NEWSWorld

പാക്കിസ്താനെ പുതിയ താവളമാക്കി ഐ.എസ്. ഭീകരര്‍; ഇന്ത്യയ്ക്ക് ഭീഷണി

ഇസ്ലാംമബാദ്‌: രാഷ്ട്രീയ അനിശ്ചിതത്വം മുറുകിയ പാക്കിസ്താനെ വട്ടമിട്ട് പുതിയൊരു ഭീഷണി. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍വന്നശേഷം, ഗതികിട്ടാതായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് പാക്കിസ്താനെ പുതിയ താവളമാക്കുന്നത്. അഫ്ഗാനില്‍ നിലനില്‍പ്പില്ലാതായ ഐ എസ് ഭീകരര്‍ പാക്കിസ്താനില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് എ പി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിസ്താനില്‍ താലിബാന്റെ ഇന്റലിജന്‍സ് മേധാവിയായ എഞ്ചിനീയര്‍ ബഷീറിനെ ഉദ്ധരിച്ചാണ്, പാക്കിസ്താനെ ഗ്രസിച്ച പുതിയ മഹാവ്യാധിയുടെ വിശദാംശങ്ങള്‍ എ പി പുറത്തുവിട്ടത്. അഫ്ഗാന്‍ താലിബാനുമായി സംഘര്‍ഷത്തിലായ പാക് താലിബാന്‍ പാക്കിസ്താനില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് പിന്നാലെയാണ് ഐ എസും ഇവിടെ താവളമുറപ്പിക്കുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും പ്രതിസന്ധിയിലായ പാക്കിസ്താനില്‍ ഐ എസ് താവളമുറപ്പിക്കുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്.

അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളില്‍ താവളമുറപ്പിച്ച ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാന്‍ എന്ന ഭീകര സംഘടനയെ നേരത്തെ അമേരിക്കന്‍ സൈന്യം താറുമാറാക്കിയിരുന്നു. പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിലെ നര്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു പ്രധാനമായും എ എസിന്റെ ആധിപത്യമുണ്ടായിരുന്നത്. നിരന്തരമായി നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് അന്ന് അമേരിക്കന്‍ സൈന്യം ഐ എസിനെ തകര്‍ത്തത്. എന്നിട്ടും, അതിജീവിച്ച ഐ എസ് പിന്നീട്, അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു പിന്നാലെ 2021 ഓഗസ്ത് 26-ന് കാബൂള്‍ വിമാനത്താവളത്തില്‍ 40 പേര്‍ കൊല്ലപ്പെടാനിടയായ ചാവേര്‍ ബോംബാക്രമണങ്ങള്‍ നടത്തി ലോകത്തെ ഞെട്ടിച്ചിരുന്നു.

അമേരിക്ക സ്ഥലം വിട്ടതിനു പിന്നാലെ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്ത താലിബാനുമായും ഐ എസ് പ്രശ്നത്തിലായിരുന്നു. അധികാരത്തില്‍ എത്തിയതിനു പിന്നാലെ താലിബാന്‍ കാബൂളിലും മറ്റ് നഗരങ്ങളിലുമുള്ള ജയിലുകളിലെ ഐ എസ് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ആശയപരമായ സംഘര്‍ഷം മൂര്‍ച്ഛിച്ചതിനു പിന്നാലെ, 2021 ഒക്ടോബര്‍ രണ്ടിന് താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദിന്റെ മാതാവിന്റെ ഖബറടക്കം നടന്ന പള്ളിയില്‍ ഐ എസ് നടത്തിയ ചാവേറാക്രമണത്തില്‍ ആറ് താലിബാന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഒക്ടോബറില്‍ താലിബാന്‍ ഐ എസിനെതിരെ കനത്ത ആക്രമണം നടത്തി. വടക്കന്‍ കാബൂളിലെ ഖൈര്‍ ഖാനയിലെ ഐസിസ് ഒളിത്താവളത്തില്‍ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഐസിസുകാരാണ് കൊല്ലപ്പെട്ടത്. അതിനു ശേഷം, ഐ എസ് തിരിച്ചടിച്ചു. അഫ്ഗാന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി താലിബാനെതിരെ ആക്രമണങ്ങള്‍ നടന്നു. താലിബാന്റെ സൈനികാശുപത്രിയ്ക്കു നേരെയും ഐ എസ് ആക്രമണം നടത്തി. അതിനുപിന്നാലെ, ഐ എസ് കേന്ദ്രങ്ങളില്‍ താലിബാന്‍ തുടരുന്ന ആക്രമണങ്ങളില്‍ അവര്‍ക്ക് അടിപതറി. അതിനു ശേഷമാണ് ഐ എസ് അഫ്ഗാനില്‍നിന്നും പാക്കിസ്താനിലേക്ക് ചുവടുമാറ്റിയത്.

ആറു ദിവസം മുമ്പ് പാക്കിസ്താനിലെ പെഷാവറില്‍ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഐ എസ് ആയിരുന്നു. 59 പേരാണ് അന്ന് സ്ഫോടനത്തില്‍ മരിച്ചത്. ഖിസ ക്വനി ബസാര്‍ മേഖലയിലെ ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ എസ് ഏറ്റെടുത്തു. താലിബാനില്‍നിന്നും വ്യത്യസ്തമായി കടുത്ത ഷിയാ വിരുദ്ധരാണ് ഐ എസ്. ഷിയാ വിരുദ്ധ സുന്നി തീവ്രവാദികളുടെ സഹായത്തോടെ പാക്കിസ്താനില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് ഇവര്‍ പദ്ധതിയിടുന്നതെന്നാണ് അഫ്ഗാന്‍ താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോത്രവര്‍ഗ ആചാരങ്ങള്‍ പിന്തുടരുന്ന താലിബാനില്‍നിന്നും ആശയപരമായി തന്നെ വ്യത്യസ്തരാണ് ഐ എസ്. കൊടുംക്രൂരതയിലൂടെ ജനങ്ങളില്‍ ഭീതിപടര്‍ത്തുന്നതാണ് ഇവരുടെ തന്ത്രം. ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇംറാന്‍ ഖാന്റെ പുറത്താവലോടെ പാക്കിസ്താനില്‍ നിലവില്‍വന്ന അരക്ഷിതാവസ്ഥ മുതലെടുത്ത് കൂടുതല്‍ ശക്തി സംഭരിക്കാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം. യാഥാസ്ഥിതിക കക്ഷികളുടെ മുന്‍കൈയില്‍ ശക്തിപ്രാപിക്കുന്ന അമേരിക്കന്‍ വിരുദ്ധ സഖ്യത്തിനൊപ്പം ചേര്‍ന്ന് പാക്കകിസ്താനില്‍ രാഷ്ട്രീയമായ ഇടം നേടുകയാണ് അവരുടെ പുതിയ തന്ത്രം.

ഐ എസിനെ അഫ്ഗാനിസ്താനില്‍ നേരിട്ട് പരാജയപ്പെടുത്തിയ അമേരിക്കന്‍ സേനയുടെ അഭാവമാണ് ഇവര്‍ക്കിപ്പോള്‍ ഗുണകരമായി മാറിയത്. അഫ്ഗാനിസ്താനില്‍ യു എസിന് ഇപ്പോള്‍ സ്വാധീനമില്ല. പാക്കിസ്താനിലെ പുതിയ രാഷ്ട്രീയ സാഹചര്യവും യു എസിന് അനുകൂലമല്ല. യു എസ് ഇന്റലിജന്‍സിന് ഇവിടങ്ങളിലൊന്നും പഴയ മേല്‍ക്കൈയുമില്ല. ഈ സാഹചര്യം തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് ഐ എസിന്റെ പ്രതീക്ഷ. എന്നാല്‍, പാക്കിസ്താനില്‍ ഐ എസും താലിബാനും ശക്തമാവുന്നത് ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. പാക്കിസ്താനില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉണ്ടാവുകയും ഐ എസ് അടക്കമുള്ള ഭീകരസംഘടനകള്‍ ശക്തമാവുകയും ചെയ്യുന്നത് മേഖലയെ തന്നെ സംഘര്‍ഷഭൂമിയാക്കി മാറ്റുമെന്നാണ് പ്രതിരോധ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ അനുമാനം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: