പഞ്ചാബിനെ തോല്‍വിയിലേക്ക് തള്ളി വിട്ട ആ അംപയര്‍ മലയാളിയാണ്
ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്ത്യന്‍ പ്രീയമിയര്‍ ലീഗിന്റെ 13-ാം സീസണ് കഴിഞ്ഞ ദിവസം കൊടിയേറിയിരുന്നു. ആദ്യ മത്സരത്തില്‍ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് വരവറിയിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇന്നലെ നടന്ന പഞ്ചാബ്-ഡല്‍ഹി മത്സരമാണ്. കളിക്കാര്‍ക്ക് പകരം മത്സരം നിയന്ത്രിച്ച അംപയറാണ് ഈ തവണ കഥയിലെ താരം.
ഡല്‍ഹി-പഞ്ചാബ് മത്സരത്തിലെ 19-ാം ഓവറില്‍ പഞ്ചാബ് താരങ്ങളായ മായങ്ക് അഗര്‍വാളും ക്രിസ് ജോര്‍ദാനും നേടിയ ഡബിളില്‍ ഒരു റണ്‍ ജോര്‍ദാന്‍ ക്രീസില്‍ സ്പര്‍ശിച്ചില്ല എന്ന കാരണത്താല്‍ അംപയര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മത്സരശേഷം ജോര്‍ദാന്‍ ക്രിസീല്‍ സ്പര്‍ശിക്കുന്ന രേഖകളും വീഡിയോകളും പുറത്ത് വന്നതോടെയാണ് വിവാദം കടുത്തത്. അംപയര്‍ നല്‍കാതിരുന്ന ഒരു റണിലാണ് പഞ്ചാബ് തോല്‍വി ഏറ്റു വാങ്ങിയെന്നാണ് പഞ്ചാബ് ആരാധകരുടെ വാദം
ഇതോടെ തെറ്റായ വിധി നിര്‍ണയം നടത്തിയ അംപയര്‍ വാര്‍ത്തകളിലെ താരമായി. അന്വേഷിച്ച് വന്നപ്പോളാണ് കളി നിയന്ത്രിച്ച നിതിന്‍ മേനോന് മലയാളിയാണെന്ന കൗതുകകരമായ വാര്‍ത്ത പുറം ലോകം അറിയുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് നിതിന്‍. അച്ചന് നരേന്ദ്രനും അനിയന് നിഖില്‍ മേനോനും അപംയര്മാരാണ്. അച്ചന്റെ നാട് തൃശ്ശൂരും അമ്മയുടേത് ആലുവയിലുമാണ്. ഭാര്യ സംഗീതയും മലയാളിയാണ്.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലീറ്റ് അംപയറിംഗ് പാനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോര്‍ഡും നിതിന്റെ പേരിലാണ്. പുതിയ പാനലില്‍ നിന്നും ഇംഗ്ലണ്ടിന്റെ നൈജല്‍ ലോങ്ങിനെ ഒഴിവാക്കിയപ്പോഴാണ് നിതിന്‍ ഐപിഎല്ലിലേക്ക് അവസരം കിട്ടിയത്. ഇതുവരെ 3 ടെസ്റ്റുകളും 24 ഏകദിനങ്ങളും 16 ട്വന്റി 20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്. 22-ാം വയസ്സില്‍ കളിക്കളം വിട്ടാണ് നിതിന്‍ അംപയറിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാംപ്യന്മാരെ നിയന്ത്രിച്ച അവസാന ബോളിലെ നിര്‍ണായക വിധിയടക്കം കരിയറില്‍ നിതിനെ ഓര്‍ത്തു വെക്കാന്‍ ഒരുപാട് നിമിഷങ്ങള്‍ കാണികളുടെ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ഷാര്‍ദൂല്‍ താക്കൂറിനെതിരെ മലിംഗയുടെ ബോളില്‍ നിതിന്‍ എല്‍ബി വിധിച്ചതോടെയാണ് മുംബൈ ചാംപ്യന്മാരായി മാറിയത്.