വേനൽമഴ ഇന്ന് സംസ്ഥാനമാകെ തകർത്ത് പെയ്തു. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടായിരുന്നു. പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു. കോട്ടവട്ടം സ്വദേശി സുരേഷിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. വയനാട് മീനങ്ങാടിയിൽ അഞ്ച് വീടുകളുടെ മേൽക്കൂരകൾ തകർന്നു.
എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു. പലയിടത്തും മഴക്കൊപ്പം കാറ്റും വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി. കോതമംഗലം കുട്ടമ്പുഴയിൽ ആറ് വീടുകളുടെ മേൽക്കൂരകൾ തകർന്നു. തട്ടേക്കാട്- കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ഇലക്ട്രിക്ക് പോസ്റ്റിലേക്ക് മരങ്ങൾ വീണ് ഇലക്ട്രിസിറ്റി തടസപ്പെട്ടു.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു. കൂരാച്ചുണ്ട് മേഖലയില്‍ മരങ്ങള്‍ കടപുഴകി. കൃഷിനാശവും ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് ശക്തമായ മഴയും കാറ്റും മൂലം ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കാലിക്കറ്റ് സര്‍വകലാശാലയുടെ മൈതാനത്ത് നടന്ന മത്സരങ്ങളാണ് നിര്‍ത്തിവച്ചത്. മൈതാനത്ത് നിര്‍മിച്ചിരുന്ന പന്തല്‍ കാറ്റില്‍ തകര്‍ന്നു.
കോട്ടയത്ത് കനത്ത മഴയിൽ കോടിമത നാലുവരിപ്പാതയിൽ വാഹനങ്ങൾ കൂട്ടയിടിച്ചു.
അശ്രദ്ധമായി വലിയ വാഹനത്തെ മറികടന്നെത്തിയ കാർ, വലത്തേയ്ക്ക് വെട്ടിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.
പുറകെ വന്ന മിനി ലോറി കാറിലും പിന്നാലെ എത്തിയ മറ്റൊരു ബൊലേറോ ജീപ്പ് മിനി ലോറിയിലും ഇടിച്ചു
അപകടത്തെ തുടർന്ന് എം.സി റോഡിൽ നാലുവരിപ്പാതയിൽ ഗതാഗതക്കുരുക്കും ഉണ്ടായി. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം
ശക്തമായ മഴയിലും കാറ്റിലും കുന്നംകുളം അഞ്ഞൂര് റോഡിൽ ചിറ്റഞ്ഞൂർ ഇമ്മാനുവൽ സ്കൂളിന് സമീപം കൂറ്റൻ മുത്തശ്ശി പൂമരം കടപുഴകി വീണു. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. വൈദ്യുത കമ്പികളും പൊട്ടി വീണു. ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളത്ത് നിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
ശക്തമായ മഴയും കാറ്റും. കോഴിക്കോടും കൊല്ലത്തും കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായി. അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലും മഴ കൂടുതൽ കിട്ടും. പത്തനംതിട്ട, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ശക്തമാവുകയാണ്. മലപ്പുറം എറണാകുളം കോഴിക്കോട് ഇടുക്കി , കൊല്ലം, കോട്ടയം എന്നീ ജില്ലകളിൽ മഴയിൽ കനത്ത നാശ നഷ്ടമുണ്ടായി. വീശിയടിച്ച കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി വീണു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ കാറ്റിൽ വ്യാപക കൃഷി നാശമുണ്ടായതായാണ് വിവരം. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മഴ ശക്തമായിരുന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കും. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോടുകൂടി 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യത.