IndiaNEWS

കാറിന്റെ ഗ്ലാസില്‍ വെയില്‍ തടയുന്ന ഫിലിം ഒട്ടിക്കാം; ഒന്നര വര്‍ഷം മുന്‍പ് നിയമഭേദഗതി വന്നിട്ടും ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നു

കൊച്ചി: കാറിന്റെ ഗ്ലാസില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്ന സണ്‍ കണ്‍ട്രോള്‍ ഫിലിം ഒട്ടിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി വന്നിട്ടും അതു കുറ്റകൃത്യമായിക്കണ്ട് വാഹന ഉടമകളില്‍നിന്നു പിഴ ഈടാക്കുന്നതു തുടരുന്നു.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സിന്റെ (ബിഐഎസ്) മാനദണ്ഡങ്ങള്‍ പാലിക്കുന്ന, നിശ്ചിത അളവില്‍ സുതാര്യത ഉള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുന്‍പിന്‍ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാമെന്നു വ്യക്തമാക്കുന്ന ഭേദഗതി കേന്ദ്ര മോട്ടര്‍വാഹന നിയമത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനാണു പ്രാബല്യത്തില്‍ വന്നത്. എന്നാല്‍, മുന്‍പത്തെ നിയമപ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ സണ്‍ ഫിലിമിനെതിരെ നടപടി തുടരുകയാണ് കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്നു ചൂണ്ടിക്കാട്ടി അവിഷേക് ഗോയങ്ക നല്‍കിയ ഹര്‍ജിയില്‍ 2012 ല്‍ ആണ് സുപ്രീംകോടതി, വാഹനങ്ങളുടെ ഗ്ലാസില്‍ ഒരു തരം ഫിലിമുകളും ഒട്ടിക്കരുതെന്ന് ഉത്തരവിട്ടത്.

Signature-ad

മുന്‍പിന്‍ ഗ്ലാസുകളില്‍ 70%, സൈഡ് ഗ്ലാസുകളില്‍ 50% എന്നിങ്ങനെയെങ്കിലും പ്രകാശം കടന്നുപോകണമെന്ന കേന്ദ്ര മോട്ടര്‍ വാഹന നിയമ വ്യവസ്ഥ (ചട്ടം 100) പ്രകാരമായിരുന്നു ഉത്തരവ്. വാഹന നിര്‍മാതാവ് ഈ മാനദണ്ഡപ്രകാരമാകണം ഗ്ലാസുകള്‍ (സേഫ്റ്റി ഗ്ലാസ്) നിര്‍മിക്കേണ്ടത് എന്നതിനാല്‍, പിന്നീട് സുതാര്യത കുറയ്ക്കുന്നത് നിയമവിരുദ്ധമാണെന്നു കോടതി നിരീക്ഷിച്ചു. എന്നാല്‍, കോടതി ഉത്തരവിന് അടിസ്ഥാനമായ നിയമത്തിലും അതിന് സാങ്കേതിക അടിത്തറയേകുന്ന ബിഐഎസ് മാനദണ്ഡങ്ങളിലും (ഐഎസ് 2553) ഭേദഗതി വന്നുകഴിഞ്ഞു. മോട്ടര്‍ വാഹന നിയമത്തിലെ ചട്ടം 100 ല്‍ സേഫ്റ്റി ഗ്ലാസ് എന്നു പറഞ്ഞിരുന്നത് സേഫ്റ്റി ഗ്ലാസും സേഫ്റ്റി ഗ്ലെയ്‌സിങ്ങും എന്നു മാറി. 2020 ജൂലൈയിലാണ് ഈ ഭേദഗതി വിജ്ഞാപനം ചെയ്തത്.

ഗ്ലെയ്‌സിങ് മെറ്റീരിയല്‍ ഒട്ടിച്ചാലും മുന്‍പിന്‍ ഗ്ലാസുകളിലൂടെ കുറഞ്ഞത് 70 ശതമാനവും വശങ്ങളിലെ ഗ്ലാസിലൂടെ കുറഞ്ഞത് 50 ശതമാനവും പ്രകാശം കടന്നുപോകണമെന്നുതന്നെയാണ് ഇപ്പോഴത്തെയും മാനദണ്ഡം. ഈ മാനദണ്ഡം പാലിക്കുന്ന ‘ഗ്ലെയ്‌സിങ് പ്ലാസ്റ്റിക്‌സ്’ ഒട്ടിക്കുന്നത് പുതിയ വ്യവസ്ഥ പ്രകാരം നിയമവിരുദ്ധമല്ല. ഇവയ്ക്കു കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് ബിഐഎസില്‍ പറയുന്നത്.

 

Back to top button
error: