NEWS

പരുന്താണോ താറാവാണോ നല്ലത്?

കിട്ടിയ  നമ്പറിൽ വിളിച്ചു. താമസിയാതെ ഒരു ടാക്സി മുന്നിലെത്തി.
വടിവ് നഷ്ടപ്പെടാത്ത യുനിഫോം ധരിച്ച് ,പ്രസരിപ്പുള്ള ചിരിയുമായി ,തലകുനിച്ച് ‘ഗുഡ് മോണിങ്ങ് സർ’ പറഞ്ഞ് ,ആ മുപ്പത്തഞ്ചുകാരൻ വിസിറ്റിങ്ങ് കാർഡ് നീട്ടി.
   ലഗ്ഗിജ് ഡിക്കിയിലേക്ക് അയാൾ കയറ്റുന്നതിനിടയിൽ  ഞാൻ കാർഡിലെ വാക്കുകൾ വായിച്ചു— ‘വേഗത്തിലും,സുരക്ഷിതമായും,സുഖപ്രദമായും നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കേണ്ടത് എന്റെ ചുമതലയാണ്.’
    പേരും നമ്പറും ഇമെയിലും അടിയിലുണ്ട്.
പ്രകാശം പരത്തുന്ന  ചിരിയും മാന്യമായ പെരുമാറ്റവും ആരും ശ്രധ്ദിക്കും.
   ‘സർ മുന്നിലാണൊ പിന്നിലാണൊ കയറുന്നത് ?’ ഡിക്കി അടച്ച് വന്ന് അയാൾ തിരക്കി. മുന്നിലാകാമെന്ന് പറഞ്ഞപ്പോൾ അയാൾ ഡോർതുറന്ന് ആദരവോടെ നിന്നു. ഞാൻ കയറിയിരുന്നപ്പോൾ അതിശബ്ദമില്ലാതെ അയാൾ ഡോറടച്ചു. വൃത്തിയും വെടിപ്പുമുള്ള ഉൾവശം.
സ്റ്റിയറിങ്ങിന് മുന്നിൽ വന്നിരുന്ന് , സുഗന്ധം  പരത്തുന്ന ഒരു എഡ്വേഡ് റോസ് ഇരുകൈകളിലുമായി എടുത്ത് ,ഭയഭക്തിബഹുമാനങ്ങളോടെ എനിക്ക്നേരെ നീട്ടിയത് എന്നെ അത്ഭുതപ്പെടുത്തി. ഞാനത് വാങ്ങി മണത്തു. സുഖിപ്പിക്കുന്ന ആ ഗന്ധം കാറ് നിറയെ ഉണ്ട്. മിറ റിന്റെ ഭാഗത്ത് ദൈവങ്ങളെ സ്ഥാപിക്കാറുള്ള ഗാലറിയിലേക്ക് നോക്കിയ എന്റെ കണ്ണുകൾ നിരാശയോടെ അയാളിലേക്ക് ചോദ്യരൂപേണ ചെന്നു—
‘ദൈവങ്ങളെ മറന്നോ ?’
‘പലരും ചോദിക്കാറുണ്ട്.’
അയാൾ ഒന്നു നിർത്തി,വീണ്ടും തുടർന്നു:
‘ദൈവം മനസിലുണ്ട്. അവരെ പ്രതിഷ്ഠിക്കേണ്ടത് അവിടെയല്ലെ? യാത്രയിൽ യാത്രക്കാരനാണ് ദൈവം. അവർ തരുന്ന പണംകൊണ്ടാണ് ഈ വാഹനവും എന്റെകുടുംബവും പരിപാലിക്കപ്പെടുന്നത് .കോവിഡ് കാലം ശരിക്കും അത് ഏവരേയും പഠിപ്പിച്ചതല്ലെ ?’
   അയാൾ വണ്ടി സ്റ്റാർട്ടാക്കി.
    ‘എന്നാൽ സർ നമുക്കിനി പോകാം .’
     ലക്ഷ്യസ്ഥാനം പറഞ്ഞു.വിമാനയാത്ര പോലെത്തന്നെ ശാന്തമായ ടെയ്ക്കോഫ് !
  ‘എ.സി. ഇത്രയും മതിയോ സർ ?’
    മിനിറ്റുകൾ കഴിഞ്ഞപ്പോൾ അയാൾ സ്നേഹപുരസരം അന്വേഷിച്ചു. മതിയെന്ന് ഞാൻ തലയാട്ടി.
   ‘സർ,ഞാൻ കൂടുതൽ സംസരിച്ച് ബോറടിപ്പിക്കുന്നെങ്കിൽ ക്ഷമിക്കണം.’
   ‘ഇറ്റ്സ് ഒകെ.  യാത്ര ലൈവ് ആകുന്നത് തന്നെയാണെനിക്കിഷ്ടം.’ അയാളെ നിരുത്സാഹപ്പെടുത്താതിരിക്കാൻ   ഞാൻ പറഞ്ഞു.
    ‘നാട്ടിലെ വാർത്തകളറിയണമെങ്കിൽ പത്രം വായിക്കാം സർ.’  മടക്ക് നിവരാത്ത ഒരു മലയാളപത്രം അയാളെന്റെ നേരെ നീട്ടി.
   ഇയാൾ കപടനാടകക്കാരനൊ, വാചകക്കസർത്തു വീരനൊ ആണൊ എന്നറിയില്ല.
തലവാചകങ്ങളിലൂടെ കണ്ണോടിച്ച് ഞാൻ കുറച്ചു
നേരമിരുന്നു
വായനയാണെന്നമട്ടിൽ . ഈ ചെറുപ്പക്കാരന്റെ പെരുമാറ്റം പതിരോ കതിരോ എന്ന് വിലയിരുത്താൻ ശ്രമിക്കുന്ന തിരക്കിലായിരുന്നു മനസ്സ്.
കുറച്ചു നേരത്തെ വായനക്ക് ശേഷം ചോദിച്ചു:
   ‘താങ്കൾ ഇങ്ങനെത്തന്നെയാണൊ എല്ലായ്പോഴും ,
എല്ലാവരോടും ?’
   ‘അല്ല .ഇങ്ങനെയൊന്നും ആയിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി ഇങ്ങനെയാണ്.’ അഭിമാനത്തോടെ അയാൾ പറഞ്ഞു.
    ‘ആദ്യകാലങ്ങളിൽ  നേരെ തിരിച്ചായിരുന്നു,മറ്റു ഡ്രൈവർമാരെപ്പോലെ:
ഡീസൽ വില വർദ്ധനവിനെ അപലപിച്ച്, കൂലി വർദ്ധിപ്പിക്കാത്ത സർക്കാർ നയങ്ങളിൽ അരിശപ്പെട്ട്, ഡ്രൈവർമാരുടെ കഷ്ടപ്പാടുകൾ എണ്ണിപ്പറഞ്ഞ്, റോഡിന്റെ ശോച്യാവസ്ഥയിൽ പരിതപിച്ച്…..
   ‘….ഒരിക്കൽ ഒരു മാന്യദേഹത്തെ ഇതുപോലെ കൂട്ടുകിട്ടി.  ശരിക്കും ഒരു പണ്ഡിതൻ . ഒരു സന്യാസിയാണെന്നു തോന്നി . താറാവും പരുന്തും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമൊ? അദ്ദേഹം ചോദിച്ചു.ഞാൻ തല പുകഞ്ഞ് ആലോചിക്കുന്നതിനിടയിൽ അദ്ദേഹംതന്നെ പറഞ്ഞു: താറാവ് എന്നും കലപില കൂട്ടും, ചേറ്റിൽ കുളിച്ച് സ്വന്തം ശരീരവും പരിസരവും വൃത്തികേടാക്കും.
എന്നാൽ പരുന്തൊ… ?  ഭൂമിയിൽ നിന്നുയർന്ന് മേഘങ്ങൾക്കിടയിലൂടെ നിശ്ശബ്ദനും നിരീക്ഷകനുമായി  പറന്ന് കാര്യങ്ങൾ സൂക്ഷ്മ ദൃഷ്ടിയോടെ നോക്കിക്കാണുന്നു. വേണ്ടിവന്നാൽ വെടിയുണ്ടയുടെ വേഗത്തിൽ കുതിച്ചിറങ്ങി ലക്ഷ്യം നേടി പറന്നുയരുന്നു.നിങ്ങളിതിലേതാണ് ?
   ‘…ചോദ്യം എന്റെ മനസിൽ ശരവേഗത്തിൽ തറച്ചു കയറി.ഞാൻഎന്നോടുതന്നെ ചോദിച്ചു: ഞാൻ കലപിലകൂട്ടി ചെളിയിൽ ഊളയിടുന്ന ആവലാതിക്കാരൻ താറാവൊ ,അതൊ ,സൂക്ഷ്മദൃക്കും , രാജകീയ പദവിയിൽ ഉന്നതിയിൽ വിലസുന്നവനുമായ പരുന്തൊ ? ഉത്തരം വ്യക്തം. പരിദേവനങ്ങളുടെ നാറുന്ന ഭാണ്ഡക്കെട്ട് സ്ഥാനത്തും അസ്ഥാനത്തും അഴിച്ച് മറ്റുള്ളവരിലേക്ക് ചെളിയും ദുർഗന്ധവും കോരിച്ചെരിയുന്നവൻതന്നെ ഞാൻ.  സ്വയം പറഞ്ഞു.
മറുപടികിട്ടാതായപ്പോൾ ആ മാന്യദേഹം പറഞ്ഞു : ഉണർന്നെണീല്ക്കുമ്പോൾ തന്നെ പുതിയ കണ്ണുകൾ കിട്ടിയ കുരുടനെപ്പോലെ, ചിരിക്കുന്ന മുഖവുമായി ഉണർന്ന് ചുറ്റും  നോക്കിക്കണ്ടാസ്വദിക്കുക.ഹൃദ്യമായ ചിരി ഏതു പൂട്ടിയ പെട്ടിയും തുറക്കാവുന്ന മാന്ത്രികച്ചാവിയാണ്… ഉയർന്ന് ചിന്തിക്കുക . ദിനേന പുതുമകൾ സൃഷ്ടിക്കുക. ചേറ്റിൽ ചെന്നുപെടാതിരിക്കുക.
താറാവൊ പരുന്തൊ  എന്ന് സ്വയം തീരുമാനിക്കുക. നന്മ ചെയ്യുക. നന്മയാകുക.നന്മയാണ് ഈശ്വരൻ . —-ഇതായിരുന്നു ഉപദേശം.
   ഇതുവരെ താറാവായിരുന്നു ഞാൻ. മറ്റു ഡ്രൈവർമാരെ ശ്രദ്ധിച്ചു. ഞാനും അവരും തമ്മിൽ ഒരു വ്യത്യാസവുമില്ല.അലസമായ വേഷം,വിയർപ്പു നാറ്റമുള്ള വസ്ത്രം,കുളിയും ഷേവുമില്ലാത്ത വൃത്തികെട്ട രൂപം, സൂര്യന്ന് കീഴെയുള്ള എന്തിനേയും കൂട്ടംകൂടിനിന്ന് വിമർശിക്കുന്ന മാനസികാവസ്ഥ,ഒരു യാത്രക്കാരനെ കിട്ടിയാൽ പരാതികളുടെ ഭാണ്ഡക്കെട്ടഴിക്കാനുള്ള വ്യഗ്രത,കൂലിക്കാര്യത്തിൽ ഏതറ്റംവരെ തരംതാഴാനും മടിക്കാത്ത മനോഭാവം…..
    വാക്കുകൾക്ക് മാന്ത്രികശക്തിയുണ്ടെന്ന് അന്ന് ഞാൻ  ആദ്യമായി പഠിച്ചു. ഒരു സുപ്രഭാതത്തിൽ ഞാൻ മാറി.
.
മറ്റൊരു വ്യക്തിയായി.
പുതിയകണ്ണുകിട്ടിയ കുരുടനായി.
പുതിയ കണ്ണുകൊണ്ട് കുടുംബിനിയേയും കുഞ്ഞിനേയും കണ്ടു.
യാത്രക്കാരെ ദൈവത്തിന്റെ സ്ഥാനത്ത് കണ്ടു.
ദൈവത്തെ മനസിൽ പ്രതിഷ്ഠിച്ചു.
ഏവരിലും നന്മ കണ്ടു. നന്മയാണ് ദൈവം എന്ന് പഠിച്ചു.
നന്നായി ചിരിച്ചു.
വാഹനത്തെ സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹിച്ചു.
അങ്ങാടിവിമർശനങ്ങളോട് സുല്യം പറഞ്ഞു.
തർക്കങ്ങൾക്ക് വിരാമമിട്ടു. ആദ്യയാത്രക്കാരനായി
ദിവസേന ഒരുറോസാപൂ കരുതി.
അങ്ങ് ഇന്ന് എന്റെ ആദ്യ അതിഥിയാണ്.’
   പതിരല്ല, കതിരാണയാൾഎന്ന് തോന്നിത്തുടങ്ങി.
   ‘സർ,കുറേ ദൂരം നമ്മൾ യാത്രചെയ്തു.ഒരു ചായകുടിച്ചാലൊ ? ‘
അയാൾ വണ്ടി സ്ലൊഡൗൺ ചെയത് റോഡരികിൽ നിർത്തി.
   ‘ഇവിടെ എവിടെയാണ് ഹോട്ടൽ ?’ വിജനമായ സ്ഥലം നോക്കി ഞാൻ ചോദിച്ചു.
    ‘ഹോട്ടലെന്തിന്,ചായ കിട്ടിയാൽ പോരെ ?’
     സൈഡിലെ ഹോൾഡറിൽ പിടിപ്പിച്ച ഒരു ഫ്ളാസ്ക്ക് തുറന്ന് ഒരു കടലാസ് കപ്പിലും ഫ്ളാസ്ക്കിന്റെ മൂടിയിലുമായി അരക്കപ്പ് വീതം ആവി പറക്കുന്ന കട്ടൻ ഒഴിച്ച് ,വലതുകയ്യിലെ  കൂടുതലുള്ള  ചായ എന്റെ നേരെ നീട്ടി.
     ‘സർ,നല്ല ലെമൺ ടീ യാണ്.ഇനിയുള്ള ഒരു മണിക്കൂർ ഫ്രഷായിരിക്കാൻ ഇവൻ അകത്തെത്തിയാൽ മതി.എന്റെ മാറ്റത്തിൽ ശ്രീമതിയുടെ സംഭാവനയാണിത്.’
    നല്ല ഉശിരൻ സുലൈമാനി.ശരിക്കും ആസ്വദിച്ചു കുടിച്ചു. കുടിച്ചു കഴിഞ്ഞ കപ്പ് വാങ്ങി വേയ്സ്റ്റിടാനുള്ള സഞ്ചിയിൽ നിക്ഷേപിച്ച് ,എനിക്ക് കയ്യും വായും തുടയ്ക്കാൻ അയാളൊരു ടിഷ്യു പേപ്പറും നീട്ടി.
   ‘നല്ല ചുടുചായ. ശരിക്കും ആസ്വദിച്ചു .ശ്രീമതിക്കും അഭിനന്ദനങ്ങൾ കൊടുക്കുക.’
    ‘തീർച്ചയായും.’ ഫ്ളാസ്ക്ക് തിരിച്ച് ഹോൾഡറിൽ സ്ഥാപിച്ച്,ഉപയോഗിച്ച ടിഷ്യു പേപ്പർ എന്നിൽ നിന്നും വാങ്ങി വേയ്സ്റ്റ് ബാഗിലിട്ട് യാത്ര തുടർന്നു.
     ‘ഓരോ യാത്രയും ഓരോ ക്ളാസ്സുമുറിയാണ് എനിക്ക് ; യാത്രക്കാരൻ ഗുരുനാഥനും ഞാൻ പഠിതാവും .ഓരോരുത്തരിൽനിന്നും എന്തെങ്കിലും പഠിക്കാനുണ്ടാകും.’
   ആള് കുറെ ഫിലസോഫിക്ക് ആണെന്നുകൂടി തോന്നിത്തുടങ്ങി.
  ‘പഠിച്ചതെല്ലാം വീട്ടിൽചെന്ന് പറയണം എന്ന് അവൾക്കും നിർബ്ബന്ധമാണ്; സ്കൂളുവിട്ടുവരുന്ന കുട്ടികൾ വള്ളിപുള്ളി തെറ്റാതെ സ്കൂൾ വിശേഷങ്ങൾ പറയുന്നപോലെ.’
   ‘അപ്പോൾ കുടുംബവും ഒപ്പമുണ്ട്  ,അല്ലെ?’
    ‘ സാറിന്റെ ബട്ടൺ ഹോളിലെ റോസാപൂ ,മകൾ നനച്ചു വളർത്തുന്ന എഡ്വേഡ് റോസിൽനിന്ന് ഇന്ന് പറിച്ചതാണ്.
കണക്കുകൾ സൂക്ഷിക്കുന്നതും ഓഡിറ്റിങ്ങുമൊക്കെ
ശ്രീമതിയാണ്. ഞാൻ വെറും  ഡ്രൈവർ മാത്രമാണ്.’
   ‘കുടുംബം മുഴുവൻ ബിസിനസിലിറങ്ങിയിട്ട് ഗുണം ചെയ്തൊ ?’
   ‘തീർച്ചയായും. ഓരോ ആറുമാസത്തിലും കണക്ക് പുറത്ത് വരും.ആദ്യ അർദ്ധവർഷം ചെറിയൊരു ലാഭം കാണിച്ചു. പിന്നീടത് ഇരട്ടിയായി.ഈ കഴിഞ്ഞ പാതിയിൽ എനിക്കും എന്റെ ഫോണിനും തിരക്കോടെ
തിരക്കായിരുന്നു.’
    അഭിമാനത്തോടെ ചിരിച്ചു കൊണ്ട് അയാൾ തുടർന്നു ,’ആരോട് ഞാൻ നന്ദിയുള്ളവനാകണം ? കുരുടനായിരുന്ന എന്റെ കണ്ണ് തുറപ്പിച്ച, ഗുരുതുല്യനായ ആ യാത്രക്കാരനോട്.അല്ലെ സർ?’
‘തീർച്ചയായും.  പക്ഷെ…എല്ലാ യാത്രക്കാരിൽ നിന്നും അങ്ങിനെയൊക്കെ പ്രതീക്ഷിക്കാമൊ?’
   ‘ഓരോരുത്തരിൽ നിന്നും ഓരോ തരം അറിവ്. എന്റെ വിജയകഥ ഇത്രയും നേരം മുഷിച്ചിലില്ലാതെ കേട്ടിരിക്കാനുള്ള അങ്ങയുടെ ക്ഷമാശീലമാണ് ഞാനിന്നത്തെ യാത്രയിൽ പഠിച്ചത്.’
   നിങ്ങളുടെ വിജയകഥ എന്നേയും പ്രചോദിപ്പിക്കുന്നു എന്ന് പറയണമെന്ന് മനസ്സ് മന്ത്രിച്ചു.ലോകത്തെ മുഴുവൻ മാറ്റാൻ ശ്രമിക്കുന്നതിലും എളുപ്പം നാമോരോരുത്തനും മാറുന്നതാണ് ,എന്നത് ഈ യാത്രയിൽ ഞാനും പഠിച്ചു.ഞാൻ ആലോചനയിൽ മുഴുകി എത്രനേരം ഇരുന്നു എന്നോർമ്മയില്ല.അവസാനം ഞാൻ പറഞ്ഞു:
   ‘ഈ യാത്രയിൽ നിങ്ങളാണ് ഗുരു. ദിവസേന ,യാത്രക്കാരനുവേണ്ടിറോസാപൂ നനച്ചുണ്ടാക്കുന്ന മകളും,ലെമൺ ടീ ഫ്‌ളാസ്ക്കിലാക്കി യാത്രയാക്കുന്ന ഭാര്യയും ,ഞാൻ വെറുമൊരു ഡ്രൈവർ എന്ന് സവിനയം പറഞ്ഞ് മാറിനില്‌ക്കുന്ന നിങ്ങളും  ,നിങ്ങളുടെ ടീം വർക്കും ,എനിക്കെന്റെ തളർന്നു കിടക്കുന്ന ബിസ്നസ്സ് ലോകത്തിലേക്ക് ഉത്തമ മാതൃകയാണ്. താറാവിൽ നിന്നും പരൂന്തിലേക്കുള്ള പരിണാമം അത്യാവശ്യമാണ്.’
   തിളക്കമാർന്ന കണ്ണുകളാൽ ഒരു നിമിഷം അയാളെന്നെ നോക്കി.
    ‘ദാ ഈ ഇറക്കമിറങ്ങി കാണുന്ന ആ ചെറിയ പാടമില്ലെ, അതുകഴിഞ്ഞ് വലത്തെ വശത്തുള്ള രണ്ടാമത്തെ ഗേയ്റ്റ്.’
ഗേയ്റ്റിൽ വണ്ടി നിർത്തി അയാൾ തന്നെ ചെന്ന് ഗേയ്റ്റ് തുറന്ന് ,മുറ്റത്തേക്ക് വണ്ടി കയറ്റി,ഡിക്കി തുറന്ന് ,ലഗ്ഗിജ് ഇറക്കി ഉമ്മറത്തേക്ക് കയറ്റിവച്ചു.
   ‘സമയം പോയതറിഞ്ഞേയില്ല.’
   ഞങ്ങളിരുവരും മുഖാമുഖം നോക്കിച്ചിരിച്ചു.വണ്ടിക്കൂലി രണ്ടായിരത്തി എഴുന്നൂറിന് പകരം മുവ്വായിരം കൊടുത്തപ്പോൾ ബാക്കി മുന്നൂറ് തിരിച്ച് നീട്ടി.
     ‘അതിരിക്കട്ടെ കയ്യിൽ.’ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
    ‘കണക്കിൽപ്പെടാതെ കയ്യിൽ പണം വന്നാൽ കണക്കെഴുത്തുകാരിയോട് നുണ പറയേണ്ടിവരും.’ മുന്നൂറ് തിരിച്ചേല്പിച്ച് നന്ദി പറഞ്ഞ് മങ്ങാത്ത ചിരിയുമായി അയാൾ വണ്ടിയിൽ കയറി ഡോറടച്ചപ്പോൾ അതിലൊട്ടിച്ചിരുന്ന സ്റ്റിക്കർ ദൃഷ്ടിയിൽപ്പെട്ടു — ‘ഈഗിൾ ഒർ ഡക്ക്, യു ഡിസൈഡ്.’

Back to top button
error: