സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെഎൽ.ഡി.എഫ് നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങളുണ്ടായേക്കും. പോളിറ്റ് ബ്യൂറോയില്‍ എത്തിയ എ. വിജയരാഘവന്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുത്തലത്ത് ദിനേശനും മാറിയേക്കും. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിസ്ഥാനത്ത് വരുമെന്നാണ് സൂചന.
പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയസംഘടന റിപ്പോര്‍ട്ടില്‍ സിപിഎം പറഞ്ഞിരിന്നു. നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനപ്പെട്ട നേതാക്കള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നേതൃ തലത്തിലെ ധാരണ. അത് കൊണ്ട് പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ. വിജയരാഘവന്‍റെ പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരും. ഇതോടെ പുതിയ ഇടത് മുന്നണി കണ്‍വീനറെ തെരഞ്ഞെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നിവരില്‍ ഒരാള്‍ മുന്നണി കണ്‍വീനറാകുമെന്നാണ് സൂചന.