കൊച്ചി: വി.ഡി. സതീശന്‍ ഐഎന്‍ടിയുസി പോര് കനക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന് നേതാവ് കെ.വി. തോമസ്. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണുള്ളതെന്നും ഐഎന്‍ടിയുസി ഒരു സ്വതന്ത്ര തൊഴിലാളി സംഘടനയാണെന്നും കെ.വി. തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഐഎന്‍ടിയുസിയെ നയിക്കുന്ന നേതാക്കളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ് നേതാക്കളുമാണ്.
എന്നാല്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പോലെയുള്ള കോണ്‍ഗ്രസിന്റെ പോഷക സംഘടനയായി ഐഎന്‍ടിയുസിയെ ഇതുവരെ കണക്കാക്കിയിട്ടില്ല. കോണ്‍ഗ്രസിന് ഐഎന്‍ടിയുസിയുടെ കാര്യങ്ങളില്‍ നിയന്ത്രണവുമില്ല. വളരെക്കാലം കേന്ദ്ര മന്ത്രിയും ഐഎന്‍ടിയുസിയുടെ അഖിലേന്ത്യ ട്രഷററും സംസ്ഥാന പ്രസിഡന്റുമായിരുന്ന സി എം സ്റ്റീഫന്‍, കോണ്‍ഗ്രസ് – ഐഎന്‍ടിയുസി ബന്ധത്തെ അമ്മയും കുഞ്ഞും തമ്മിലുളള പൊക്കിള്‍ കൊടി ബന്ധമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും ഐഎന്‍ടിയുസി മറ്റ് ജനാധിപത്യ സംഘടനകളുമായി കൈകോര്‍ത്ത് സമരം ചെയ്തിട്ടുണ്ട്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, എഫ്എസിടി തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങളില്‍ സഹോദര ജനാധിപത്യ സംഘടനകളുടെ കൊടി കൂട്ടി കെട്ടി സമരം നടത്തിയ പാരമ്പര്യവും ഉണ്ട്. ഐഎന്‍ടിയുസിയുടെ ദേശീയ സമ്മേളനത്തില്‍ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
തൊഴിലാളികളുടെ സമരം വരുമ്പോള്‍ അക്രമം ഒഴിവാക്കി ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒന്നിച്ചാണ് മുന്നേറേണ്ടതെന്നും കെ.വി. തോമസ് വ്യക്തമാക്കി. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. ദേശീയ പണിമുടക്കിന് പിന്നാലെയാണ് സതീശനും ഐഎന്‍ടിയുസിയും തമ്മിലുള്ള പോര് കനത്തത്. പ്രതിപക്ഷനേതാവിനെതിരെ ഐഎന്‍ടിയുസി ചങ്ങനാശ്ശേരിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരായ വാദങ്ങളെ തള്ളിയ ഐഎന്‍ടിയുസി സംസ്ഥാന നിര്‍വാഹക സമിതിയംഗം പിപി തോമസ്, പ്രകടനത്തിന് പിന്നില്‍ മറ്റാരുമില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
ഞങ്ങള്‍ പ്രകടിപ്പിച്ചത് തൊഴിലാളികളുടെ വികാരമാണ്. അതിനാല്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ 150 വോട്ട് തികച്ച് കിട്ടാത്തവരാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായി ഇരിക്കുന്നതെന്നും തോമസ് പരിഹസിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരെ കുത്തിത്തിരിപ്പ് ആരോപണം ഉയര്‍ത്തിയ പ്രതിപക്ഷ നേതാവിനെ തള്ളിയ പിപി തോമസ് സതീശനൊപ്പമാണ് കുത്തിത്തിരിപ്പുകാരുളളതെന്നും തിരിച്ചടിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി കാണാന്‍ വിളിച്ചിരുന്നുവെന്നും തോമസ് വെളിപ്പെടുത്തി. സ്ഥലത്തില്ലാതിരുന്നതിനാല്‍ തനിക്ക് കാണാന്‍ പോകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അറിയിച്ചു.