മഞ്ചേരി: ഫുട്ബോളിന്റെ മക്കയായ മലപ്പുറത്തേക്ക് വിരുന്നെത്തിയ സന്തോഷ് ട്രോഫി ടൂർണമെന്റിന് ഇന്ന് വിസിൽ മുഴങ്ങുമ്പോൾ ജില്ല മുഴുവൻ ആവേശത്തിൽ. മലപ്പുറം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കടലുണ്ടിപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ നിൽക്കുന്ന പുൽമൈതാനത്തിലെ വെള്ളിവെളിച്ചത്തിൽ ഇനിയുള്ള 17 രാവുകളിൽ കാൽപന്തുകളിയുടെ ആരവമുയരും. മേയ് രണ്ടിനാണ് ഫൈനല്‍.
ആദ്യമത്സരത്തിൽ കരുത്തരായ ബംഗാൾ അട്ടിമറി വീരന്മാരായ പഞ്ചാബിനെ കോട്ടപ്പടി മൈതാനത്ത് നേരിടും. രാവിലെ 9.30നാണ് മത്സരം. രാത്രി എട്ടിന് കേരളം രാജസ്ഥാനെ പയ്യനാട് സ്റ്റേഡിയത്തിൽ നേരിടും. ഫുട്ബാളിനെ ഇടനെഞ്ചിലേറ്റിയവരുടെ നാട്ടിലേക്ക് വന്ന മത്സരം മലപ്പുറത്തെ കളിപ്രേമികൾ ആവേശത്തോടെയാണ് എതിരേറ്റത്. പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകുമെന്ന് പ്രഖ്യാപിച്ചതോടെ ആവേശം ഇരട്ടിയായി.
പവർഫുൾ പയ്യനാട്
സ്ഥിരമായി വെളിച്ചസംവിധാനം ഇല്ല എന്നതായിരുന്നു പയ്യനാട് സ്റ്റേഡിയത്തിന് ദേശീയ മത്സരങ്ങൾ നഷ്ടപ്പെടാനുള്ള കാരണം. 2014ൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന ഫെഡറേഷൻ കപ്പിന് താൽക്കാലികമായി ലൈറ്റ് സജ്ജമാക്കിയാണ് മത്സരങ്ങൾ നടത്തിയത്. പിന്നീട് തൊട്ടടുത്ത വർഷം സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കും വേദിയായി.
കഴിഞ്ഞ വർഷം തുടക്കത്തിൽതന്നെ നാലുകോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിളക്കുകൾ സജ്ജമാക്കിയത്. നാല് ടവറുകളിലായി 1200 വെർട്ടിക്കൽ ലെഗ്സസ് പ്രകാശ തീവ്രതയുള്ള ലൈറ്റുകളാണ് ഒരുക്കിയത്.
സന്തോഷ് ട്രോഫിക്കായി പിന്നീട് 80 ലക്ഷം രൂപ ചെലവഴിച്ച് 2000 ലെഗ്സസ് ആക്കി ഉയർത്തുകയും ചെയ്തു. 22 ലക്ഷം രൂപ ചെലവഴിച്ച് ട്രാൻസ്ഫോർമറും സ്ഥാപിച്ചു.
കളിക്കാർക്കും മറ്റു ഒഫിഷ്യലുകൾക്കുമുള്ള മുറി, വി.ഐ.പി പവലിയൻ, കാണികൾക്കുള്ള ഗാലറി എന്നിവ പെയിന്റടിച്ച് സജ്ജമാക്കി. വി.ഐ.പി പവലിയൻ കോൺക്രീറ്റ് ചെയ്ത് ഉയരം കൂട്ടി.
ഇലക്ട്രിക് ജോലികൾ പൂർത്തിയാക്കി. മാധ്യമങ്ങൾക്കായി മീഡിയ ഗാലറിയും അതിവേഗ ഇന്റർനെറ്റ് സംവിധാനവും ഒരുക്കി. 25 ഏക്കറിൽ പരന്നുകിടക്കുന്ന സ്പോർട്സ് കോംപ്ലക്സിൽ 1200ലധികം വാഹനങ്ങൾ ഒരേസമയം പാർക്ക് ചെയ്യാനാകുമെന്നതും നേട്ടമാണ്.
ആവേശം കൊടുമുടിയിൽ എത്തുമോ?
നീണ്ട ഇടവേളക്കു ശേഷവും ലഭിച്ച ആദ്യത്തെ മേജർ ടൂർണമെന്റ് ആവേശത്തിലാക്കാനുള്ള തയാറെടുപ്പിലാണ് കായികപ്രേമികൾ. ഫെഡറേഷൻ കപ്പിൽ നിറഞ്ഞുകവിഞ്ഞ മഞ്ചേരിയിലെ ‘മാറക്കാന’ ഇത്തവണയും നിറയുമെന്ന് അവർ ഉറപ്പിച്ച് പറയുന്നു. ഓൺലൈനിലൂടെയും സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റ് വിൽപന പുരോഗമിക്കുന്നുണ്ട്. രണ്ട് ഗ്രൂപ്പുകളിലെ 10 മത്സരങ്ങളും സെമി ഫൈനലും ഫൈനലും അടക്കം 13 മത്സരങ്ങൾക്കാണ് പയ്യനാട് വേദിയാകുക.
കേരളത്തിന്റെ മുഴുവൻ മത്സരങ്ങളും നടക്കുന്നത് പയ്യനാട് ആയതിനാൽ ആരാധകർ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ജില്ലയിൽനിന്നുള്ള ആറ് പേർ ടീമിൽ ഇടം പിടിച്ചതും ഗുണം ചെയ്യും. ഒരേസമയം 25,000 പേർക്ക് കളി കാണാനാകും. ടെലിവിഷനിലൂടെ തത്സമയ സംപ്രേഷണവും ഉണ്ടാകും.
https://chat.whatsapp.com/Db3wE6iYyoh0LZuK06Ju4d
പയ്യനാട് പ്രവേശനം പ്രധാന ഗേറ്റിലൂടെ, കോട്ടപ്പടിയിൽ പാർക്കിങ്ങിന് പ്രത്യേക സൗകര്യം
സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ് നടക്കുന്ന മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മത്സരം കാണാനെത്തുന്നവര്‍ക്ക് മെയിന്‍ ഗേറ്റ് വഴി മാത്രമായിരിക്കും പ്രവേശനം. സ്റ്റേഡിയത്തിന്റെ പ്രധാന കവാടം കടന്നതിന് ശേഷമാണ് പാര്‍ക്കിങ് സൗകര്യം.
മത്സരത്തിന് എത്തുന്ന എല്ലാവര്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം പയ്യനാട് സ്റ്റേഡിയത്തിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിങ്ങിന് ശേഷമാണ് മത്സരത്തിനുള്ള ടിക്കറ്റ് കൗണ്ടര്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഓണ്‍ലൈന്‍, ബാങ്ക് എന്നിവ വഴി ടിക്കറ്റോ സീസണ് ടിക്കറ്റോ എടുക്കാത്തവര്‍ക്ക് കൗണ്ടറിൽനിന്ന് ടിക്കറ്റ് എടുക്കാം.
ടിക്കറ്റ് കൈവശം ഇല്ലാത്തവര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കില്ല. ഗാലറി ടിക്കറ്റ് എടുത്തവര്‍ക്ക് നാല് എൻട്രി പോയന്റിലൂടെ അകത്തേക്ക് പ്രവേശിക്കാം. കസേര ടിക്കറ്റിന് രണ്ടും വി.ഐ.പി കസേര ടിക്കറ്റിന് ഒന്നും എൻട്രി പോയന്റാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. മെയിന്‍ എൻട്രി പോയന്റ് വഴി മത്സരത്തിനുള്ള താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും എ.ഐ.എഫ്.എഫ് പ്രതിനിധികള്‍ക്കും ഓര്‍ഗനൈസിങ് കമ്മിറ്റിയിലെ പ്രമുഖര്‍ക്കും മെഡിക്കല്‍ ടീമിനും മാത്രമായിരിക്കും പ്രവേശനം.
കോട്ടപ്പടി സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുന്നവര്‍ക്കായി പ്രത്യേകം പാര്‍ക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരൂര്‍, പരപ്പനങ്ങാടി റോഡുകളിലൂടെ വരുന്നവര്‍ക്ക് വലിയവരമ്പ് ബൈപാസ് റോഡിലാണ് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് റോഡില്‍ വാറങ്ങോട് (ആര്.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ട്) പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വി.ഐ.പി, ഗസ്റ്റ് എന്നിവര്‍ക്ക് ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യാം. ഗേറ്റ് രണ്ട്, അഞ്ച് എന്നിവയിലൂടെയായിരിക്കും മത്സരം കാണാനെത്തുന്നവര്‍ക്ക് പ്രവേശനം.
സന്തോഷ് ട്രോഫി 2022, കേരള ടീമിനെ പരിചയപ്പെടാം.
ജിജോ ജോസഫ്
കേരളം ആതിഥേയരാകുമ്പോൾ നായകസ്ഥാനമെന്ന നേട്ടം. മിഡ്ഫീൽഡർ. മുമ്പ് വൈസ് ക്യാപ്റ്റനായിരുന്നു. ഇത് ഏഴാം സന്തോഷ്ട്രോഫി. എസ്.ബി.ഐയിൽ തിരുവനന്തപുരത്ത് ക്ലാർക്ക്. നിലവിൽ കെ.എസ്.ഇ.ബിയുടെ അതിഥി താരം. 30 വയസ്. തൂശൂർ തിരൂർ സ്വദേശി.
വി. മിഥുൻ
29 വയസ്സ്. പരിചയസമ്പന്നനായ ഗോൾ കീപ്പർ. 2017-’18ൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കേരളത്തിന് രക്ഷകനായി കിരീടം നേടിക്കൊടുത്ത താരം. 2019-’20ൽ ദക്ഷിണമേഖല യോഗ്യത റൗണ്ടിൽ ക്യാപ്റ്റനായിരുന്നു. 2015 മുതൽ ’19 വരെ അഞ്ച് തവണ ടീമിലിടം നേടി.എസ്.ബി.ഐ ഉദ്യോഗസ്ഥൻ. കണ്ണൂർ സ്വദേശി.
എസ്. ഹജ്മൽ
27 വയസ്സ്. അഞ്ചാം സന്തോഷ് ട്രോഫിയിൽ കളിക്കാനൊരുങ്ങുന്ന ഗോൾ കീപ്പർ. കെ.എസ്.ഇ.ബിയുടെ വിശ്വസ്ത താരം. കഴിഞ്ഞ ദിവസം സമാപിച്ച കേരള പ്രീമിയർ ലീഗിലെ മികച്ച ഗോളി. പാലക്കാട് സ്വദേശി.
ജി. സഞ്ജു
28 വയസ്സ്. രണ്ടു വർഷം മുമ്പ് ദക്ഷിണമേഖല യോഗ്യത മത്സരങ്ങൾ ജയിച്ച കേരള ടീമംഗം. കേരള പൊലീസിന്റെ പ്രതിരോധ ഭടൻ. എറണാകുളം സ്വദേശി.
സോയൽ ജോഷി
20 വയസ്സ്. അണ്ടർ 21 താരം. കെ.പി.എൽ ജേതാക്കളായ ഗോൾഡൻ ത്രഡ്സ് എഫ്.സിയുടെ പ്രതിരോധ താരം. കെ.പി.എല്ലിലെ പ്രകടനം സന്തോഷ് ട്രോഫി ടീമിലേക്കുള്ള വഴി തുറന്നു. കന്നി ചാമ്പ്യൻഷിപ്. എറണാകുളം സ്വദേശി.
മുഹമ്മദ് ബാസിത്
20 വയസ്സ്. കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പ്രതിരോധ താരം. മുംബൈയിൽ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പദ്ധതിയിലൂടെ വളർന്ന താരം. രണ്ടു വർഷമായി ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനൊപ്പം.സന്തോഷ് ട്രോഫിയിൽ ആദ്യം. കോഴിക്കോട് മാത്തോട്ടം സ്വദേശി.
അജയ് അലക്സ്
കെ.പി.എൽ ഫൈനലിലെ മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ശ്രദ്ധേയനായ ഡിഫൻഡർ. ഗോൾഡൻ ത്രഡ്സ് നായകൻ. അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ മൂന്ന് വട്ടം എം.ജി സർവകലാശാലയുടെ ജെഴ്സിയണിഞ്ഞു. 24 വയസ്. സന്തോഷ് ട്രോഫിയിൽ ആദ്യം.
മുഹമ്മദ് ഷഈഫ്
19 വയസ്സ്. ടീമിലെ ബേബി. അണ്ടർ 21 താരം. പറപ്പൂർ എഫ്.സിയുടെ ഡിഫൻഡർ. 2018ൽ ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരളനിരയിൽ കളിച്ചു. കന്നി സന്തോഷ് ട്രോഫി. മലപ്പുറം മഞ്ചേരി സ്വദേശി.
ബിബിൻ അജയൻ
ഗോൾഡൻ ത്രഡ്സ് എഫ്.സിയുടെ പ്രതിരോധത്തിൽ കെ.പി.എല്ലിൽ തിളങ്ങി. സന്തോഷ് ട്രോഫിയിൽ ഇതാദ്യം. 24 വയസ്. എറണാകുളം സ്വദേശി.
നിജോ ഗിൽബർട്ട്
23 വയസ്സ്. കേരള ബ്ലാസ്റ്റേഴ്സിലായിരുന്ന ഈ മിഡ്ഫീൽഡർ അടുത്തിടെ കെ.എസ്.ഇ.ബിയിൽ ചേർന്നു. ഖേലോ ഇന്ത്യ കേരള ടീമംഗമായിരുന്നു. സന്തോഷ് ട്രോഫിയിൽ ആദ്യം. തിരുവനന്തപുരം സ്വദേശി.
മുഹമ്മദ് റാഷിദ്
29 വയസ്സ്. ഗോകുലം കേരളയുടെ കരുത്തനായ മിഡ്ഫീൽഡർ. ഡ്യുറാന്റ് കപ്പിലും ഐ ലീഗിലും ഗോകുലം ജയിച്ചപ്പോൾ ടീമിലുണ്ടായിരുന്നു.
എം. ഫസലുറഹ്മാൻ
27 വയസ്സ് മിഡ്ഫീൽഡർ. സാറ്റ് തിരൂരിന്റെ താരം. മലപ്പുറം സ്വദേശി. സന്തോഷ് ട്രോഫിയിൽ കന്നിപോരാട്ടം.
എൻ.എസ് ഷിഗിൽ
19 വയസ്സ്. അണ്ടർ 21 താരം. ബംഗളൂരു എഫ്.സിയുടെ ജൂനിയർ ടീമംഗം. ദേശീയ സബ്ജൂനിയർ ചാമ്പ്യഷിപ്പിൽ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. സന്തോഷ് ട്രോഫിയിൽ ആദ്യം. മലപ്പുറം സ്വദേശിയാണ് ഈ മിഡ്ഫീൽഡർ.
പി.എൻ. നൗഫൽ
22 വയസ്സ്. ബാസ്കോ ഒതുക്കുങ്ങലിന്റെ മിഡ്ഫീൽഡ് താരം. കോസ്മോസ് തിരുവമ്പാടിയിലൂടെ കാൽപ്പപന്തു കളിയിലേക്കെത്തി. ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസിലൂടെ വളർന്ന താരം. അണ്ടർ 21 ഖേലോ ഇന്ത്യയിൽ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. സന്തോഷ് ട്രോഫിയിൽ ആദ്യം. കോഴിക്കോട് സ്വദേശി.
അർജുൻ ജയരാജ്
26 വയസ്സ്. മിഡ്ഫീൽഡർ. ഗോകുലം കേരളയിലും കേരള ബ്ലാസ്റ്റേഴ്സിലും കളിച്ചു. സുബ്രതോ കപ്പിൽ റണ്ണേഴ്സപ്പായ ടീമിലംഗം. അണ്ടർ 17, 19 ദേശീയ സ്കൂൾ ഫുട്ബാൾ ചാപ്യൻഷിപ്പിലെ കേരള ടീമംഗം. നിലവിൽ കേരള യുനൈറ്റഡ് എഫ്.സിയുടെ ക്യാപ്റ്റൻ. സന്തോഷ് ട്രോഫിയിൽ ആദ്യം.
പി. അഖിൽ
29 വയസ്സ്. 2019ലെ സന്തോഷ്ട്രോഫിയിൽ കളിച്ചു. കേരള യുനൈറ്റഡ് എഫ്.സിയുടെ മിഡ്ഫീൽഡർ. ഓസോൺ എഫ്.സിയിലും മിനർവ പഞ്ചാബിലും ബൂട്ടണിഞ്ഞു. എറണാകുളം സ്വദേശി.
കെ. സൽമാൻ
27 വയസ്സ്. മിഡ്ഫീൽഡർ. ഗോകുലം കേരളയിൽ ഐ ലീഗിലടക്കം പന്ത് തട്ടി. സന്തോഷ് ട്രോഫിയിൽ ആദ്യതവണ. മലപ്പുറം തിരൂർ സ്വദേശി.
എം. വിഘ്നേഷ്
26 വയസ്സ്. ഫോർവേഡ്. ടീമിലെ ‘അതിഥി’ താരം. തമിഴ്നാട് കന്യാകുമാരി പൂത്തറ സ്വദേശി. കെ.പി.എല്ലിൽ കെ.എസ്.ഇ.ബിയുടെ നിരയിലെ ഗംഭീരപ്രകടനത്തിന്റെ പ്രതിഫലമായി കൂടിയെത്തിയ ടീമംഗത്വം. കന്നി സന്തോഷ് ട്രോഫി.
ടി.കെ. ജസിൻ
22 വയസ്സ്. കേരള യുനൈറ്റഡ് എഫ്.സിയുടെ ഫോർവേഡ്. സന്തോഷ്ട്രോഫിയിൽ ആദ്യ അവസരം. മലപ്പുറം സ്വദേശി.
മുഹമ്മദ് സഫ്നാദ്
20 വയസ്സ്. കേരള യുനൈറ്റഡ് എഫ്.സിയുടെ ഫോർവേഡാണ്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളിച്ചിട്ടുണ്ട്. കന്നി സന്തോഷ് ട്രോഫി. വയനാട് സ്വദേശി