കോഴിക്കോട് യുവതിക്ക് ഫ്ലാറ്റെടുത്ത് നൽകി എന്നാരോപിച്ച് പോലീസുകാരന് സസ്പെൻഷൻ. ഉന്നത ഉദ്യോഗസ്ഥനെതിരെ പോസ്റ്റ് ഇട്ടു എന്നതിന്റെ പേരിൽ 2019ൽ സസ്പെൻഡ് ചെയ്യപ്പെട്ട ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരൻ ആണ് വീണ്ടും സസ്പെൻഷനിൽ ആയിരിക്കുന്നത്. അതേസമയം, ഉത്തരവിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി ഉത്തരമേഖല ഐ ജിക്കു പരാതി നൽകി.
മകളെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് പോയി ഫ്ലാറ്റെടുത്ത് താമസിപ്പിച്ചു എന്ന് ‘അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. നിയമപരമായി വിവാഹ മോചനം നേടാത്ത പോലീസുകാരൻ യുവതിയെ ഫ്ലാറ്റ് എടുത്ത് താമസിപ്പിക്കുന്നത് അച്ചടക്ക ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണറുടെ നടപടി.
എന്നാൽ ഗായികയും സംഗീത സംവിധായികയുമായ താൻ വീട്ടുകാരുമായുള്ള പ്രശ്നം കാരണം ഫ്ലാറ്റ് എടുത്ത് താമസിക്കുക ആണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പ്രായപൂർത്തി ആയ തനിക്ക് സ്വന്തമായ നിലയിൽ ഫ്ലാറ്റ് എടുത്ത് താമസിക്കാൻ അവകാശം ഉണ്ട്. എന്നാൽ ഫ്ലാറ്റ് എടുത്ത് തന്നു തന്നെ താമസിപ്പിക്കുക ആണെന്നും പോലീസുകാരൻ നിത്യ സന്ദർശകൻ ആണെന്നുമുള്ള കമ്മീഷണറുടെ സസ്പെൻഷൻ ഓർഡറിലെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കൽ ആണെന്ന് യുവതി ചൂണ്ടിക്കാട്ടുന്നു.