ഓഫ് റോഡിൽ കൂടി ബൈക്കോടിക്കുന്ന സാഹസിക പ്രകടനമായ ‘മഡ്റെയ്സിംഗി’ല്‍ ആറുവയസ്സുകാരന് പരിശീലനം നല്കിയ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്.
ഏപ്രില്‍ 16, 17 തിയതികളിൽ പാലക്കാട് നടക്കുന്ന ‘മഡ് റെയ്സിംഗി’നായി ഇന്നലെ കാടാങ്കോട്, ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതില്‍ ആറു വയസ്സുകാരനെയും പങ്കെടുപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്. ‘മഡ്റെയ്സിംഗ്’ നടത്താന്‍ സംഘാടകര്‍ക്ക് അനുമതി ഉണ്ടായിരുന്നില്ലെന്ന് പാലക്കാട് സൗത്ത് സി.ഐ അറിയിച്ചു.
എന്നാൽ 6 വയസുകാരന് ‘മഡ് റെയ്സിംഗ്’ പരിശീലനം നൽകിയ സംഭവത്തിൽ വിശദീകരണവുമായി സംഘടനാ ഭാരവാഹികൾ.
ട്രാക്ക് കാണാനാണ് കുട്ടിയും പിതാവും എത്തിയത്. ബൈക്കുമായി എത്തിയവർ ഓടിച്ചുതുടങ്ങിയപ്പോൾ കുട്ടിയും അവർക്കൊപ്പം ഓടിച്ചതാണെന്ന് സംഘാടകൻ വിശദീകരിച്ചു. നടന്നത് റെയ്സിംഗ് പ്രാക്ടീസ് അല്ലെന്ന് സംഘാടകൻ ശെൽവ കുമാർ പറഞ്ഞു.
പക്ഷേ ഞായറാഴ്ച കാടംകോട് ഭാഗത്ത് ക്ലബുകാര്‍ സംഘടിപ്പിച്ച മഡ് റെയ്സിംഗ് പരിശീലനത്തിനാണ് കുട്ടിയെ കൊണ്ടുവന്നത്. സാഹസിക പരിശീലനത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് കുട്ടിയെ പങ്കെടുപ്പിച്ചത്. ഈ പരിശീലനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.