ഇന്ധന വില വർധനവിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് പത്മജ വേണുഗോപാല്‍ ഫേസ്ബുക്കിൽ കുറിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ കുറ്റപ്പെടുത്തി.
2014 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു. അന്ന് ദില്ലിയിലെ പെട്രോൾ വില 71.51 രൂപ. ഡീസലിന് 57.28 രൂപയും മാത്രം. 14.23 രൂപയായിരുന്നു പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം. ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രമുള്ളപ്പോൾ പെട്രോളിന് 115 രൂപയാണെന്നും പദ്മജ പറഞ്ഞു.
2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. 40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി. എന്നാൽ ഇന്ധന വിലയിൽ ജനങ്ങൾക്ക് പ്രയോജനം ലഭിച്ചില്ല. ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സൈസ് ഡ്യൂട്ടി ചുമത്തിയത്. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മോദി സർക്കാർ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പദ്മജ വിമർശിച്ചു.