KeralaNEWS

ചലച്ചിത്രതാരം റെബ മോണിക്കയുടെ വിവാഹം മാതൃകയായി, സല്‍ക്കാരവേദിയില്‍ 22 പേരുടെ സമൂഹ വിവാഹവും

വിനീത് ശ്രീനിവാസൻ്റെ ‘ജേക്കബിന്റെ സ്വർ‌​ഗരാജ്യ’ത്തിലെ ചിപ്പിയിലൂടെ പ്രേക്ഷകമനം കവർന്ന നടി റെബ മോണിക്കയുടെ വിവാഹം സമൂഹത്തിന് ഒരു സന്ദേശമായി. ആ വിവാഹ സല്‍ക്കാരവേദിയില്‍ മറ്റ് 22 പേരുടെകൂടി വിവാഹം നടത്തിയാണ് കുടുംബം മാതൃക സൃഷ്ടിച്ചത്. റെബ മോണിക്ക ജോണിന്റെ ഭര്‍തൃ കുടുംബമാണ് വിവാഹ സല്‍ക്കാര വേദി സമൂഹവിവാഹ വേദിയാക്കി മാറ്റിയത്.

വയനാട് മാനന്തവാടി സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനുമായ ജോയ്മോന്‍ ജോസഫുമായുള്ള റെബയുടെ വിവാഹം ജനുവരി 10ന് ബംഗളൂരുവില്‍ വച്ചാണ് നടന്നത്.
മാര്‍ച്ച് 27ന് മാനന്തവാടി സെന്‍റ് പാട്രിക് സ്കൂളിലാണ് വിവാഹ സല്‍ക്കാരവും ഒപ്പം സമൂഹ വിവാഹമേളയും സംഘടിപ്പിച്ചത്.

Signature-ad

മാനന്തവാടി വടക്കേടത്ത് ജോസഫ്, ജോളി ദമ്പതിമാരുടെ മകനാണ് ജോയ്മോന്‍ ജോസഫ്. മകന്‍റെ വിവാഹച്ചെലവ് ചുരുക്കി ആ പണം ഉപയോഗിച്ച് സമൂഹവിവാഹം സംഘടിപ്പിക്കുക എന്ന തങ്ങളുടെ ആഗ്രഹം മകനെയും മരുമകളെയും അറിയിച്ചു. ഇരുവരുടെയും പിന്തുണയോടെ ജനപ്രതിനിധികളുടെയും മറ്റും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

സ്ത്രീധനത്തിനെതിരായ സന്ദേശം എന്ന നിലയ്ക്കാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് വ്യവസായി കൂടിയായ ജോസഫ് ഫ്രാന്‍സിസ് പറഞ്ഞു. സ്ത്രീധനം വലിയൊരു വിപത്താണ്.
അത് ഈ സമൂഹത്തില്‍ നിന്ന് എടുത്തുമാറ്റാന്‍ ഒരു പ്രചോദനമാവാന്‍ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.

തങ്ങളുടെ വിവാഹ സല്‍ക്കാരം ഇത്തരമൊരു വേദിയില്‍ നടന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെബയും ജോയ്മോനും പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ‘സ്പന്ദനം’ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാന്‍സിസ്. വിവിധ ജാതി, മത വിഭാഗങ്ങളില്‍ പെട്ട 22 പേരുടെ വിവാഹമാണ് ഒരേ വേദിയില്‍ നടന്നത്. വധൂവരന്മാര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രവും ഒപ്പം 2500 പേര്‍ക്ക് വിരുന്നും ഒരുക്കിയിരുന്നു.

അതേസമയം റെബയുടെയും ജോയ്മോന്‍റെയും പ്രണയവിവാഹമാണ്. ഒരു വർഷം മുമ്പാണ് ജോയ്മോൻ തന്നോട് പ്രണയം പറ‍ഞ്ഞതെന്ന് റെബ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു. മലയാളി ആണെങ്കിലും റെബ ബാം​ഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. വിനീത് ശ്രീനിവാസൻ്റെ നിവിൻ പോളി ചിത്രമായ ‘ജേക്കബിന്റെ സ്വർ‌​ഗരാജ്യ’ത്തിലൂടെ റെബയുടെ സിനിമാ അരങ്ങേറ്റം. വിജയ് ചിത്രം ‘ബിഗിലും’ തമിഴിൽ നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ്.ഐ.ആര്‍ ആണ് റെബയുടെ പുതിയ ചിത്രം.

Back to top button
error: