BusinessTRENDING

എല്‍ഐസി ഐപിഒ:വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും

ല്‍ഐസി ഐപിഒയിലൂടെ (പ്രാരംഭ ഓഹരി വില്‍പ്പന) വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയേക്കും. ഐപിഒയിലൂടെ എല്‍ഐസിയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു ട്രില്യണിലധികം വിപണി മൂല്യമുള്ള കമ്പനികള്‍ ഐപിഒ നടത്തുമ്പോള്‍ കുറഞ്ഞത് 5,000 കോടി രൂപ മൂല്യമുള്ള 5 ശതമാനം ഓഹരികളെങ്കിലും വില്‍ക്കണമെന്നതാണ് രാജ്യത്തെ നിയമം. സെബിക്ക് നല്‍കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 5 ശതമാനം അല്ലെങ്കില്‍ 316 മില്യണ്‍ ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി അറിയിച്ചത്. ആകെ 6.32 ബില്യണ്‍ ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്. റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിക്കുമ്പോള്‍ ആയിരിക്കും എത്ര ശതമാനം ഓഹരികളാണ് വില്‍ക്കുക എന്നതില്‍ വ്യക്ത ലഭിക്കൂ.

Signature-ad

5 ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ ലക്ഷ്യമിടുന്ന 63,000 കോടിയിലധികം രൂപ കേന്ദ്രത്തിന് എല്‍ഐസി ഐപിഒയിലൂടെ കണ്ടെത്താനാവും. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുകയിലും അധികമായിരിക്കും എല്‍ഐസി ഐപിഒയിലൂടെ മാത്രം ലഭിക്കുക.

2022-23 കാലയളവില്‍ ഓഹരി വില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എല്‍ഐസി ഐപിഒ നടക്കാതെ വന്നതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 78,000 കോടിയുടെ ഓഹരി വില്‍പ്പന എന്ന ലക്ഷ്യം സര്‍ക്കാരിന് നേടാന്‍ ആയിരുന്നില്ല. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായി വിപണിയിലുണ്ടായ ചാഞ്ചാട്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട എല്‍ഐസി ഐപിഒ നീണ്ടുപോകാന്‍ കാരണം. നിലവിലെ വിപണി സാഹചര്യം ഐപിഒയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.

ഇന്ത്യന്‍ വോളറ്റൈല്‍ ഇന്‍ഡക്സ് നിലവില്‍ 18.57 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സാധാരണ ഗതിയില്‍ 14-15ല്‍ ആണ് വോളറ്റൈല്‍ ഇന്‍ഡക്സ് നില്‍ക്കേണ്ടത്. സെബിയില്‍ നിന്ന് ലഭിച്ച അനുമതി പ്രകാരം മെയ് 12 വരെ ഐപിഒ നടത്താന്‍ എല്‍ഐസിക്ക് സമയം ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ആണ് എല്‍ഐസി ഒരുങ്ങുന്നത്.

Back to top button
error: