മെറ്റാമാസ്ക് ഇടപാടുകള്‍ ഇനി ആപ്പിള്‍ പേയിലൂടെയും
സാന്‍ ഫ്രാന്‍സിസ്കോ: പ്രമുഖ ക്രിപ്റ്റോ വാലറ്റായ മെറ്റാമാസ്ക് ആപ്പിള്‍ പേയിലൂടെ ഇടപാടുകള്‍ നത്താനുള്ള സൗകര്യം ഒരുക്കുന്നു. ആപ്പില്‍ പേയുമായി ബന്ധിപ്പിച്ച ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലൂടെ ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ആപ്പിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലൂടെ ക്രിപ്റ്റോ എക്സ്ചേഞ്ച് വഴിയുള്ള ട്രാന്സാക്ഷന് ഒഴിവാക്കാം.
ആപ്പിള്‍ പേ ഇതുവരെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ക്രിപ്റ്റോ ട്രാന്സാക്ഷന് അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ക്രിപ്റ്റോ പേയ്മെന്റ് പ്ലാറ്റ്ഫോമായ വയര്‍ ഉപയോഗിച്ചാണ് മെറ്റാമാസ്ക്, ആപ്പിള്‍ പേയില്‍ സേവനം നല്‍കുക. ആപ്പിള്‍ പേ ഉപഭോക്താക്കള്‍ക്ക് ദിവസം 400 ഡോളര്‍ വരെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ വയര്‍ എപിഐ വഴിയോ മെറ്റാമാസ്ക് വാലറ്റില്‍ നിക്ഷേപിക്കാം. ട്രാന്‍സാക് എന്ന പേയ്മെന്റ് പ്ലാറ്റ്ഫോമിലൂടെയും മെറ്റാമാസ്ക് സമാനമായ സേവനം അവതരിപ്പിക്കുന്നുണ്ട്.
പുതിയ സേവനം അവതരിപ്പിച്ചതിലൂടെ ക്രിപ്റ്റോ ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് മെറ്റാമാസ്കിന്റെ ലക്ഷ്യം. 30 മില്യണിലധികം പ്രതിമാസ ഉപഭോക്താക്കളുള്ള ലോകത്തെ പ്രധാനപ്പെട്ട ക്രിപ്റ്റോ വാലറ്റുകളില്‍ ഒന്നാണ് മെറ്റാമാസ്ക്. നിലവില്‍ ക്രോം അടിസ്ഥാനാമായ സര്‍ച്ച് എഞ്ചിനുകളില്‍ മാത്രമാണ് മെറ്റാമാസ്ക് ലഭ്യമാവുന്നത്.