KeralaNEWS

ചട്ടംലംഘിച്ച് സമരത്തിനാഹ്വാനം ചെയ്തു; ഇടത് സംഘടനാ നേതാവിനെ സസ്‌പെന്റ് ചെയ്ത് കെഎസ്ഇബി ചെയര്‍മാന്‍,

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവിന് സസ്‌പെന്‍ഷന്‍. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെയാണ് ബോര്‍ഡ് ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത്. സര്‍വ്വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയര്‍മാന്‍ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷന്‍. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാര്‍.

നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോര്‍ഡ് ചെയര്‍മാന്‍ പ്രതികാരം ചെയ്യുകയാണെന്ന് സുരേഷ് കുമാര്‍ പ്രതികരിച്ചു. കെഎസ് ഇബി ചെയര്‍മാന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. സസ്‌പെന്‍ഷന്‍ നടപടിയിലൂടെ ചെയര്‍മാന്‍ ഇടത് സംഘടനയോടുള്ള പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് കുമാര്‍ കുറ്റപ്പെടുത്തി. തുടര്‍ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാര്‍ പ്രതിഷേധിക്കുകയാണ്.

Signature-ad

കെഎസ്ഇബി ചെയര്‍മാനും വൈദ്യുതി ബോര്‍ഡിലെ സിപിഎം അനുകൂല ഓഫീസേഴ്‌സ് സംഘടനയും വീണ്ടും നേര്‍ക്കുനേര്‍ പോരിനിറങ്ങുകയാണ്. ഡയസ്‌നോണ്‍ ഉത്തരവ് തള്ളി വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ സിപിഎം അനുകൂല ഓഫീസേഴ്‌സ് സംഘടന അര്‍ദ്ധദിന സത്യഗ്രഹം നടത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിന്‍ബാനുവിന്റെ സസ്‌പെന്‍ഷനാണ് പുതിയ പോരിന് വഴിവച്ചിരിക്കുന്നത്. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തിയതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.

എന്നാല്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിന്‍ അവധിയില്‍ പോയതെന്ന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. സസ്‌പെന്‍ഷന്‍ പിന്‍വിലക്കാന്‍ നിവേദനം നല്‍കിയ ജീവനക്കാരിയെ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഈ സമരമാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്‌പെന്‍ഷനിലേക്ക് വഴിവെച്ചത്.

 

Back to top button
error: