കൊച്ചി: മൂവാറ്റുപുഴ ജപ്തിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം. ജപ്തി നടപടിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി.
പാവപ്പെട്ടവര്‍ക്ക് എതിരെ ജപ്തി നടപടി സ്വീകരിക്കുമ്പോള്‍ താമസിക്കുന്നതിനുള്ള പകരം സംവിധാനം കണ്ടെത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. വീട്ടുടമസ്ഥനായ അജേഷ് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നപ്പോഴാണ് വീട് ജപ്തി ചെയ്തത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല.
എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് പിന്നാലെ വിശദീകരിച്ചത്. എന്നാല്‍ ജപ്തി ചെയ്ത വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കിയിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്.