കൊത്തുപൊറോട്ട ഒരു തമിഴ് ‘നാടൻ’ തട്ടുകട വിഭവമാണ്.മുട്ടപൊറോട്ടയെന്നും ഇത് അറിയപ്പെടുന്നു. പൊറോട്ടയ്ക്കൊപ്പം മുട്ടയും എരിവും മുളകുമെല്ലാം ചേര്‍ക്കുമ്പോള്‍ അടിപൊളി വിഭവമായി മാറും ഇത്.ഒറ്റയൊരെണ്ണം മതി വയർ നിറയാൻ.വേണമെങ്കിൽ ചിക്കനും ചേർത്ത് കുറച്ചു കൂടി ആഢംബര വിഭവമാക്കാം ഇത്.കിടിലൻ കൊത്തുപൊറോട്ട വീട്ടിൽ തയ്യാറാക്കിയാലോ..?
ചേരുവകൾ(നാല് പേർക്ക് കഴിക്കാവുന്ന കണക്ക്)
പൊറോട്ട- 5
സവാള- 2
പച്ചമുളക്- 5
തക്കാളി- 2
കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
മുട്ട- 3
ഉപ്പ്, എണ്ണ – ആവശ്യത്തിന്
കറിവേപ്പില- മൂന്ന് തണ്ട്
മല്ലിയില- ഒരു പിടി
ചിക്കന്‍(ആവശ്യമെങ്കിൽ മാത്രം)- ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് എല്ലില്ലാതെ വേവിച്ചുടച്ചത്- കാല്‍കിലോ
തയ്യാറാക്കുന്ന വിധം
പൊറോട്ട ചെറുതായി മുറിച്ചെടുക്കണം.പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വെച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം.അതേ ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം.
നന്നായി വഴറ്റിക്കഴിയുമ്പോള്‍ ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം.ശേഷം മുട്ടയും തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും ചേര്‍ക്കാം.ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ആയി വരുമ്പോള്‍ ഇതിലേക്ക് മൊരിയിച്ച് വെച്ചിരിക്കുന്ന പൊറോട്ട കൂടി (നുള്ളി) ചേര്‍ക്കാം.പിന്നീട് ഇത് ചട്ടുകമോ,സ്റ്റീൽ ഗ്ലാസോ ഉപയോഗിച്ച്(മുട്ടത്തോരൻ/പൊരിയൽ) പോലെ ഒന്നുകൂടി പൊടിയാക്കാം സ്വാദിനായി അല്പം മല്ലിയില കൂടി ചേര്‍ക്കാം.ചൂടോട് തന്നെ നല്ല ചിക്കന്‍ കൊത്തു പൊറോട്ട കഴിക്കാവുന്നതാണ്.(ചിക് കൻ ഇല്ലെങ്കിലും കുഴപ്പമില്ല.മുട്ടമാത്രം മതി)