്ധീകരണം എന്ന ചിന്ത വർഗീസിന്റെ മനസ്സിൽ നാമ്പെടുത്തു. മംഗളം മാസികയുടെ ബീജാവാപം അവിടെ സംഭവിക്കുകയായിരുന്നു.
മംഗലപ്പള്ളി എന്ന കുടുംബപ്പേരിനെ ഓർമ്മിപ്പിക്കും വിധം മാസികയ്ക്ക് മംഗളം എന്ന പേര് നിർദ്ദേശിച്ചത് എഴുത്തുകാരനും അധ്യാപകനുമായിരുന്ന ദേവസ്യ മണിമലയാണ്. ദേവസ്യയെത്തന്നെയാണ് മംഗളത്തിന്റെ പ്രഥമ എഡിറ്ററായി വർഗീസ് നിയമിച്ചതും. 1969 ഏപ്രിൽ മാസത്തിൽ മംഗളം മാസികയുടെ ആദ്യ ലക്കം പുറത്തിറങ്ങി. 250 കോപ്പികളാണ് ആദ്യലക്കം അച്ചടിച്ചത്. ലിറ്റിൽ മാഗസിനുകളെപ്പോലെ ചെറിയ ബുക്ക്ലെറ്റ് സൈസിലായിരുന്നു ആദ്യകാല മംഗളം. ലഘു നോവലുകള്‍, കവിതകൾ എന്നിവ ഉള്‍പ്പെടുത്തി 32 പേജിൽ ഒരുക്കിയെടുത്ത മംഗളം മാസികയ്ക്ക് അന്ന് 25 പൈസയായിരുന്നു വില.
മാസികയ്ക്ക് തരക്കേടില്ലാത്തവിധം പ്രചാരം ലഭിച്ചു തുടങ്ങിയപ്പോൾ 1975 ഒക്ടോബർ 15 മുതൽ മംഗളം ദ്വൈവാരികയാക്കി ഇറക്കാൻ തുടങ്ങി. ഏജന്റുമാരെ കണ്ടെത്തുന്നതിലും അവർക്ക് യഥാസമയം കോപ്പികൾ എത്തിച്ചുകൊടുക്കുന്നതിലും അങ്ങനെ സർക്കുലേഷൻ പടിപടിയായി ഉയർത്തിക്കൊണ്ടു വരുന്നതിലും മാനേജിങ് എഡിറ്ററായ വർഗീസ് തന്നെ മുന്നിട്ടിറങ്ങിയിരുന്നു. കോട്ടയത്തുനിന്ന് മംഗളത്തിന്റെ കെട്ടുകളുമായി രാത്രിയിൽ മലബാർ എക്സ്പ്രസ്സിൽ യാത്രചെയ്ത് വർഗീസ് തന്നെ അവ മലബാർ ഭാഗത്തെ ഏജന്റുമാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കുമായിരുന്നു.
ദേവസ്യ മണിമലയ്ക്കു ശേഷം ഐസക് പിലാത്തറയും ജോർജ് തയ്യിലുമാണ് 1976 വരെയുള്ള കാലയളവിൽ മംഗളത്തിന്റെ എഡിറ്റർമാരായിരുന്നവർ. ദ്വൈവാരികയുടെ പ്രചാരം 20000 കടന്നപ്പോള്‍ 1977 സെപ്തംബര്‍ 9ന് മംഗളം വാരികയാക്കി മാറ്റി. മംഗളത്തിന്റെ ചരിത്രം 1977നു മുമ്പും അതിനു ശേഷവും എന്നിങ്ങനെ രണ്ടായി വേർതിരിച്ചു കാണുന്നതിൽ അനൗചിത്യം ഒട്ടുമില്ല എന്നു തോന്നുന്നു. മലയാളികൾ നെഞ്ചോടു ചേർത്ത യഥാർത്ഥ മംഗളത്തിന്റെ പിറവി 1977ലാണ് സംഭവിച്ചത് എന്നതാണതിനു കാരണം.
പ്രചാരത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളൊക്കെ നടത്തിയിരുന്നുവെങ്കിലും ആദ്യകാല മംഗളം ഉണ്ടാക്കിവെച്ച വലിയ ഒരു പേരുദോഷമുണ്ട്. ഒരു മഞ്ഞപ്രസിദ്ധീകരണം എന്ന കുപ്രസിദ്ധി ആയിരുന്നു അത്. ഉള്ളടക്കത്തിലെ അശ്ലീലച്ചുവ ആയിരുന്നു അത്തരമൊരു പേരു വരാൻ കാരണം. ഒരു അശ്ലീല പ്രസിദ്ധീകരണത്തിന്റെ പ്രസാധകൻ എന്ന ദുഷ്പേര് തനിക്കും ഭൂഷണമല്ലെന്ന് വർഗീസും ക്രമേണ തിരിച്ചറിഞ്ഞു. മംഗളത്തെ അശ്ലീലതയുടെ ചെളിക്കുണ്ടിൽ നിന്നും കരകയറ്റണമെന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിലും സജീവമായി.
മംഗളത്തെ അടിമുടി മാറ്റിയെടുക്കാനുള്ള ഈ ദൗത്യ നിർവ്വഹണത്തിനായി വർഗീസ് കണ്ടെത്തിയത് അമ്പാട്ട് സുകുമാരൻ നായരെയാണ്. മനോരാജ്യം വാരികയിൽ പ്രൂഫ് റീഡറായി ജോലി ചെയ്യുകയായിരുന്നു അക്കാലത്ത് അമ്പാട്ട്. മനോരാജ്യത്തിലെ ആർട്ടിസ്റ്റ് ആയിരുന്ന കെ. എസ്. രാജൻ മുഖേന വർഗീസ് അമ്പാട്ടിനെ മംഗളം ഓഫീസിലേക്ക് ക്ഷണിച്ചുവരുത്തി. മംഗളത്തിന്റെ പത്രാധിപസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം വർഗീസ് സുകുമാരൻ നായരുടെ മുമ്പാകെ വെച്ചു. അത് സ്വീകരിച്ച അമ്പാട്ട് ഒരു വ്യവസ്ഥ വർഗീസിന്റെ മുമ്പാകെ വെച്ചു. മംഗളത്തെ അണിയിച്ചൊരുക്കുന്നതിൽ തനിക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാവണമെന്നതായിരുന്നു അത്. ആ ആവശ്യം വർഗീസും അംഗീകരിച്ചു.
മംഗളത്തിന്റെ ചരിത്രത്തിലെ ഒരു പുതുവസന്തത്തിന് നാന്ദി കുറിക്കപ്പെടുകയായിരുന്നു അവിടെ. ദ്വൈവാരികയിൽ നിന്ന് വാരികയായുള്ള മാറ്റത്തോടൊപ്പം മംഗളം സമൂലമായ ഉടച്ചുവാർക്കലിന് വിധേയമാക്കപ്പെട്ടു. ഒരു ജനപ്രിയ പ്രസിദ്ധീകരണത്തിന്റെ ഉള്ളടക്കം എങ്ങനെയാവണമെന്നതിന്റെ ഏറ്റവും മികച്ച ഫോർമുല മംഗളത്തിലൂടെ മലയാളികളുടെ മുമ്പിൽ അവതരിപ്പിക്കപ്പെട്ടു. മംഗളത്തിന്റെ സ്വീകാര്യതയും പ്രചാരവും ദിനംപ്രതിയെന്നോണം കുതിച്ചുയരാൻ തുടങ്ങി. പൈങ്കിളിയെന്ന് പരിഹസിച്ചു നടന്ന ബുദ്ധിജീവികൾ പോലും ക്രമേണ അതിന്റെ വായനക്കാരായി മാറാൻ തുടങ്ങി. മലയാളത്തിലെ ഏറ്റവും മികച്ച ജനപ്രിയ പ്രസിദ്ധീകരണം എന്ന നിലയിലുള്ള മംഗളം വാരികയുടെ ആ ജൈത്രയാത്ര 1985ൽ 17 ലക്ഷത്തോളം കോപ്പികളുടെ സർക്കുലേഷൻ എന്ന ഏഷ്യൻ റെക്കോഡിൽ എത്തി നിന്നു. ആ റെക്കോഡ് ഭേദിക്കാൻ ഇന്നേവരെ മറ്റൊരു പ്രസിദ്ധീകരണത്തിനും സാധിച്ചിട്ടില്ല. നടുവട്ടം സത്യശീലൻ എന്ന ഊർജ്ജസ്വലനായ പത്രാധിപരാണ് ആ സമയത്ത് മംഗളത്തിന്റെ അമരത്ത് ഉണ്ടായിരുന്നത്.
അക്കാലംവരെ മലയാളത്തിൽ വെന്നിക്കൊടി പാറിച്ച പല വാരികകളും വലിയ ദിനപത്രങ്ങളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ – സാമ്പത്തിക ശക്തികളുടെയും തണലിൽ വിരാജിച്ചപ്പോൾ ഒറ്റയാൾപ്പട്ടാളമായി സ്വന്തം കാലിൽ നിവർന്നു നില്ക്കാൻ മംഗളത്തിനു സാധിച്ചു. സാധാരണക്കാരന്റെ അഭിരുചികൾക്കൊത്ത് സഞ്ചരിക്കാൻ എം. സി. വർഗീസ് കാണിച്ച ഔചിത്യത്തിനു ലഭിച്ച സ്വീകാര്യതയായിരുന്നു അത്.
മംഗളം വാരിക കൂടാതെ ബാലമംഗളം, കന്യക, സിനിമ മംഗളം, ആരോഗ്യമംഗളം, ജ്യോതിഷമംഗളം, കളിച്ചെപ്പ്, ബാലമംഗളം ചിത്രകഥ, Live N Style എന്നിവയുടെയും പ്രസാധകനായി വർഗീസ് മാറി. ഒപ്പം മംഗളം ബുക്സ് എന്ന പേരിൽ പുസ്തകപ്രസാധന വിഭാഗവും ആരംഭിച്ചു. കന്നഡ ഭാഷയിൽ മംഗളയും ബാലമംഗളയും പുറത്തിറക്കി. വര്‍ഗീസിന്റെ ചിരകാല സ്വപ്നമായിരുന്ന മംഗളം ദിനപത്രം 1989 മാര്‍ച്ച് 16നാണ് പ്രസിദ്ധീകരണം തുടങ്ങിയത്.
മംഗളം എഞ്ചിനീയറിങ് കോളജ്, മംഗളം ബി. എഡ്. കോളജ്, മംഗളം ഹയര്‍ സെക്കണ്ടറി സ്കൂള്‍, മംഗളം ഇംഗ്ലീഷ് മീഡിയം റെസിഡന്‍ഷ്യല്‍ ഹൈസ്കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും മംഗളം ഡയഗ്നോസ്റ്റിക് സ്കാനിംഗ് സെന്ററുകളും മംഗളം സ്കൂള്‍ ഓഫ് പ്രിന്റിങ്, ഹോംസ് ആന്റ് റിസോര്‍ട്ട്സ് എന്നിവയും വര്‍ഗീസിന്റേതായി സ്ഥാപിതമായി.
കന്യക മഹിളാവേദി, മംഗളം കലാസാഹിത്യ വേദി, ടീച്ചേഴ്സ് ഫോറം, ബാലവേദി, മംഗളം ഓര്‍ക്കെസ്ട്ര, ഫിലിം ക്ലബ് എന്നിവയും മംഗളത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു വന്നു.
അമ്പാട്ട് സുകുമാരൻനായർക്കു ശേഷം നടുവട്ടം സത്യശീലൻ, എം. ജെ. ഡാരീസ്, ഹക്കീം നട്ടാശ്ശേരി, പി. ഒ. മോഹൻ, കെ വി അനിൽ, സജിൽ ശ്രീധർ എന്നിവരാണ് മംഗളത്തിന്റെ പത്രാധിപക്കസേരയിൽ ഇരുന്നവർ.
മനുഷ്യത്വത്തിലധിഷ്ഠിതമായ ധാർമ്മികതയെ പത്രപ്രവർത്തന മേഖലയുമായി കൂട്ടിയിണക്കിക്കൊണ്ട് അതിനെ ജനോപകാരപ്രദമായി പരിവർത്തിപ്പിക്കുന്നതിനെക്കുറി ച്ച് എം. സി. വർഗീസ് ചിന്തിച്ചിരുന്നു. മംഗളം വാരികയുടെ വരുമാനത്തിന്റെ ഒരു പങ്ക് അത്തരം പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവെച്ചു.
മംഗളം വാരികയിലെ ‘ഞാൻ എന്റെ ദുഃഖം’ എന്ന പംക്തിയിൽ തന്റെ കദനകഥ എഴുതിയ ഒരു പെൺകുട്ടിക്കു വന്ന വിവാഹാലോചനയാണ് സ്ത്രീധനമില്ലാത്ത സമൂഹ വിവാഹം എന്ന ചിന്തയിലേക്ക് വർഗീസിനെ നയിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സാധു പെൺകുട്ടികൾ ഇതിലൂടെ സുമംഗലികളായി. പിന്നീട് ഈ മഹത്തായ പരിപാടി കേരളത്തിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും സർക്കാർ തന്നെയും ഏറ്റെടുത്തു നടത്തുകയുണ്ടായി.
ക്യാൻസർ എന്ന മഹാരോഗം ഇന്നത്തെപ്പോലെ വ്യാപകമല്ലാതിരുന്ന ഒരു കാലത്താണ് വായനക്കാരുടെ ക്യാൻസർ വാർഡ് എന്ന ആശയവുമായി വർഗീസ് മുന്നോട്ട് വന്നത്. വാരികയുടെ വിലയിൽ 10 പൈസയുടെ വർദ്ധനവ് വരുത്തി അപ്രകാരം വായനക്കാരിൽ നിന്ന് സമാഹരിച്ച സംഖ്യ ഉപയോഗിച്ചാണ് കോട്ടയം മെഡിക്കൽ കോളജിന് പ്രത്യേക ക്യാൻസർ വാർഡ് അദ്ദേഹം നിർമ്മിച്ചു കൊടുത്തത്.
‘വിധിയുടെ ബലിമൃഗങ്ങൾ’ എന്ന പ്രതിവാര പംക്തിയിലൂടെ ഒട്ടേറെ അശരണരോഗികൾക്ക് സാന്ത്വനത്തിന്റെ കൈത്താങ്ങാവാൻ അദ്ദേഹത്തിന് സാധിച്ചു. മംഗളത്തിന്റെ പ്രചാരം15 ലക്ഷം തികഞ്ഞ അവസരത്തിൽ 15 ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നല്കിക്കൊണ്ടാണ് മംഗളം അത് ആഘോഷിച്ചത്.
2006 ജനുവരി 9നാണ് എം. സി. വർഗീസ് നിര്യാതനായത്. ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മലയാളിക്കു മുന്നിൽ മംഗളം തുറന്നിട്ട അക്ഷരപ്രപഞ്ചം വിസ്മയിപ്പിക്കുന്നതാണ്. ലളിതവായനയുടെ സൗന്ദര്യവും സൗരഭ്യവും മലയാളിക്കു അനുഭവവേദ്യമാക്കിക്കൊടുക്കാൻ മംഗളത്തോളം മറ്റൊരു ആനുകാലിക പ്രസിദ്ധീകരണത്തിനും സാധിച്ചിട്ടില്ല. ആദ്യം മാസികയായും പിന്നെ ദ്വൈവാരികയായും പിന്നീട് വാരികയായും പറന്നുയർന്ന മംഗളം കൈവരിച്ച ഉയർച്ചകളും നേട്ടങ്ങളും ആരെയും അമ്പരപ്പിക്കുന്നതാണ്.ഈ വളർച്ചയിലൂടനീളം ഒരു ശരാശരി മലയാളിയുടെ മനസ്സിനെ തൊട്ടുരുമ്മി മുന്നേറാൻ മംഗളം വാരികയ്ക്ക് കഴിഞ്ഞുവെന്നതാണ് സത്യം.ഒടുവിലിതാ അനിവാര്യമായ അന്ത്യം കണക്കെ മംഗളവും വിസ്മൃതിയുടെ കാണാക്കയത്തിലേക്ക്…!