പാലക്കാട്∙ എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുപ്പിയോട് അബൂബക്കറിന്റെ മകൻ സുബൈർ (43) ആണ് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.
രണ്ടു കാറിലായാണ് സംഘമെത്തിയതെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗമാണ്. സുബൈറിനൊപ്പം ബൈക്കിൽ യാത്രചെയ്തിരുന്ന പിതാവിനു ബൈക്കിൽനിന്നു വീണ് പരുക്കേറ്റു. സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
സുബൈറിനെവെട്ടിക്കൊന്ന സംഭവത്തിൽ, അക്രമി സംഘം ഉപയോഗിച്ച ഒരു കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇയോൺ കാറിലും ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറിലുമാണ് അക്രമി സംഘം എത്തിയത്. ഇതിൽ ഇയോൺ കാറാണ് ഉപേക്ഷിച്ചത്. കുത്തിയതോടാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം.
പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിനെ ആക്രമിച്ചിട്ടില്ല. പാലക്കാട് എലപ്പുള്ളി ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കി.
എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്.ഡി.പി.ഐ. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍.എസ്.എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത് എന്നും എസ്.ഡി.പി.ഐ പറയുന്നു.
രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍.എസ്.എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്. റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആര്‍.എസ്.എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ ഉന്നത തല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍.എസ്.എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് ഈ സംഭവം നല്‍കുന്നത്.
വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പോലീസ് തയ്യാറാവണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.