ജൂണിൽ കരാർ കാലാവധി അവസാനിക്കുന്ന ഉസ്മൻ ഡെംബെലെയെ ക്ലബ്ബിൽ നിലനിർത്താനുള്ള ശ്രമങ്ങളുമായി ബാഴ്സലോണ. ഡെംബെലെയെ ഒഴിവാക്കാൻ ജനുവരിയിൽ ബാഴ്സ ശ്രമം നടത്തിയിരുന്നു. പുതിയ ക്ലബ് കണ്ടെത്തണമെന്ന് താരത്തോട് ക്ലബ് ആവശ്യപ്പെട്ടു.
എന്നാൽ, ഏറ്റവും പുതിയ സൂചനപ്രകാരം ബാഴ്സയുടെ മനം മാറിയിട്ടുണ്ട്. അതിൽ നിർണായക പങ്ക് വഹിച്ചത് പുതിയ പരിശീലകൻ ചാവി ഹെർണാണ്ടസ് ആണ്. ജനുവരി മുതൽ ചാവി ഡെംബെലെയെ സ്ഥിരമായി ടീമിൽ ഉൾപ്പെടുത്തി.
ഡെംബെലെയെ ഒഴിവാക്കാനുള്ളതാണെന്നും സൈഡ്ബെഞ്ചിൽ ഇരുത്തിയാൽ മതിയെന്നുമുള്ള ശബ്ദങ്ങൾക്ക് ചെവികൊടുക്കാതെയായിരുന്നു ചാവിയുടെ നീക്കം.ചാവിക്ക് ഡെംബെലെയിൽ പൂർണവിശ്വാസമുണ്ടെന്നതാണ് താരവുമായി കരാർ പുതുക്കാനുള്ള ശ്രമം ക്ലബ് നടത്താനുള്ള പ്രധാന കാരണം.
നിലവിൽ ലാ ലിഗയിൽ രണ്ടാംസ്ഥാനത്തേക്ക് ബാഴ്സ ഉയർന്നതിൽ നിർണായക പങ്ക് വഹിച്ചത് ഈ ഫ്രഞ്ച് താരമാണ്. ഇരുപത്തിനാലുകാരനായ ഡെംബെലെ ബാഴ്സ വിടാനുള്ള നീക്കത്തിന്റെ ഭാഗമായി ഫ്രഞ്ച് ക്ലബ് പാരീസാൻ ഷെർമയ്നുമായി വാക്കാൽ സമ്മതം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ബാഴ്സ സ്പോർട്ടിംഗ് ഡയറക്ടർ മത്തേവു അലെമാനി ഡെംബെലെയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമായി താരത്തിന്റെ ഏജന്റിനെ കണ്ടതായാണ് വിവരം.