തിരുവനന്തപുരം:കേരളത്തിലേക്ക് അതിഥി തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരുന്നതിന് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രി വി.ശിവൻകുട്ടി.ഇതിനായി തൊഴിലാളികളെ എത്തിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ക്ക് ചില നിബന്ധനകള്‍ കൊണ്ടുവരും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെ പരിശോധിക്കുന്നതിന് പോലീസ് വെരിഫിക്കേഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷനായ GUEST APP ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.അതിഥി തൊഴിലാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ആപ്പ് വികസിപ്പിച്ചത്.തൊഴിലിടങ്ങളില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്തി, മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത്, രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും.പദ്ധതിയില്‍ അംഗമായിക്കഴിഞ്ഞവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക. ടെര്‍മിനല്‍ ബെനഫിറ്റ്‌സ്, മരണാനന്തര ആനുകൂല്യം, ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ധനസഹായം, പ്രസവ ആനുകൂല്യങ്ങള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ഇത്തരത്തിൽ ലഭിക്കും. പദ്ധതിയില്‍ അംഗത്വമെടുത്തവര്‍ക്കുള്ള കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.