NEWSWorld

വിനോദ, വിസ്മയ, സാങ്കേതിക വൈവിധ്യങ്ങളുടെ ഉത്സവം, ദുബായ് എക്‌സ്‌പോയിൽ മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദി അറേബ്യക്ക്

ദുബായ്: അറബ് ലോകത്തെ വിസ്മയിപ്പിച്ച രാജ്യാന്തര എക്‌സ്‌പോക്ക് തിരശ്ശീല വീണു. സെപ്തംബര്‍ 30നാണ് അല്‍ വാസല്‍ പ്ലാസയില്‍ എക്‌സ്‌പോ ആരംഭിച്ചത്. 6 മാസങ്ങൾ നീണ്ട വിശ്വമേളയില്‍ ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍ പങ്കെടുത്തു.
എക്‌സ്‌പോയിലെഏറ്റവും വിസ്തൃതിയുള്ള മികച്ച പവലിയനുള്ള ഗോള്‍ഡ് മെഡല്‍ സൗദി അറേബ്യ നേടി. സ്വിറ്റ്‌സര്‍ലണ്ട് രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും നേടി.

സംഗീതലോകത്തെ താരങ്ങളായ ക്രിസ്റ്റീന അഗ്യുലേര, നോറ ജോൺസ്, യോയോ മാ എന്നിവരുടെ പരിപാടികൾ സമാപന ചടങ്ങുകൾക്ക് താളക്കൊഴുപ്പേകി.
ജൂബിലി സ്റ്റേജിലും മില്ലേനിയം ആംഫി തിയേറ്ററിലും പുലരുവോളം നൃത്തസംഗീതപരിപാടികളും അരങ്ങേറി.

Signature-ad

എക്സ്പോയുടെ ഭാഗമായി രൂപകല്പന ചെയ്ത 745 വസ്ത്രങ്ങളുടെ പ്രദർശനം, കുരുന്നുകൾ ആലപിക്കുന്ന യു.എ.ഇ. ദേശീയഗാനം, യാസ്മിന സബ്ബയുടെ നേതൃത്വത്തിൽ എ.ആർ. റഹ്മാന്റെ ഫിർദൗസ് ഓർക്കസ്ട്രയുടെ പ്രത്യേക അവതരണം എന്നിവയുമുണ്ടായിരുന്നു. ഹറൗത് ഫാസ്ലിയാനും 16 സംഗീതവിദഗ്ധരും അണിനിരക്കുന്ന പരിപാടി, ഇറ്റാലിയൻ പിയാനിസ്റ്റ് എലിയോനോര കോൺസ്റ്റാന്റിനിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ എന്നിവയും ചടങ്ങിന് കൊഴുപ്പേകി.
തുടർന്ന് എക്‌സ്‌പോ പതാക യു.എ.ഇ മന്ത്രിയും എക്‌സ്‌പോ കമ്മീഷണറുമായ ഷെയ്ഖ് നഹ്യാന്‍ മുബാറാക് അല്‍ നഹ്യാന്‍ അടുത്ത വിശ്വമേളയുടെ ആതിഥേയരായ ജപ്പാന്‍ പ്രതിനിധി ജയ് ചുൽ ചോയ്ക്ക് കൈമാറി.

വിനോദ, വിസ്മയ, സാങ്കേതിക, വൈവിധ്യങ്ങളുടെ ആഘോഷമായ എക്‌സ്‌പോയുടെ സമാപന ചടങ്ങ് വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. വൈകീട്ടോടെ സന്ദര്‍ശകരാല്‍ നഗരി നിറഞ്ഞു. മെട്രോയിലും എക്‌സ്പാ റൈഡര്‍ ബസുകളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ വീക്ഷിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.
മേള നഗരിയെയും ആകാശത്തേയും വര്‍ണശബളമാക്കിയ പരിപാടികള്‍ക്കാണ് ദുബായ് സാക്ഷ്യംവഹിച്ചത്. രാജ്യാന്തര പ്രശസ്തരായ ഗായകരും വാദ്യസംഗീത വിദഗ്ധരും നര്‍ത്തകരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ സമാപന ചടങ്ങ് സമ്പന്നമായി.

ദുബായ് സൗത്തില്‍ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് 438 ഹെക്ടര്‍ എക്‌സ്‌പോ വേദിയില്‍ സസ്‌റ്റൈനബിലിറ്റി, മൊബിലിറ്റി, ഓപ്പര്‍ച്യൂണിറ്റി എന്നിങ്ങനെ മൂന്നു മുഖ്യ മേഖലകളിലായാണ് എക്‌സപോ നടന്നത്. ഓരോ രാജ്യത്തിന്റെയും പൈതൃകം, രുചി വൈവിധ്യങ്ങള്‍, ഉല്ലാസം, ഷോപ്പിങ്, ലോക വിസ്മയങ്ങള്‍ തുടങ്ങിയവ ആഘോഷ അരങ്ങുകളൊരുക്കി. എക്‌സ്‌പോ 2020ലെ ഇന്ത്യന്‍ പവലിയനില്‍ കേരള പവിലിയന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉല്‍പ്പന്നങ്ങള്‍, ടൂറിസം സാധ്യതകള്‍, നിക്ഷേപം, ബിസിനസ് അവസരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു..
രണ്ട് കോടിയിലധികം സന്ദര്‍ശകര്‍ എക്‌സ്‌പോയിലെത്തി എന്നാണ് ഔദ്യോഗിക കണക്ക്.

Back to top button
error: