NEWS

‘ഹിന്ദി തെരിയാത് പോടാ’: അമിത് ഷായ്ക്കെതിരെ തമിഴ്നാട്ടിൽ ഹാഷ് ടാഗ് ക്യാമ്ബയില്‍

ന്യൂഡൽഹി അമിത്ഷായുടെ  ഹിന്ദി വാദത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.സിപിഐഎമ്മും ഡിഎംകെ അടക്കമുള്ള ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധമറിയിച്ചതിന് പിന്നാലെ എതിര്‍പ്പുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്.
ഇംഗ്ലീഷിന് ബദലാകണം ഹിന്ദിയെന്നും വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം ഹിന്ദിയില്‍ സംസാരിക്കണമെന്നുമുള്ള അമിത്ഷായുടെ പ്രസ്താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പിന്നാലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ഓര്‍മ്മപ്പെടുത്തി രാജ്യത്തിന്‍റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് ഡിഎംകെ മുന്നറിയിപ്പ് നല്‍കി. ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളും, തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ശക്തമാക്കിയിരിക്കുന്നത്. ഹിന്ദി ഹിന്ദു ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് അമിത്ഷാ ശ്രമിക്കുന്നതെന്നും, നിര്‍ദ്ദേശം പാലിക്കാന്‍ സൗകര്യമില്ലെന്നും ലോക്സഭ കക്ഷി നേതാവ് അധ്ര്‍ രഞ്ജന്‍ ചൗധരി തുറന്നടിച്ചു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ തമിഴ് നാട്ടില്‍ തുടങ്ങിയ ‘ഹിന്ദി തെരിയാത് പോടാ’ എന്ന ഹാഷ് ടാഗ് ക്യാമ്ബയില്‍ ദേശീയ തലത്തിലും പ്രചരിക്കുകയാണ്.
ഒരു രാജ്യം ഒരു ഭാഷ എന്ന അജണ്ട നടപ്പാക്കാനുള്ള ബിജെപി നീക്കമാണ് അമിത്ഷായുടെ പ്രസ്താവനക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. വിലക്കയറ്റമടക്കം രാജ്യം നേരിടുന്ന നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കൗശലമായും വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ വിവാദമായതോടെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് അമിത്ഷാ പറഞ്ഞതെന്ന ന്യായീകരണമാണ് ബിജെപി ഉന്നയിക്കുന്നത്.

Back to top button
error: