കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമായ എ കെ ആന്റണി വൈകാതെ കെഎസ് യു, യൂത്ത്‌കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമായി.തുടർന്ന് 1969ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായി.
1970ല്‍ ചേര്‍ത്തലയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. അന്നുതന്നെ മുന്നണിയുടെ കണ്‍വീനര്‍ പദവിയും ആന്റണിയെ തേടിയെത്തി.1973ല്‍ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആന്റണി 1977വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
1977ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ രാജിവച്ചപ്പോള്‍ പകരക്കാരനായത് അന്നു 37കാരനായ ആന്റണിയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി.
ഒരുവര്‍ഷത്തിന് ശേഷം അടിയന്തരാവസ്ഥക്കാലത്ത് മുഖ്യമന്ത്രി പദവി രാജിവച്ച് കോണ്‍ഗ്രസ് വിട്ട ആന്റണിയും എ ഗ്രൂപ്പും 1982ല്‍ വീണ്ടും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. 1984ല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ ആന്റണി പിറ്റേ വര്‍ഷം തന്നെ രാജ്യസഭയിലേക്ക് എത്തി.
1991ല്‍ വീണ്ടും രാജ്യസഭയില്‍ എത്തിയ ആന്റണി പിവി നരസിംഹറാവു മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി. 1995ല്‍ അദ്ദേഹം മന്ത്രിയായിരിക്കെ ഉയര്‍ന്ന പഞ്ചസാര അഴിമതിയാരോപണത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ചു.
പിന്നീട് കേരളത്തിലേക്ക് എത്തിയ ആന്റണി ചാരക്കേസില്‍ ആരോപണ വിധേയനായി കെ കരുണാകരന്‍ രാജിവച്ചതോടെ വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി. 1995 മുതല്‍ ഒരു വര്‍ഷം മുഖ്യമന്ത്രിയായ ആന്റണി 1996-2001കാലത്ത് പ്രതിപക്ഷ നേതാവായി തുടര്‍ന്നു.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് പിടിച്ചാണ് ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഭരണത്തില്‍ തിരികെ എത്തിയത്. 2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം മുഖ്യമന്ത്രി പദവിയൊഴിഞ്ഞു. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം രാജ്യസഭയിലേക്ക് പോകുന്ന ആന്റണിയെയാണ് കേരളം കണ്ടത്.
2006ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായ അദ്ദേഹം എട്ടു വര്‍ഷം അവിടെ തുടര്‍ന്നു. ഏറ്റവും കൂടുതല്‍ കാലം പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തിയുടെ റെക്കോര്‍ഡും ആന്റണിയുടെ പേരില്‍ ആയി. തുടര്‍ന്ന് യുപിഎ കാലം കഴിഞ്ഞെങ്കിലും ആന്റണി എംപിയായി ഡല്‍ഹിയില്‍ തുടര്‍ന്നു.
ഒടുവില്‍ അനാരോഗ്യത്തെ തുടര്‍ന്നാണ് ഇത്തവണ ആന്റണി രാജ്യസഭയിലേക്ക് മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എത്തിയത്. അധികാര രാഷ്ട്രീയത്തില്‍ തുടരാത്തപ്പോഴും പാര്‍ട്ടിയില്‍ ആന്റണി എന്നും കരുത്തനായിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു എക്കാലവും ആന്റണി.